ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികന്‍ പ്രദീപും
Kerala News
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികന്‍ പ്രദീപും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 10:33 pm

ചെന്നൈ: കാനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ മരത്താക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപാണ് മരിച്ചത്.

2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഊട്ടിയില്‍ വെച്ചായിരുന്നു ബിപിന്‍ റാവത്തും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.

ഹെലികോപ്ടര്‍ അപകടത്തില്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 മരിച്ചതായി വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗികമായി അറിയിച്ചത്. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും മൃതദേഹങ്ങള്‍ നാളെ വൈകുന്നേരത്തോടെ ദല്‍ഹിയില്‍ എത്തിക്കുമെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Malayalee soldier among those killed in  helicopter crash