| Wednesday, 1st April 2020, 7:49 am

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; അടുത്ത രണ്ടാഴ്ച ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കുമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ചവരുടെ എണ്ണം നിയന്ത്രണാതീതമായി തുടരുന്നതിനിടയില്‍ അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്നു ഡേവിഡ്.

അതേസമയം അമേരിക്കയില്‍ സ്ഥിതി മോശമായി തുടരുകയാണ്. രാജ്യം മരണസംഖ്യയില്‍ ചൈനയെ മറികടന്നു. 3,860 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. അമേരിക്കയില്‍ 1,87,347 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും മരിക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്ത് 2,40,000 മരണം വരെ നടക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്‌ന ബാധിത മേഖലയായി തുടരുന്നത്. 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 പ്രതിസന്ധിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് അമേരിക്ക. അതേസമയം ഫ്രാന്‍സിലും മരണസംഖ്യ ചൈനയെ മറികടന്നിട്ടുണ്ട്. ഫ്രാന്‍സില്‍ 35,00 ലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്താകെ 8,56,698 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി. ഇറ്റലിയില്‍ 12,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

We use cookies to give you the best possible experience. Learn more