| Monday, 4th May 2020, 10:51 am

മലയാളികള്‍ എത്തിത്തുടങ്ങി; അതിര്‍ത്തിയിലെത്തുന്നവര്‍ക്ക് പ്രത്യേക വാഹനം ഒരുക്കില്ലെന്ന് റവന്യൂമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ആറ് ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് എത്തുന്നത്.

കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസര്‍ഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ആളുകള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും വാഹന സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് വാഹനം വിളിച്ചോ എത്തണമെന്നും മന്ത്രി പറഞ്ഞു. .

എന്നാല്‍ സംസ്ഥാനത്ത് പുറത്തുള്ള സൈനികര്‍ക്കും കുടുംബത്തിനും നാട്ടിലേക്ക് എത്താന്‍ പ്രത്യേക പരിഗണന നല്‍കും. സര്‍ക്കാരിനെ നേരിട്ട് ബന്ധപ്പെട്ടാല്‍ അതിനുള്ള നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് ഇ പാസ് കിട്ടിയാല്‍ കേരളത്തിലേക്ക് എത്തുന്നതിന് മറ്റു തടസങ്ങളുണ്ടാവില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1,50,054 മലയാളികളാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് നല്‍കുന്നത്.

കളിയിക്കാവിള ചെക്ക് പോസ്റ്റു വഴി ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവരെ വീടുകളിലേക്ക് വിടുക. വാളയാര്‍ വഴിയും കുമളി ചെക്ക് പോസ്റ്റ് വഴിയും ആളുകള്‍ വരുന്നുണ്ട്. കമ്പം തേനി മേഖലകള്‍ ഹോട്ട് സ്‌പോട്ട് ആയതിനാല്‍ ആ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ തേനി കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങയില്‍ രാവിലെ വലിയ തിരക്ക് ആരംഭിച്ചിട്ടില്ല. അവര്‍ക്കുള്ള പാസ് നല്‍കിത്തുടങ്ങുന്നേയുള്ളൂ. എട്ട് മണിക്ക് മൈസൂരില്‍ നിന്നും പുറപ്പെട്ട സംഘം അല്പസമയത്തിനകം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more