| Monday, 23rd August 2021, 3:21 pm

എങ്ങനെയായിരിക്കും അവര്‍ കൊല്ലുകയെന്ന് മാത്രമേ അപ്പോള്‍ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളു; നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ മലയാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടലിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ മലയാളിയായ ദിലീല്‍. താലിബാന്റെ പിടിയില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്നാണ് കരുതിയിരുന്നതെന്നും അഫ്ഗാനിലെ ആ ദിവസങ്ങള്‍ ഇപ്പോഴും തന്റെ കണ്‍മുന്നിലുണ്ടെന്നും കണ്ണൂര്‍വിമാനത്താവളത്തില്‍ വെച്ച് മീഡിയാവണിന് നല്‍കിയ പ്രതികരണത്തില്‍ ദീദില്‍ പറഞ്ഞു.

‘അവസാന ദിവസം പ്രതീക്ഷ മുഴുവന്‍ പോയിരുന്നു. മരണം മുന്നില്‍ക്കണ്ടു തന്നെയാണ് അവരോടൊപ്പം പോയത്. എങ്ങനെയാണ് കൊല്ലുന്നതെന്ന് മാത്രമേ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. താലിബാനിലെ ഒരാളോട് ‘എന്നെ സഹായിക്കാനാരുമില്ല’ എന്ന് പറഞ്ഞു,’ കണ്ണുകള്‍ നിറഞ്ഞും തൊണ്ടയിടറിയും ദീദില്‍ പറഞ്ഞു.

കാബൂളിലെ വിമാനത്താവളത്തിലേക്ക് താലിബാന്‍ അന്നെത്തുമെന്നോ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നോ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 21നായിരുന്നു ഇന്ത്യയിലേക്ക് വരാനിരുന്ന സംഘത്തെ വിമാനത്താവളത്തിന് മുന്നില്‍ നിന്നും താലിബാന്‍ കൊണ്ടുപോയത്. ഇതില്‍ അഫ്ഗാനിലെ ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരായിരുന്നു കൂടുതല്‍.

ആദ്യം തട്ടിക്കൊണ്ടുപോകലാണെന്നായിരുന്നു അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചില വിവരങ്ങള്‍ അന്വേഷിക്കാനായി ഈ സംഘത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണെന്ന് താലിബാന്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമായതിന് പിന്നാലെ താലിബാന്‍ ഇവരെ വിട്ടയക്കുകയായിരുന്നു.

താലിബാന്റെ പിടിയില്‍ കഴിഞ്ഞ മണിക്കൂറുകളെ ഏറെ ഭയത്തോടെയാണ് ദീദില്‍ ഓര്‍ക്കുന്നത്. ‘അവര്‍ സാധാരണ പോകുന്ന വഴിയില്‍ നിന്നും മാറിയപ്പോള്‍ തന്നെ പേടിയായി. കണ്ണുകള്‍കൊണ്ടും ആംഗ്യം കാണിച്ചുമായിരുന്നു അപ്പോള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്. തീരും എന്നുതന്നെ എല്ലാവരും ഉറപ്പിച്ചു.

അവസാനം എല്ലാം കഴിഞ്ഞ് ഈ അഞ്ച് ബസും ഇന്ത്യന്‍ പ്രതിനിധികളുടെയും യു.എസ് സേനയുടെയും അടുത്തെത്തിയതായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ബസില്‍ നിന്നിറങ്ങിയതും എല്ലാവരും ഭാരത് മാതാ കീ ജയ് വിളിച്ചു. എല്ലാവരും ദൈവത്തോട് കൈകൂപ്പി നന്ദി പറയുന്നതും കാണാമായിരുന്നു,’ ദീദില്‍ പറഞ്ഞു.

മലയാളികളായ മിക്കവരും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ദീദില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച ഇടപെടലുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ സര്‍ക്കാര്‍ ഏറെ സഹായിച്ചു. എനിക്ക് അതിനേക്കാള്‍ കംഫര്‍ട്ട് തോന്നിയത് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു. ആ അവസ്ഥയില്‍ മലയാളത്തില്‍ സംസാരിക്കാന്‍ സാധിച്ചത് ഭാഗ്യമായിരുന്നു. ഇന്റലിജന്‍സ്, പൊലീസ് ഉദ്യോഗസ്ഥരെല്ലാം ദിവസവും എന്നെ വിളിക്കുന്നുണ്ടായിരുന്നു. ആവശ്യങ്ങള്‍ ചോദിക്കുമായിരുന്നു.

നോര്‍ക സി.ഇ.ഒ സാറിനെ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇപ്പോള്‍ ഇവിടെ എത്തിയ ശേഷവും വീട്ടിലെത്താന്‍ വാഹനമോ മറ്റോ വേണമോ എന്ന് ചോദിച്ച് അന്വേഷിച്ചിരുന്നു. ദല്‍ഹിയിലെത്തിയാലും എനിക്ക് ആരുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കേരള ഹൗസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു,’ ദീദില്‍ പറഞ്ഞു.

അഫ്ഗാനിലെ നിലവിലെ സ്ഥിതിയെ കുറിച്ചും ദിലീല്‍ സംസാരിച്ചു. സ്ത്രീകള്‍ പഠിക്കാനോ ആധുനിക ജീവിതം നയിക്കാനോ പാടില്ലെന്ന് തന്നെയാണ് താലിബാന്‍ പറയുന്നതെന്നും ഇത് സംബന്ധിച്ച് അഫ്ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ കോളേജുകളില്‍ പഠിപ്പിച്ചിരുന്ന ഇന്ത്യക്കാരായ വനിതാ അധ്യാപകരും തിരിച്ചുവന്നിരിക്കുകയാണെന്നും ദീദില്‍ പറഞ്ഞു.

അഫ്ഗാനില്‍ വിമാനത്തിലേക്ക് ആളുകള്‍ കൂട്ടമായി കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളെല്ലാം അവിടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ദിലീല്‍ പറഞ്ഞു.

‘3000 – 4000 അഫ്ഗാന്‍കാര്‍ വിമാനത്താവളത്തിന് പുറത്തുണ്ട്. അപ്പോള്‍ നമുക്ക് മാത്രമായി യു.എസ് സേനക്ക് ഗേറ്റ് തുറന്നുതരാന്‍ പറ്റില്ല. ഇവരെല്ലാവരും അകത്തു കയറും. അതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തട്ടെ,’ ദീദില്‍ പറയുന്നു.

ഒമ്പത് വര്‍ഷമായി അഫ്ഗാനില്‍ ഒരു യു.എസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തുവരികയായിരുന്നു ദീദില്‍. ഭാവിയെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും എന്തെങ്കിലും ചെയ്യാമെന്നാണ് കരുതുന്നതെന്നും ദീദില്‍ പറയുന്നു. വീട്ടില്‍ അമ്മ കാത്തിരിക്കുകയാണെന്നും അങ്ങോട്ട് എത്തണമെന്ന് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ദീദില്‍ വിമാനത്താവളത്തില്‍ നിന്നും പോയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malayalee shares horrifying experience from Taliban after coming back from Afghanistan

We use cookies to give you the best possible experience. Learn more