കൊവിഡ് രോഗം സര്‍വ്വ ശക്തിയും സംഹരിച്ച് രാജ്യം മുഴുവന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. തളര്‍ന്നിരിക്കുന്ന ഈ അവസ്ഥയിലും മനുഷ്യത്വത്തിന്റെ പ്രതീകമായി ചിലരുടെ കഥകള്‍ നമുക്ക് പോരാടാനും മുന്നോട്ട് പോകാനുമുള്ള ഊര്‍ജം നല്‍കാറുണ്ട്.
ഇത്തരത്തില്‍ ഒരാളാണ് ദല്‍ഹിയിലെ മലയാളി അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍. കൊവിഡ് ബാധിച്ച് അവശനായി ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കഴിയുമ്പോഴും തന്റെ ഉത്തരവാദിത്തം നിറവേറ്റി ഒരു കുടുംബത്തിന്റെ സങ്കടത്തില്‍ ഒപ്പം ചേര്‍ന്നാണ് സുഭാഷ് ചന്ദ്രന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
മനുഷ്യത്വത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയായി മാറിയ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ്. ഏതാനും മാസം മുമ്പിറങ്ങിയ വിജയ് സേതുപതിയുടെ സിനിമയായ കാ.പെ രണസിംഗത്തിന് സമാനമായ കേസായിരുന്നു സുഭാഷ് ഏറ്റെടുത്തത്.
കഴിഞ്ഞ ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ച വ്യക്തിയുടെ കുടുംബത്തിനാണ് സുഭാഷ് സൗജന്യമായി കേസ് വാദിച്ചത്.
മരിച്ച വ്യക്തിയുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് കുടുംബം പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ എംബസിയിലെ ഉദ്യോഗസ്ഥന്റെ തെറ്റുമൂലം മൃതദേഹം സൗദിയില്‍ തന്നെ സംസ്‌ക്കരിച്ചതായി വാര്‍ത്ത കുടുംബത്തിന് ലഭിക്കുന്നത്.
ഇതോടെ മരണപ്പെട്ട വ്യക്തിയുടെ കുടുംബം സുഭാഷിനെ സമീപിക്കുകയായിരുന്നു. കേസ് അറിഞ്ഞ സുഭാഷ് സൗജന്യമായി കുടുംബത്തിന് വേണ്ടി വാദിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിലധികമായി കേസിന്റെ സിറ്റിംഗുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഏപ്രില്‍ 25 ന് എനിക്ക് കൊവിഡ് ബാധിക്കുന്നത്. സുഭാഷ് ചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തുടര്‍ന്ന് ദല്‍ഹിയില്‍ കൊവിഡ് ആശുപത്രികള്‍ ഒന്നും തന്നെ ലഭിക്കാതായതോടെ ഭാര്യയുടെ നാടായ ഹിമാചലിലേക്ക് സുഭാഷ് ചികിത്സക്കായി എത്തി. എന്നാല്‍ കൊവിഡ് ബാധിച്ചതോടെ ശരീരത്തില്‍ ഓക്‌സിജന്‍ നില കുറയുകയും മാസ്‌ക് ധരിക്കേണ്ടി വരികയും ചെയ്തു.
ഈ സമയങ്ങളിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുഭാഷ് ഇടപെടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കേസില്‍ വിധികേള്‍ക്കാനിരുന്ന ദിവസം രാവിലെ മൂന്ന് മണിക്ക് മൃതദേഹം ഇന്ത്യയില്‍ എത്തിക്കുകയും തങ്ങള്‍ക്ക് കൈമാറിയതായും കുടുംബം സുഭാഷിനെ അറിയിക്കുന്നത്.
തുടര്‍ന്ന് ആശുപത്രി കിടക്കയില്‍ ആയിരുന്നെങ്കിലും സുഭാഷ് കേസില്‍ ഹാജരാവുകയും വിവരം കോടതിയെ അറിയിക്കുകയുമായിരുന്നു. ‘മാനവികത മുന്നില്‍ നിര്‍ത്തിയാണ് ഈ കേസ് ഞാന്‍ ഏറ്റെടുത്തത്. കേസില്‍ ഇത്തരത്തില്‍ ഒരു നിര്‍ണായക സംഭവം ഉണ്ടായപ്പോള്‍ കോടതിയെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് ആശുപത്രിയിലായിട്ടും കോടതി നടപടികളില്‍ ഹാജരായത്’ സുഭാഷ് പറയുന്നു.
ഓക്‌സിജന്‍ മാസ്‌കുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായ സുഭാഷിനെ കോടതി പ്രത്യേകം അഭിനന്ദിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ് സുഭാഷ് ചന്ദ്രന്‍. മുമ്പ് മാധ്യമപ്രവര്‍ത്തകനായിരുന്ന സുഭാഷ് ഇന്ത്യാവിഷന്‍, കൈരളി തുടങ്ങിയവയില്‍ ജോലി ചെയ്തിരുന്നു.
പിന്നീടാണ് അഭിഭാഷക ജോലിയിലേക്ക് തിരിയുന്നത്. ഭാര്യ ഡോക്ടര്‍ ഭവിത കുമാരി ഹിമാചലില്‍ ബോട്ടണി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. പത്തും അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇരുവരുടെയും മക്കള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Malayalee lawyer Arguing while wearing an oxygen mask on Covid bad for the family of the person who died abroad