കീവ്: ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ ഉക്രൈനില്‍ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍.
എല്ലാവരും ഹോസ്റ്റലില്‍ തുടരുകയാണെന്നും ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം.
‘ഞങ്ങള്‍ ഇപ്പോഴും ഹോസ്റ്റലില്‍ തന്നെയാണുള്ളത്. ഇന്ത്യന്‍ എംബസി പറയുന്നത് നില്‍ക്കുന്ന ഇടത്തുതന്നെ നില്‍ക്കുക എന്നാണ്. പുറത്തേക്കിറങ്ങേണ്ട എന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്.
എംബസിയെ വിശ്വസിച്ചാണ് ഞങ്ങളിപ്പോള്‍ മുന്നോട്ടുപോകുന്നത്. ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വ്യത്യസ്ത സോഴ്‌സുകളില്‍ നിന്നുള്ള വിവരം. നാട്ടിലേക്ക് മടങ്ങാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഭക്ഷണ ശാലകള്‍ അടച്ചിട്ടുണ്ടെങ്കിലും അത്യാവശ്യമുള്ള സാധനങ്ങളൊക്കെ തല്‍ക്കാലം ലഭിക്കുന്നുണ്ട്,’ ദേവ് നന്ദ് എന്ന വിദ്യാര്‍ഥി പറഞ്ഞു.
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഭക്ഷണ ശാലകള്‍ അടയ്ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വിദ്യാര്‍ഥിനികളായ നിഹാല ഇഖ്ബാലും നിമിഷയും പ്രതികരിച്ചു. തങ്ങള്‍ക്ക് ഇതുവരെ എംബസിയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിഹാലയും നിമിഷയും പറഞ്ഞു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അണ്ടര്‍ ഗ്രൗണ്ടില്‍ ആളുകള്‍ അഭയം തേടുന്നുണ്ട് എന്ന റിപ്പോര്‍ട്ടിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
ഇവിടുത്തെ മെട്രോ സ്‌റ്റേഷനുകള്‍ മുഴുവന്‍ അണ്ടര്‍ഗ്രൗണ്ടിലാണ്. അതുകൊണ്ടാണ് സുരക്ഷ പരിഗണിച്ച അവിടെ അഭയം തേടുന്നത്. മലയാളി സര്‍ക്കിളില്‍ നിന്നുള്ള ആരും ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.