| Tuesday, 6th October 2020, 9:20 am

ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്.

ഹാത്രാസിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദീഖ്. യു.പി പൊലീസിന്റെ നടപടിയില്‍ കെ.യു.ഡബ്ല്യു.ജെ അപലപിച്ചു. കേരള- യു.പി മുഖ്യമന്ത്രിമാര്‍ക്കും ഡി.ജിപിമാര്‍ക്കും പരാതി നല്‍കി.

ഹാത്രാസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കടത്തി വിട്ടത്.

അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു. പി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അതേസമയം ഹാത്രാസില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണെന്നാരോപിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.

യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.എസ്.പിയും രംഗത്തെത്തിയിട്ടുണ്ട്. ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ് ആക്രമിച്ചതിനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayali Journalist arrested in Hathras

Latest Stories

We use cookies to give you the best possible experience. Learn more