സംഗീതലോകത്തെ പ്രധാന റിയാലിറ്റി ഷോയായ ദ വോയ്‌സിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി മലയാളി പെണ്‍കുട്ടി. പന്ത്രണ്ടുകാരിയായ ജാനകി ഈശ്വറാണ് തന്റെ സ്വരമാധുര്യം കൊണ്ട് ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്തത്. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളിയായ അനൂപ് ദിവാകരന്റെ മകളാണ് ജാനകി.
ഷോയിലെ ബ്ലൈന്‍ഡ് ഓഡിഷനില്‍ ബില്ലി എല്ലിഷിന്റെ ലവ്‌ലി എന്ന ഗാനമായിരുന്നു ജാനകി പാടിയത്. കീത്ത് അര്‍ബന്‍, ജെസ് മൗബോയ്, ഗയ് സെബാസ്റ്റിയന്‍, റിത ഓറ എന്നീ പ്രശസ്ത സംഗീതജ്ഞരായിരുന്നു ഷോയില്‍ വിധികര്‍ത്താക്കളായിരുന്നത്.
വെറും 12 വയസുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി ബില്ലി എല്ലിഷിന്റെ ലവ്‌ലി ആലപിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നാല് പേരും ഒരുപോലെ അഭിപ്രായപ്പെട്ടു.
ജാനകി പാടുന്ന വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയും ജാനകിയാണ്.
‘ഇവിടെയുള്ള മത്സരാര്‍ത്ഥികള്‍ എന്നേ്ക്കാള്‍ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ളവരാണ്. നാലിരിട്ടി വരെ പ്രായമുള്ളവരുണ്ട്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഞാനെന്നത് ചെറുതായി എന്നെ പേടിപ്പിക്കുന്നുണ്ട്,’ എന്നായിരുന്നു ഓഡിഷന് മുന്‍പ് ജാനകി പറഞ്ഞത്.
എന്നാല്‍ സ്റ്റേജില്‍ അതിഗംഭീരമായ പ്രകടനം നടത്തിക്കൊണ്ട് പ്രായം ഈ മത്സരത്തില്‍ തന്നെ പുറകിലാക്കില്ലെന്ന് ജാനകി തെളിയിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malayali girl Janaki Easwar’s viral performance in The Voice Australia reality show