മലയാളി ഗവേഷകന്‍ ഡോ. മഹ്മൂദ് കൂരിയയെ കുറിച്ചുള്ള ലേഖനം നാഷ്ണല്‍ ജിയോഗ്രാഫിക് ഗ്രാഫിക് മാഗസിനില്‍. ദ സൈലന്റ് പവര്‍ ഓഫ് മാട്രിയാര്‍ക്കി (മരുമക്കത്തായ സമ്പ്രദായത്തിന്റെ നിശബ്ദ ശക്തി) എന്ന തലക്കെട്ടിലാണ് മഹ്മൂദ് കൂരിയയെ കുറിച്ചുള്ള ലേഖനം. നാഷണല്‍ ജിയോഗ്രാഫിക് മാഗസിന്റെ ഡച്ച് എഡിഷനിലാണ് ലേഖനം വന്നിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ വിവിധ സമൂഹങ്ങളിലെ മരുമക്കത്തായ സമ്പ്രാദയത്തെ കുറിച്ച് മഹ്മൂദ് കൂരിയ നടത്തിയ പഠനത്തെയും അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ചും കൂടി പ്രതിപാദിക്കുന്നതാണ് ലേഖനം. രസകരമായ കുറിപ്പോട് കൂടിയാണ് ലേഖനത്തെ കുറിച്ചുള്ള വിവരം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘മലബാറില്‍ നിന്നുള്ള ഒരു പ്രത്യേക ജീവിയെ കുറിച്ച് നാഷണല്‍ ജിയോഗ്രഫിക് മാഗസിനിലെ ഡച്ച് എഡിഷനില്‍ ഒരു ലേഖനം വന്നിട്ടുണ്ട്. മരുമക്കത്തായത്തിന്റെ നിശബ്ദ ശക്തി എന്ന ആ തലക്കെട്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
നല്ലൊരു ചിത്രം കിട്ടാനായി എന്റെ 300 ചിത്രങ്ങളെങ്കിലും ആ ഫോട്ടോഗ്രാഫര്‍ എടുത്തിട്ടുണ്ട്. ഞാന്‍ ഇതുവരെ ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിന് നില്‍ക്കുകയോ രണ്ട് മണിക്കൂര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ ചെയ്തിട്ടില്ല.
ഈ സംഭാഷണത്തിനും എഴുത്തിനും മാധ്യമപ്രവര്‍ത്തക മിയര്‍തേ പ്രിന്‍സിന് നന്ദിയറിയിക്കുന്നു. ഫോട്ടോഗ്രാഫര്‍ റൂബന്‍ ഷിപ്പറിനും ഒരുപാട് നന്ദി,’ മഹ്മൂദ് കുരിയയുടെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.
പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കുരിയ ഇന്ത്യയില്‍ നിന്നുള്ള പ്രധാന യുവ ചരിത്രകാരന്മാരിലൊരാളാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും പൂര്‍ത്തിയാക്കിയ മഹ്മൂദ് കൂരിയ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിസ്റ്ററിയില്‍ നിന്നും പി.എച്ച്.ഡി സ്വന്തമാക്കി.
പിന്നീട് ലെയ്ഡനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിലും ആഫ്രിക്കന്‍ സ്റ്റഡീസിലും റിസര്‍ച്ച് ഫെലോ ആയി ജോലി ചെയ്തിരുന്നു. യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടര്‍സ്റ്റാന്റിങ് ശരീഅ എന്ന, നാല് യൂറോപ്യന്‍ സര്‍വകലാശാലകള്‍ സഹകരിക്കുന്ന ഹെറ പദ്ധതിക്ക് കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്നു. നിലവില്‍ ഹരിയാന സോനിപതിലെ അശോക യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്.
നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പുറമേ രണ്ട് പുസ്തകങ്ങളും മഹ്മൂദ് കൂരിയ എഴുതിയിട്ടുണ്ട്. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, സാന്‍ റാവന്‍സ്ബര്‍ഗനുമായി ചേര്‍ന്നെഴുതിയ The Indian Ocean of Law: Hybridity and Space എന്നിവയാണ് പുസ്തകങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക