| Tuesday, 4th June 2019, 11:20 pm

കാണാതായ വ്യോമസേനാ വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും; അന്വേഷണം തുടരുന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അരുണാചല്‍പ്രദേശില്‍നിന്ന് കാണാതായ വ്യോമസേനാ വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയുമുണ്ടെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിക്ക് സമീപത്തുവച്ച് കാണാതായ വ്യോമസേനയുടെ വിമാനത്തിലെ ഫ്‌ലൈറ്റ് എന്‍ജിനീയര്‍ അനൂപ് കുമാറാണ് കാണാതായ മലയാളി. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്തില്‍ അനൂപിനെക്കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങളടക്കം 13 പേരാണുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് അസമിലെ ജോര്‍ഹത്തില്‍ നിന്ന് പുറപ്പെട്ട യാത്രാ വിമാനവുമാണ് കാണാതായത്. അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോയ അന്റോണോവ് എ.എന്‍-32 വിമാനമാണ് കാണാതായത്.

11 വര്‍ഷം മുമ്പാണ് അനൂപ് വ്യോമസേനയില്‍ ചേര്‍ന്നത്. ആറുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു.

അസമിലെ ജോര്‍ഹത്തില്‍ നിന്ന് ഉച്ചയ്ക്ക് 12:25 ഓടെ പുറപ്പെട്ട വിമാനം കാണാതാവുന്നത് അരുണാചല്‍ പ്രദേശില്‍ വെച്ചാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതല കേന്ദ്രവും വിമാനവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനം എയര്‍ഫീല്‍ഡില്‍ എത്താത്തതിനാല്‍ വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലഭ്യമായ എല്ലാ സംവിധാനങ്ങളും വിമാനം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

സുഖോയ്-30 എം.കെ.ഐ, സി-130 സ്പെഷ്യല്‍ എയര്‍ക്രാഫ്റ്റ് എന്നിവ വിമാനം കണ്ടെത്താനായുള്ള ശ്രമത്തിലാണെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

അന്റോണോവ് എ.എന്‍-32 1984 മുതല്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചു വരുന്ന വിമാനമാണ്. മികച്ച കാര്യക്ഷമതയുള്ള എ.എന്‍-32 ദീര്‍ഘകാല ഉപേയാഗത്തിന് പ്രത്യേകം രൂപകല്‍പന ചെയ്തതാണ്.

We use cookies to give you the best possible experience. Learn more