കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ മാത്രമല്ല ഒരാവശ്യം വന്നാല്‍ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ആവശ്യം നേടിയെടുക്കാന്‍ തങ്ങള്‍ക്കാകുമെന്ന് മലയാളികള്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെ ഐ.പി.എല്ലിലെ എമേര്‍ജിംഗ് പ്ലെയറാക്കി മാറ്റിയത് മാത്രം മതി മലയാളികളുടെ കൂട്ടായ്മയുടെ കരുത്തറിയാന്‍.
തൊട്ടു പിന്നിലുണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം നിതീഷ് റാണയേക്കാള്‍ ബഹുദൂരം പിന്നിലാക്കിയാണ് ബേസില്‍ വോട്ടിംഗില്‍ മുന്നിലെത്തിയത്. അതിനു പിന്നില്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചരണങ്ങളും പിന്നാലെയുണ്ടായ മാസ് വോട്ടിംഗുമാണ്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഒത്തു കൂടിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം സി.കെ വിനീതെന്ന കണ്ണൂര്‍ കൊമ്പനു വേണ്ടിയാണത്.
ബേസിലിനെ എമേര്‍ജിംഗ് പ്ലെയര്‍ ആക്കിയതു പോലെ വിനീതിനെ ഫാന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആക്കാനാണ് മലയാളികളുടെ ശ്രമം. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം കണക്കിലെടുത്ത് തയ്യാറാക്കിയ താരങ്ങളുടെ പട്ടിക അസോസിയേഷന്‍ വോട്ടിംഗിനായി തങ്ങളുടെ ഔദ്യോഗിക വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവം വിനീതു തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തൊട്ടു പിന്നാലെ വിനീതിന്റെ വിളി സ്വീകരിച്ചെത്തിയ ആരാധകര്‍ സൈറ്റിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പിന്നാലെ വിനീതിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫെയ്‌സ്ബുക്കിലും മറ്റുമായി നിരവധി പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സിനും ബംഗളൂരു എഫ്.സിയ്ക്കും വേണ്ടി കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് വിനീതിനെ പട്ടികയിലെത്തിച്ചത്. ഐ.എസ്.എല്ലിലും ഐ ലീഗിലും വിനീത് തന്നെയായിരുന്നു ടോപ്പ് സ്‌കോറര്‍. ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെയെത്തിയത് വിനീതിന്റെ കരുത്തിലായിരുന്നു. നീലപ്പട ഫെഡറേഷന്‍ കപ്പ് നേടിയതാകട്ടെ വിനീതിന്റെ ഇരട്ട ഗോളിന്റെ ബലത്തിലും.
ഐ ലീഗ് ചാമ്പ്യന്‍ പട്ടം നേടി ചരിത്രം കുറിച്ച ഐസ്വാള്‍ എഫ്.സിയുടെ ആല്‍ബിനോ ഗോമസ്, റാള്‍ട്ടെ, ജയേഷ് റാണ, ഈസ്റ്റ് ബംഗാളിന്റെ റോബിന്‍ സിംഗ്, മോഹന്‍ ബഗാന്റെ പ്രീതം കോട്ടല്‍, മജുംദാര്‍, ബല്വന്ത് സിംഗ്, ഷില്ലോങിന്റെ ഐസക്ക് ചര്‍ച്ചിലിന്റെ ആദില്‍ ഖാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.
വിനീതിനു വേണ്ടി നിങ്ങള്‍ക്കും വോട്ട് ചെയ്യാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
http://thefpai.net/vote/
കടപ്പാട്: ട്രോള്‍ ഫുട്‌ബോള്‍ മലയാളം, സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബ്