ശമ്പളവും അവധിയുമില്ലാതെ ബംഗലുരുവില്‍ ഒരു കൂട്ടം മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍
India
ശമ്പളവും അവധിയുമില്ലാതെ ബംഗലുരുവില്‍ ഒരു കൂട്ടം മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2014, 10:03 am

[share]

[] ബംഗലുരു:  ശമ്പളവും ലീവുമില്ലാതെ ഒരു കൂട്ടം മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. തുച്ഛമായ ശമ്പളത്തിന്റെ പകുതിപോലും നല്‍കാന്‍ സ്വകാര്യ ആശുപത്രി തയ്യാറാകുന്നില്ല. ഇതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസ വായ്പപോലും തിരിച്ചടയ്ക്കാനാകുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ചിരിക്കുന്നത് കാരണം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനും കഴിയുന്നില്ല.

വര്‍ഷത്തില്‍ പത്തു മെഡിക്കല്‍ ലീവ് മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതിനാല്‍ ശമ്പളമില്ലാത്ത അവധിയെടുത്താണ് പലരും നാട്ടിലേക്ക് വരുന്നത്. അതിനിടെ  നിശ്ചിത തുക പിടിച്ചുവെച്ചാണ് ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്.

10,000 രൂപ ശമ്പളത്തിലാണ് മലയാളികളായ ഒരു കൂട്ടം നഴ്‌സുമാര്‍ ബംഗലുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നത്. താമസത്തിനും ഭക്ഷണത്തിനുമുള്ള 2,500 രൂപയുടെ പിടുത്തവും കഴിഞ്ഞ് 7,500 രൂപ കൈയില്‍ കിട്ടിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വീണ്ടും 2500 രൂപ അനധികൃതമായി ആശുപത്രി അധികൃതര്‍ ഈ മാസം മുതല്‍ പിടിച്ചുതുടങ്ങി.

കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ ജോലി ഉപേക്ഷിക്കുന്നത് തടയാനാണ് ശമ്പളം പിടിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശമ്പളം ഒന്നിനും തികയാതായതോടെ ഇവരുടെ ജീവിതദുരിതവും ഇരട്ടിച്ചിരിക്കുകയാണ്.