സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനെ പുറത്താക്കി
India
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 10:49 am

 

ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ എ.എസ്.പിയായി ജോലി ചെയ്യുകയായിരുന്ന സഫീര്‍ കരീമിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ സഫീറിനെയും ഇയാളെ സഹായിച്ച ഭാര്യ ജോയ്‌സ് ജോയിയെയും ഇവരുടെ പിഞ്ചുകുഞ്ഞിനെയും ജയിലലടച്ചിരുന്നു. ഇവരുടെ സുഹൃത്ത് രാംബാബുവും പൊലീസ് പിടിയിലാണ്.


Also Read: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി


ചെന്നൈ പ്രസിഡന്‍സി സ്‌കൂളില്‍ ഐ.എ.എസ് ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് സഫീര്‍ കരീമിനെ ഇന്റലിജന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ടില്‍ ഒളിപ്പിച്ച ബ്ലൂടൂത്ത് വഴി ഭാര്യ ജോയ്സ് സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.

ഹൈദരാബാദിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന ലാ എക്സലന്‍സ് കേന്ദ്രം നടത്തുകയാണ് ജോയ്സ്. ഇതിന്റെ ഡയറക്ടറാണ് കേസില്‍ അറസ്റ്റിലായ സഫീറിന്റെ സുഹൃത്ത് രാംബാബു.


Also Read: ‘നാണംകെട്ട പ്രവൃത്തി ചെയ്തിട്ട് അതിനെ രാജ്യസ്‌നേഹം കൊണ്ട് മറയ്ക്കാന്‍ നോക്കുന്നോ..?’; നികുതി വെട്ടിപ്പിനെ ന്യായീകരിച്ച് അമലയുടെ പോസ്റ്റിന് ആരാധകരുടെ പൊങ്കാi.p.s


അതേസമയം സംഭവത്തില്‍ തമിഴ്‌നാട് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. സഫീറില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണില്‍ സഫീറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരും നിരീക്ഷണത്തിലാണ്.