'കൈവിടരുത്... നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്'; ദുബായ് പൊലീസിലെ മലയാളം പറഞ്ഞ ഉദ്യോഗസ്ഥാന്‍ ഇതാണ്
Kerala Flood
'കൈവിടരുത്... നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്'; ദുബായ് പൊലീസിലെ മലയാളം പറഞ്ഞ ഉദ്യോഗസ്ഥാന്‍ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 7:12 pm

ദുബായ്: സമാനകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ കേരളത്തെ സഹായിക്കാന്‍ നാനാതുറയിലുള്ളവരും ഒരുമിച്ച് രംഗത്തുണ്ട്. അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും കേരളത്തിന് ഇതിനോടകം നിരവധി സഹായങ്ങളാണ് ലഭിച്ചത്.

ദുബായ് പൊലീസും പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പിന്തുണ അറിയിച്ച് രംഗത്തുണ്ടായിരുന്നു. പ്രളയം ദുരിതത്തിലാഴ്ത്തിയ കേരള ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ദുബായ് പൊലിസ് പുറത്തിറക്കിയ വീഡിയോ മിക്ക മലയാളികളും കണ്ടിരിക്കും. ആ വീഡിയോയില്‍ മലയാളം പറയുന്ന ദുബായ് പൊലീസുകാരന്റെ സാന്നിധ്യം പ്രവാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

എന്നാല്‍ അതില്‍ പ്രത്യക്ഷപ്പെട്ട യൂണിഫോം അണിഞ്ഞ പൊലീസുകാരന്‍ കോഴിക്കോട് കല്ലാച്ചി സ്വദേശി അബ്ദുല്‍ അസീസാണെന്ന് പലര്‍ക്കുമറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേനാ വിഭാഗങ്ങളില്‍ ഒന്നായ ദുബായ് പൊലീസില്‍ നീണ്ട മൂന്ന് പതിറ്റാണ്ടുകാലം ജോലി ചെയ്തു വരുന്ന അബ്ദുല്‍ അസീസിന്റെ സാന്നിധ്യം മലയാളികള്‍ക്ക് ഇന്ന് അഭിമാനമാകുകയാണ്.

ALSO READ: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 1.20 കോടി രൂപ പിഴ; ഒരു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

നിലവില്‍ ദുബായ് പൊലീസിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് മലയാളി ജീവനക്കാര്‍ക്കിടയില്‍ ഒരാളായ ഈ കല്ലാച്ചിക്കാരന് പറയാനുള്ളത് യു.എ.ഇ എന്ന ഈ നാടിന്റെ നന്മ നിറഞ്ഞ ഭരണാധികാരികളും ഇവിടെത്തെ സ്വദേശികളും മലയാളികളെ കുടെപിറപ്പുകളെ പോലെ സ്‌നേഹിച്ച കഥയാണ്. ആ സ്‌നേഹ ബന്ധത്തിന്റെ ബാക്കിപത്രമായാണ് ദുബായ് പൊലീസ് വിഭാഗത്തില്‍ സേവനം ചെയ്യാന്‍ ഈ മലയാളിക്ക് സാധിച്ചതും.

കേരളത്തിലെ പ്രളയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാവശ്യമായി നാട്ടില്‍ പോയ അസീസ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഹാരവും മറ്റും എത്തിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.അതുകഴിഞ്ഞു ഈദിന്റെ തലേന്നാണ് ഇദ്ദേഹം ദുബായില്‍ തിരിച്ചെത്തിയത്. അതിനിടയിലാണ് യു.എ.ഇ വൈസ്പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തും കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തത്.

ഇതിനെ ചുവടുപിടിച്ചു ദുബായ് പൊലീസും തങ്ങളുടെ പിന്തുണ അറിയിക്കാന്‍ വീഡിയോ ചെയ്യുകയായിരുന്നു. അതിന് വേണ്ടി നാട്ടില്‍ നിന്ന് എത്തിയ അസീസിനെ മലയാളത്തില്‍ സംസാരിക്കാന്‍ വകുപ്പ് ക്ഷണിച്ചു. കൈവിടരുത്- ഞങ്ങള്‍ അതായത്- “ദുബൈ പൊലീസ് നിങ്ങളോടൊപ്പമുണ്ട്” എന്ന സന്ദേശത്തിലുള്ള ഈ വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് .അവരുടെ ആത്മവീര്യം, മുഴുവന്‍ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന അടിക്കുറിപ്പോടെയാണ് ദുബായ് പൊലീസ് കേരളത്തിന് പിന്തുണ അറിയിച്ച് വീഡിയോ പുറത്തിറക്കിയത്. ദുബായ് പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമിലെ വലിയ സ്‌ക്രീനില്‍ കേരളത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സസൂക്ഷ്മം വീക്ഷിക്കുന്നതും, പ്രളയത്തില്‍ അകപ്പെട്ടവരെ ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷിക്കുന്നതും മറ്റുമാണ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഉള്ളത്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി കൈവിടരുത് ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട് എന്ന് പറയുന്ന മലയാള ഭാഗമാണ് അബ്ദുല്‍ അസീസ് ഇതില്‍ പറഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെടുന്നത്.

ALSO READ: അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?

1981-ല്‍ അബ്ദുല്‍ അസീസ് തന്റെ ഉപ്പയുടെ സ്‌പോണ്‍സര്‍ഷിപ്പ് വിസയിലാണ് ദുബായിലേക്ക് എത്തുന്നത്. 15 ാം വയസ്സില്‍ ഓഫീസ് അസിസ്റ്റന്റായി 1983-ല്‍ ദുബായ് എമിഗ്രേഷനിലാണ് ആദ്യമായി ജോലിയില്‍ കയറുന്നത്. അന്നത്തെ ലോക്കല്‍ പാസ്‌പോര്‍ട്ട് സെക്ഷന്റെ മേധാവിയായ ആദീഖ് അഹ്മദ് അല്‍ മറിയുടെ ഓഫീസിലായിരുന്നു ജോലി.

ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തനായ ജീവനക്കാരനായി അബ്ദുല്‍ അസീസ് മാറി. അദ്ദേഹത്തിന്റെ വ്യക്തിഗതമായ പല ജോലികളും ചെയ്തിരുന്നത് അസീസായിരുന്നു. അദ്ദേഹുമായുള്ള ആത്മബന്ധങ്ങളുടെ ഫലമായാണ് അസീസ് ദുബായ് പൊലീസില്‍ ജോലിയ്ക്ക് കയറുന്നത്. ലോകത്തിലെ മികച്ച പൊലീസ് പരിശീലന രീതികളില്‍ ഒന്നായ ദുബായ് പൊലീസിന്റെ ട്രെയിനിങ് 6 മാസം കൊണ്ട് അസീസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമര്‍ജന്‍സി , ട്രാഫിക് ,രഹസ്യ അന്വേഷണ വിഭാഗങ്ങളില്‍ ജോലി ചെയ്ത അസീസ്, അസിസ്റ്റന്റ് കമ്മീഷണര്‍ കമ്യൂണിറ്റി ഹാപ്പിനസ് ആന്‍ഡ് സപ്ലൈസ് വിഭാഗത്തിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

തന്റെ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സയീദ് അല്‍ മറിയുടെ വലിയ പിന്തുണ ജോലിയില്‍ വലിയ ആത്മാവിശ്വാസമാണ് നല്‍കുന്നതെന്ന് അബ്ദുള്‍ അസീസ് പറയുന്നു. അസീസ് നല്ലൊരു കോല്‍ക്കളി കലാകാരനും കൂടിയാണ്.

റംലയാണ് ഭാര്യ, അബ്ദുല്‍ റാഷിദ്, ഹനസ്, സഊദ്, ഫഹദ്, ഫഹീമ എന്നിവര്‍ മക്കളാണ്.

WATCH THIS VIDEO: