| Wednesday, 4th May 2022, 7:43 pm

ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹമാണോ ഞങ്ങള്‍? ഹിന്ദു മഹാ സമ്മേളനത്തില്‍ ഗള്‍ഫിലെ നഴ്‌സുമാരെ അധിക്ഷേപിച്ച പ്രവാസിക്കെതിരെ ഖത്തറിലെ മലയാളി നഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദു മഹാ സമ്മേളനത്തില്‍ നഴ്‌സിംഗ് സമൂഹത്തിനുനേരെ വിദ്വേഷ പ്രചരണം നടത്തിയ പ്രവാസിയും സംഘപരിവാര്‍ അനുകൂലിയപമായ ദുര്‍ഗദാസ് ശശിപാലനെതിരെ പ്രതിഷേധവുമായി ഖത്തറില്‍ ജോലി ചെയ്യുന്ന നഴ്‌സ്.

മതപരിവര്‍ത്തനത്തിനായും ലൈംഗിക സേവക്കുമായും നഴ്‌സുമാരെ ഗള്‍ഫ് രാജ്യത്തേക്ക്‌ റിക്രൂട്ട് ചെയ്യുന്നു എന്ന് ദുര്‍ഗാദാസ് ഹിന്ദു മഹാ സമ്മേളനത്തില്‍ ചോദിച്ച ചോദ്യത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു 12 വര്‍ഷമായി ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുന്ന സ്മിത ദീപു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഇത്രയും വലിയ മഹാമാരി വന്നു ലോകംമൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതമുണ്ടെന്ന് സ്മിത പറഞ്ഞു.

‘ദുര്‍ഗദാസേ, ഖത്തറിലെ ഒരു അംഗീകൃത നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സമൂഹത്തില്‍ ഇറങ്ങിച്ചെന്ന ഒരു നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹി. 12 വര്‍ഷമായി ഖത്തര്‍ എന്ന മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്.

അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടാണ്. നഴ്‌സിംഗ് സമൂഹത്തിന് ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതരാണ് എന്നുറപ്പുള്ളത് കൊണ്ടാണ്,’ സ്മിത ദീപു എഴുതി.

ഇങ്ങനെയുള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെയാണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല.
അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്. താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹമാണ് നഴ്‌സിംഗ് മേഖല എന്നാണോ? എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാന്‍ കഴിയും എന്നാണോ താങ്കള്‍ വിചാരിച്ചിരിക്കുന്നതെന്നും സ്മിത ചോദിച്ചു.

വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു ഒരുപാട് സുഹൃത്തുക്കളുള്ള ഒരാളാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ ഞങ്ങളുടെ മുന്‍പില്‍ വരുന്ന ജീവന്‍ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുക, അതാണ് ഞങ്ങളുടെ കര്‍ത്തവ്യം.

ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നുകുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു ജോലിയെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്. ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത? ഇതിനു ദുര്‍ഗദാസ് മറുപടി പറഞ്ഞേപറ്റവെന്നും സ്മിത പറഞ്ഞു.

ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചുതരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്‌സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ്. സര്‍വീസില്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഞങ്ങളുടെ പ്രൊഫഷനെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.

Content Highlights: Malayalee nurse in Qatar against the expatriate who insulted the nurses in the Gulf at the Hindu Maha Sammelan

We use cookies to give you the best possible experience. Learn more