ഇത് കേരളത്തിന്റെ കപട സദാചാരബോധം, മാപ്പ്; ഷക്കീലയോട് മലയാളികള്‍
Entertainment
ഇത് കേരളത്തിന്റെ കപട സദാചാരബോധം, മാപ്പ്; ഷക്കീലയോട് മലയാളികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 8:52 am

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഷക്കീല അതിഥിയായി എത്തുന്ന പ്രൊമോഷന്‍ പരിപാടി നടക്കാതായ സംഭവം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.

ഷക്കീല എത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെ പരിപാടിക്ക് അനുമതി നിഷേധിച്ചെന്നായിരുന്നു ഒമര്‍ ലുലു ആരോപിച്ചത്. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് മാള്‍ അധികൃതരുടെ വാദം.

എന്നാല്‍ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി ഇത്തരത്തിലുള്ള അവഗണന താന്‍ നേരിടുന്നുണ്ടെന്നുമായിരുന്നു ഷക്കീല പറഞ്ഞത്.

‘എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലകാലങ്ങളായി ഇത് നേരിടുന്നുണ്ട്. എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട്ടുള്ള ഒരുപാട് പേര് എനിക്കും മെസേജ് അയച്ചു. എനിക്കും നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തന്ന അംഗീകാരം മറ്റ് പലരും തരുന്നില്ല,’ ഷക്കീല പറഞ്ഞു.

സംഭവത്തെ കുറിച്ച് ഷക്കീലയുടെ പ്രതികരണം വന്നതിന് പിന്നാലെ നിരവധി പേരാണ് നടിയോട് മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഷക്കീലയുടെ ചിത്രത്തോടൊപ്പം മാപ്പ് എന്ന ക്യാപ്ഷനെഴുതി കൊണ്ടാണ് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കേരളം നിങ്ങളോട് ഇത്തരത്തില്‍ പെരുമാറിയതില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുകയാണ് എന്നും നിരവധി കമന്റുകളുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയും തകര്‍ച്ചകളിലൂടെയും കടന്നുപോയ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നടിയാണ് ഷക്കീലയെന്നും അവരോട് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നുണ്ട്.

ഷക്കീലയോട് മലയാളികള്‍ പുലര്‍ത്തുന്നത് കപട സദാചാരബോധമാണെന്നാണ് ആവര്‍ത്തിച്ചു വരുന്ന മറ്റൊരു അഭിപ്രായം.

അതേസമയം മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നും അതുകൊണ്ട് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്നും ഒമര്‍ ലുലു അറിയിച്ചു. ഷക്കീലയും ഒമര്‍ ലുലുവും ചേര്‍ന്ന് ചെയ്ത പ്രതികരണ വീഡിയോയിലാണ് ഇക്കാര്യവും പറഞ്ഞത്.

ഹൈലൈറ്റ് മാളില്‍ ട്രെയ്‌ലര്‍ ലോഞ്ച് നടത്തുന്നതിനായി നേരത്തെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ തലേദിവസം പരിപാടി നടത്താനാവില്ലെന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഷക്കീലയാണ് അതിഥി എന്നറിഞ്ഞതോടെയാണ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആളുകൂടുന്നതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണമെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.

എന്നാല്‍ ഒമര്‍ ലുലുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മാള്‍ അധികൃതര്‍ പ്രതികരിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഷക്കീലക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ സുരക്ഷയൊരുക്കാതെ പരിപാടി നടത്താനാകില്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നെന്നും ഷക്കീല പരിപാടിക്ക് വരുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷമാണെന്നും മാള്‍ അധികൃതര്‍ പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍പറഞ്ഞിരുന്നു.

Content Highlight: Malayalees in Social Media apologies to actress Shakeela on recent issueon Hilite mall