കോഴിക്കോട്: കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയെ വെല്ലുവിളിച്ച് മലയാളികള്‍. സോഷ്യല്‍ മീഡിയയിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ചും അല്ലാതേയുമുള്ള തങ്ങളുടെ കണ്ണിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മലയാളികളുടെ വെല്ലുവിളി. മിക്കതും ധൈര്യമുണ്ടെങ്കില്‍ വന്നു കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ പറയുന്നതാണ്. ചിലത് സരോജത്തെ പരിഹസിക്കുന്നതാണ്.
കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നമായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ പറഞ്ഞിരുന്നത്.
ഇതിനെതിരെ നിരവധി സൈബര്‍ സഖാക്കളാണ് സരോജ് പണ്ഡെയുടെ വാളില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്. “നീ കണ്ട ഉള്ളിസുരയും നാമ്പോലനും ഒന്നുമല്ല യഥാത്ഥ മലയാളികള്‍ ..കണ്ണെടുക്കാന്‍ നീയിങ്ങോട്ട് വാ ….നിന്റെ അമിട്ട്ഷാജി ഇവിടുന്ന് ഓടിയ വഴിയില്‍ പുല്ല് മുളച്ചിട്ടില്ല പിന്നെയല്ലേ നീ”. എന്നാണ് ഒരു കമന്റ്. ഇതിന് പിന്നാലെയാണ് പ്രൊഫൈല്‍ പിക്ചര്‍ വഴി സരോജത്തെ വെല്ലുവിളിച്ച് മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ സരോജത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രകോപനപരമായ പ്രസ്താവന നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.