നിര്‍ണായക വിജയത്തില്‍ ആഘോഷമായി സഹലിന്റെ വണ്ടര്‍ ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യത ഇങ്ങനെ
ISL
നിര്‍ണായക വിജയത്തില്‍ ആഘോഷമായി സഹലിന്റെ വണ്ടര്‍ ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യത ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd March 2022, 10:18 pm

വാസ്‌കോ: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നുന്ന ജയത്തില്‍ ആഘോഷമായി മലയാളി താരം സഹല്‍ അബ്ദുസ്സമദിന്റെ വണ്ടര്‍ ഗോള്‍.

നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനായുള്ളു. കളിയുടെ 19ാം മിനുട്ടിലായിരുന്നു സഹല്‍ ബ്ലാസ്‌റ്റേഴിനായി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. സീസണിലെ സഹലിന്റെ അഞ്ചാമത്തെ ഗോളാണിത്.

ഗോളിലേക്കുള്ള വഴി

കളിയുടെ ആദ്യ അഞ്ച് മിനിറ്റില്‍ മുംബൈയായിരുന്നു ആക്രമിച്ചു കളിച്ചത്. രണ്ട് മൂന്ന് തവണ മുംബൈ അപായ ഭീഷണിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തെത്തി. നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ കോര്‍ണര്‍ വഴങ്ങി. പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. അഡ്രിയാന്‍ ലൂണയുടെ ലോംഗ് ക്രോസ് പിടിച്ചെടുത്ത സന്ദീപ് സിംഗ് ബോക്‌സിനക്കത്തുനിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

പിന്നാലെ തുടരെ തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് മുംബൈ ഗോള്‍മുഖം വിറപ്പിച്ചു. 15-ാം മിനിറ്റില്‍ സന്ദീപ് സിംഗിന് ലഭിച്ച രണ്ടാമത്തെ അവസരവും നഷ്ടമായി. പതിനാറാം മിനിറ്റില്‍ മുംബൈ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും അപകട ഭീഷണിയില്ലായിരുന്നു. തുടര്‍ ആക്രമണങ്ങള്‍ക്കൊടുവിലാണ് ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച പന്തില്‍ നാലു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ അബ്ദുസ്സമദ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ച മനോഹര ഗോള്‍ നേടിയത്.

സെമി സാധ്യത സജീവമാക്കി ബ്ലാസ്‌റ്റേഴ്‌സ്

ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്മാരുടെ ജയം. 19ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദും 45, 60 മിനുട്ടുകളില്‍ അല്‍വാരോ വാസ്‌ക്കസും ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയപ്പോള്‍ 71ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഡീഗോ മൗറീസ്യോയാണ് മുംബൈ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി.19 മത്സരങ്ങളില്‍നിന്നായി 33 പോയിന്റാണ് ടീമിനുള്ളത്. 37പോയിന്റുമായി ജാംഷഡ്പുര്‍ സെമി ഇതിനകം ഉറപ്പാക്കി. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 35 പോയിന്റും എ.ടി.കെ മോഹന്‍ ബഗാന് 34 പോയിന്റുമാണ്.

ബ്ലാസ്റ്റേഴ്‌സിനു സെമി ഉറപ്പിക്കാന്‍ ഹൈദരാബാദ്-മുംബൈ മത്സരം ഫലത്തിനായി കാത്തിരിക്കണം. ഹൈദരാബാദിനെതിരെ മുംബൈ പരാജയപ്പെടുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ ഗോവക്കെതിരെ ലീഗിലെ അവസാന മത്സരത്തിനു ഇറങ്ങുംമുമ്പേ ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പിക്കാം. മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍ ഗോവക്കെതിരെ സമനില നേടിയാല്‍പോലും ബ്ലാസ്റ്റേഴ്‌സിനു മുന്നേറാം.

CONTENT HIGHLIGHTS: Malayalee player Sahal Abdussamad’s wonder goal in celebration of Kerala Blasters’ brilliant victory