'ഒരു കൈയ്യബദ്ധം, പറ്റിപ്പോയി മാപ്പാക്കണം'; സച്ചിന് വേണ്ടി മരിയ ഷറപ്പോവയെ തെറി പറഞ്ഞതില്‍ മാപ്പ് പറഞ്ഞ് മലയാളികള്‍
Kerala News
'ഒരു കൈയ്യബദ്ധം, പറ്റിപ്പോയി മാപ്പാക്കണം'; സച്ചിന് വേണ്ടി മരിയ ഷറപ്പോവയെ തെറി പറഞ്ഞതില്‍ മാപ്പ് പറഞ്ഞ് മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 1:16 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ഇതിനിടെ സച്ചിനെ മുമ്പ് അറിയില്ലെന്ന് പറഞ്ഞതിന് പ്രതിഷേധം നേരിട്ട ടെന്നിസ് ഇതിഹാസം മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് തെറി വിളിച്ചതിന് മാപ്പ് പറയുന്നെന്നും ഒരു കൈയ്യബദ്ധം പറ്റിയതാണ് മാപ്പാക്കണമെന്നുമൊക്കെയാണ് കമന്റുകള്‍. 2014 ലാണ് വിംബിള്‍ഡണ്‍ വേദിയില്‍ വെച്ച് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്.

ഇതിന് പിന്നാലെ മലയാളികള്‍ അടക്കമുള്ളവര്‍ മരിയ ഷറപ്പോവയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിന് മാപ്പു പറഞ്ഞു കൊണ്ടാണ് ഇപ്പോള്‍ മലയാളികള്‍ എത്തിയിരിക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു റിഹാന്ന കര്‍ഷകരെ പിന്തുണച്ചതിനെതിരെ സച്ചിന്റെ ട്വീറ്റ്.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

കമന്റുകളില്‍ ചിലത് വായിക്കാം


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Malayalees apologize for teasing Maria Sharapova for Sachin Tendulkar and Rihanna