ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍. പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാസിയാബാദിലെ ഇന്ദിരാ പൂരിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രവീണ്‍ നാഗറിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. 1996 മുതല്‍ ഗാസിയാബാദില്‍ താമസക്കാരാണ് പാസ്റ്ററും ഭാര്യ ജിജിയും.
ഞായറാഴ്ച്ച ഇന്ദിരാപുരത്തെ സ്വകാര്യ ഹാളില്‍ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ച സന്തോഷ് ജോണിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. സന്തോഷ് ജോണ്‍ ദരിദ്രരായ ഹിന്ദു മത വിശ്വാസികളെ പണം നല്‍കി മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം.
ഇതിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് സന്തോഷ് ജോണും, ക്രിസ്ത്യന്‍ സഭയും രംഗത്തെത്തി. മനപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും വര്‍ഷങ്ങളായി യു.പിയിലെ ഗ്രാമങ്ങളില്‍ ആതുര സേവന പ്രവര്‍ത്തികളുമായി കഴിയുകയായിരുന്നു ഫാദറെന്നും സഭ പറഞ്ഞു. പുരോഹിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Why can’t the Govt tell these lumpens that when this kind of thing keeps happening, it brings disgrace to our country?: Christian pastor, wife, arrested in Ghaziabad after mob makes conversion allegations https://t.co/wyaAamTZU1
2020ല്‍ യോഗി സര്‍ക്കാര്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാദറിന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം നടപടികള്‍ ജനാധിപത്യ രാജ്യത്തിന് നാണക്കേടാണെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.