| Tuesday, 3rd October 2023, 11:52 am

ഒരു ചേട്ടന്റെ പുറത്തു ചവിട്ടികൊണ്ട് മമ്മൂക്കയ്ക്ക് നേരെ ചാടുകയായിരുന്നു; ആ ചാട്ടം റോപ്പോ ക്രെയിനോ ഉപയോഗിക്കാതെ; കണ്ണൂര്‍ സ്‌ക്വാഡിലെ യു.പിക്കാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമ കണ്ടവരാരും മറക്കാത്ത ഒരു മുഖമുണ്ട്, ചിത്രത്തിലെ ഒരു ഫൈറ്റിനിടയില്‍ മമ്മൂക്കയെ ചാടിയടിക്കുന്ന ഒരു യു.പിക്കാരിയെ.

നിമിഷങ്ങള്‍ മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും പ്രേക്ഷക ശ്രദ്ധ വേണ്ടുവോളം നേടിയെടുത്ത കഥാപാത്രമായിരുന്നു അത്. സിനിമയല്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന നാല്‍വര്‍ സംഘം കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അവരെ ആക്രമിക്കുന്ന രംഗമുണ്ട്.

സിനിമയില്‍ യു.പിക്കാരിയായി തകര്‍ത്താടുമ്പോള്‍ അതൊരു മലയാളി പെണ്‍കുട്ടി ആയിരിക്കുമെന്ന് ചിത്രം കണ്ടവരാരും കരുതിക്കാണില്ല. മലയാളിയായ കാതറിന്‍ ആണ് തന്റെ പ്രകടനത്തിലൂടെ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമായാണ് കണ്ണൂര്‍ സ്‌ക്വാഡിലെ ആ വേഷത്തെ കാണുന്നതെന്നാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറയുന്നത്. സെറ്റില്‍ എത്തിയ ശേഷം മാത്രമാണ് മമ്മൂട്ടിയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്ന് താന്‍ അറിഞ്ഞതെന്നും കാതറിന്‍ പറയുന്നു.

‘ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമായാണ് ആ വേഷത്തെ കാണുന്നത്. ഒഡിഷന്‍ വഴിയാണ് ഞാന്‍ ഈ സിനിമയിലേക്ക് വരുന്നത്. സിനിമയില്‍ യു.പി ടീമിലെ ഒരാളായി അഭിനയിക്കാനാണ് എത്തിയതെങ്കിലും അവിടെ എത്തിയപ്പോള്‍ ആണ് മമ്മൂക്കയ്‌ക്കെതിരെ ചാടി വരുന്ന ഒരു വേഷമാണ് എന്നറിയുന്നത്. ജൂഡോ സ്റ്റേറ്റ് ലെവല്‍ മെഡലിസ്റ്റും നാഷണല്‍ കബഡി പ്ലെയറും ആയതുകൊണ്ടാണ് എന്നെ ഒഡിഷനില്‍ തിരഞ്ഞടുത്തത്’. കാതറിന്‍ പറയുന്നു.

‘ഫൈറ്റിനിടയിലെ ആ ചാട്ടം റോപ്പോ ക്രെയിനോ ഉപയോഗിക്കാതെയാണ് എടുത്തിരിക്കുന്നത്. ഞാന്‍ ഒരു ചേട്ടന്റെ പുറത്തു ചവിട്ടികൊണ്ട് മമ്മൂക്കയ്ക്ക് നേരെ ചാടുകയായിരുന്നു. തിരിച്ചു വീഴുമ്പോള്‍ ഫ്ളിപ് ചെയ്യാന്‍ മാത്രമാണ് റോപ്പിന്റെ സഹായം ഉപയോഗിച്ചത്. സീനിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയുടെ അഭിനന്ദനങ്ങള്‍ കിട്ടി.

ഞാന്‍ മമ്മൂക്കയുടെ വളരെ വലിയൊരു ഫാന്‍ ആണ്. മമ്മൂക്കയുടെ എതിരെയാണ് ഞാന്‍ ഫൈറ്റ് ചെയ്യണ്ടത് എന്ന് അറിഞ്ഞപ്പോള്‍ ആ സീനില്‍ മൊത്തം എന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയത് മമ്മൂക്ക തന്നെ ആയിരുന്നു’ കാതറിന്‍ പറയുന്നു.

ഈ വര്‍ഷം ഇറങ്ങിയ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ‘ എന്ന ചിത്രത്തിലൂടെയായിരുന്നു കാതറിന്‍ മിനിസ്‌ക്രീനിലേക്ക് കടന്നു വന്നത്. ഒരു തുടക്കക്കാരി എന്ന നിലയില്‍ കണ്ണൂര്‍ സ്‌ക്വാഡില്‍ കിട്ടിയ ചെറിയ വേഷമാണെങ്കിലും അത് വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് താരം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘സൂപ്പര്‍ സിന്ദഗി ‘യാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന കാതറിന്റെ ചിത്രം.

Content Highlight: Malayali Actress Catherine about Kannur Squad UP lady Character

Latest Stories

We use cookies to give you the best possible experience. Learn more