| Sunday, 28th March 2021, 7:52 am

രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും ചികിത്സ തേടിയില്ല; കൊവിഡ് ബാധിതരായ മലയാളി ദമ്പതികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും ചികിത്സ തേടാതിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. ചെന്നൈ നെസാപ്പക്കത്ത് താമസിക്കുന്ന പാലക്കാട് സ്വദേശികളായ കെ. രവീന്ദ്രനും(60) ഭാര്യ വന്ദന(52)യുമാണ് മരിച്ചത്.

ഒരാഴ്ചയിലേറെയായി ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ബന്ധുക്കളോട് ശാരീരികാസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചികിത്സ തേടേണ്ടതിന് മാത്രമുള്ള പ്രശ്‌നങ്ങളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

കുറച്ചു ദിവസങ്ങളായി ഇരുവരെയും പുറത്തേക്ക് കാണാതായതോടെ അയല്‍ക്കാരെത്തി നോക്കുകയായിരുന്നു. ഇരുവരെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് രവീന്ദ്രന്‍ മരിച്ചു. വന്ദനയ്ക്ക് ചികിത്സ ആരംഭിച്ചെങ്കിലും, വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് ശവസംസ്‌കാരം നടത്തുക.

ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ പി.ആര്‍.ഒ ആയിരുന്നു കെ. രവീന്ദ്രന്‍. സ്വകാര്യ സ്‌കൂള്‍ അഡീഷണല്‍ വൈസ് പ്രിന്‍സിപ്പിളായിരുന്നു വന്ദന. ഇവര്‍ക്ക് മക്കളില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Malayali couple did not take covid treatment passes away

We use cookies to give you the best possible experience. Learn more