അതെ, മലയാളികള്‍ ഇത്രയേറെ വംശീയവാദികളും സ്ത്രീവിരുദ്ധരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്: സംശയമുള്ളവര്‍ ഡോ. ആതിരയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കൂ
Daily News
അതെ, മലയാളികള്‍ ഇത്രയേറെ വംശീയവാദികളും സ്ത്രീവിരുദ്ധരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്: സംശയമുള്ളവര്‍ ഡോ. ആതിരയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2017, 11:44 am

ആതിരയുടെ ഈ തുറന്നുപറച്ചിലിനെ ചിലര്‍ “ചീപ്പ് പബ്ലിസിറ്റി” എന്നു മുദ്രകുത്തി അധിക്ഷേപിക്കുന്നു. പിന്നെ ചിലര്‍ പതിവുപോലെ പെണ്ണിന്റെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുന്നു.


കോഴിക്കോട്: ജോലി സ്ഥലത്തു ചില പുരുഷന്മാരില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച വനിതാ ഡോക്ടര്‍ക്കുനേരെ മലയാളികളുടെ വംശീയാധിക്ഷേപം. താന്‍ നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആതിര ദര്‍ശന്റെ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ ഭൂരിപക്ഷവും മലയാളികളുടെ ലൈംഗിക ദാരിദ്ര്യവും വംശീയതയും സ്ത്രീവിരുദ്ധതയും തുറന്നുകാട്ടുന്നതാണ്.

ആതിരയെ നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും മറ്റും അവഹേളിക്കുന്ന കമന്റുകളാണ് ഏറെയും. മറ്റു ചിലര്‍ “ഇത്രയേറെ ഡോക്ടര്‍മാരുണ്ടായിട്ടും നിങ്ങള്‍ക്ക് മാത്രം എന്താണിങ്ങനെ” എന്നു ചോദിച്ചുകൊണ്ട് പതിവുരീതിയില്‍ ആതിരയ്ക്കുമേല്‍ സ്വഭാവദൂഷ്യം ആരോപിക്കുന്നു.

athira

ആശുപത്രിയില്‍ വനിതാ ഡോക്ടറും നഴ്‌സുമാരും മാത്രം ജോലിയിലുള്ള വേളയില്‍ ലിംഗത്തില്‍ കുരു ഉണ്ടെന്ന് പറഞ്ഞ് ചികിത്സതേടിയെത്തുന്നയാളുടെ കാര്യവും കുനിഞ്ഞുനിന്ന് ജോലി ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കുന്നവരുടെ കാര്യവുമൊക്കെ പറഞ്ഞാണ് ആതിര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഒരു സ്ത്രീയ്ക്ക് സ്വന്തം ജോലിസ്ഥലത്ത് നേരിടേണ്ടി വന്ന അധിക്ഷേപത്തിനെതിരെ പ്രതികരിക്കുന്നതിനു പകരം ഒട്ടുമിക്ക മലയാളികളും ആതിരയുടെ ഭാഗത്തുള്ള വീഴ്ചകള്‍ കണ്ടെത്തുന്നതിന്റെയും അവരുടെ നിറത്തിന്റെ പേരില്‍ അവരെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെയും തിരക്കിലായിരുന്നു.

athira1

 

ആതിരയുടെ ഈ തുറന്നുപറച്ചിലിനെ ചിലര്‍ “ചീപ്പ് പബ്ലിസിറ്റി” എന്നു മുദ്രകുത്തി അധിക്ഷേപിക്കുന്നു. പിന്നെ ചിലര്‍ പതിവുപോലെ പെണ്ണിന്റെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുന്നു. “ഡോക്ടേഴ്‌സ് നല്ലവരൊന്നുമല്ല. പെണ്ണിന്റെ ദേഷ്യം തോന്നിയാല്‍ മതി. പിന്നെ പീഡനം. ആണിന്റെ ജന്മം കട്ടപ്പൊക” എന്നാണ് ഒരാള്‍ കമന്റു ചെയ്തത്.

തന്നെ അധിക്ഷേപിക്കുന്ന കമന്റുകളില്‍ ചിലത് ആതിര തന്നെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നല്‍കി പങ്കുവെച്ചിട്ടുണ്ട്. “ഈ കരുമാടിയെ കാണിച്ചവനെ തല്ലണം. ഈ ഇരുട്ടത്ത് ഇരുന്നാല്‍ കാണാത്ത മൊതലിനെ കുരുകാണിച്ചു സമ്മതിച്ചു” എന്നാണ് ആതിര ഷെയര്‍ ചെയ്ത ഒരു കമന്റ്.

rafi

“ഇത്രയധികം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആണ് മലയാളികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. കഷ്ടം സഹോദരന്മാരെ.. സപ്പോര്‍ട്ട് ജിഷ, സപ്പോര്‍ട്ട് നിര്‍ഭയ എന്നൊക്കെ ഫെയ്‌സ്ബുക്ക് മുഖചിത്രം മാറ്റാന്‍ കാണിക്കുന്നതിന്റെ 5% ആര്‍ജവം സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ ഉണ്ടായാല്‍ ഇനിയുംഒരു ജിഷയോ നിര്‍ഭയയോ ഉണ്ടാകാതെ ഇരിക്കും.” എന്നു പറഞ്ഞുകൊണ്ടാണ് ആതിര ഈ കമന്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ സുരക്ഷിതരല്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആതിര തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചത്.

മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു സംഭവവും ആതിര ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചതിന് അയാളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ രണ്ട് വനിതാ ഡോക്ടര്‍മാരെ മുറിയിലിട്ട് അകത്തു നിന്നും പൂട്ടി. അയാള്‍ അവരെ ഭീഷണിപ്പെടുത്തി. സ്വാഭാവികമായും രോഗികള്‍ മരിച്ചാല്‍ അവരുടെ കൂടെ ഉണ്ടാകുന്നവര്‍ എത്രത്തോളം വൈകാരികമായാകും പെരുമാറുക എന്നു മനസിലാക്കാം. പക്ഷേ വനിതാ ഡോക്ടര്‍മാരോടുള്ള ഇത്തരത്തിലുള്ള പെരുമാനം എത്രത്തോളം ഭയാനകമായിരിക്കുമെന്നും അവര്‍ ചോദിച്ചിരുന്നു.