national news
ചന്ദ്രനിലെ മലയാളി; പ്രകാശ് രാജ് പറഞ്ഞതിലെ ആംസ്‌ട്രോങ് തമാശയിങ്ങനെ
ന്യൂദല്‍ഹി: ലോകത്തിന്റെ എവിടെ പോയാലും ഒരു മലയാളിയെ കണ്ടെത്താന്‍ സാധിക്കുമെന്ന പഴഞ്ചൊല്ല് കാലങ്ങളായി മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ചന്ദ്രനില്‍ പോലും മലയാളി ഒരു ചായക്കട തുടങ്ങുമെന്ന തരത്തിലുള്ള തമാശകള്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രോപരി തലത്തില്‍ കാലുകുത്തിയ 1969 മുതല്‍ തന്നെ പ്രചാരത്തിലുണ്ട്.
എന്നാല്‍ ഈ തമാശ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിലൂടെ. ഓഗസ്റ്റ് 20ന് ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ അയക്കുന്ന ചിത്രം’ എന്ന കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നടന്‍ ഐ.എസ്.ആര്‍.ഒയെയും ശാസ്ത്രജ്ഞരെയും പരിഹസിച്ചെന്നാരോപിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ഹിന്ദു സംഘടന നേതാവിന്റെ പരാതിയില്‍ പ്രകാശ് രാജിനെതിരെ കേസുമെടുത്തു.
എന്നാല്‍ താന്‍ പങ്കുവെച്ചത് ആംസ്‌ട്രോങ്ങിന്റെ കാലം മുതലുള്ള തമാശയാണെന്ന് പ്രകാശ് രാജ് വിശദീകരിച്ചിരുന്നു.
‘വെറുപ്പ് വെറുപ്പിനെ മാത്രമേ കാണുകയുള്ളൂ. ആംസ്‌ട്രോങ്ങിന്റെ കാലത്തെ തമാശയാണ് ഞാന്‍ പറഞ്ഞത്. കേരളത്തിലെ ചായക്കാരനെയാണ് ഞാന്‍ ആഘോഷിച്ചത്. എന്നാല്‍ ട്രോളുകള്‍ ഏത് ചായക്കാരനെയാണ് കണ്ടത്? ഒരു കാര്യം പറഞ്ഞതിലെ തമാശ മനസിലാകില്ലെങ്കില്‍ ആ തമാശ നിങ്ങളെക്കുറിച്ചാണ്,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1969ലാണ് നീല്‍ ആംസ്‌ട്രോങ് ചന്ദ്രേപരിതലത്തില്‍ കാല് കുത്തുന്നത്. എന്നാല്‍ അന്ന് മുതല്‍ ചന്ദ്രനില്‍ വെച്ച് ആംസ്‌ട്രോങ് മലയാളിയെ കണ്ടുവെന്ന തരത്തിലുള്ള തമാശകള്‍ നിലനില്‍ക്കുന്നുണ്ട്.
ആംസ്‌ട്രോങ് ചന്ദ്രനിലെത്തിയാല്‍ 60കളിലെ മലയാളം പാട്ട് കേള്‍ക്കാം. അദ്ദേഹം നടക്കാന്‍ തുടങ്ങിയാല്‍ മതം പറയരുതെന്ന ബോര്‍ഡ് വെച്ച ചായക്കടയും കാണാം. ലുങ്കിയിട്ട ഒരു ചേട്ടന്‍ ചായ അടിക്കുന്നുണ്ടാകും. ചേട്ടന്‍ ആംസ്‌ട്രോങ്ങിന് ചായ നല്‍കുകയും അദ്ദേഹത്തിന് അത് ഇഷ്ടമാകുകയും ചെയ്യും. എന്നാണ് ആംസ്‌ട്രോങ്ങിന്റെ കാലത്തെ ചായക്കട തമാശ.
ഈ തമാശയെ പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. സമാന രൂപത്തിലുള്ള ചിത്രമായിരുന്നു പ്രകാശ് രാജും പങ്കുവെച്ചത്. മുണ്ട് മടക്കി കുത്തി ഷര്‍ട്ട് ഇട്ടൊരാള്‍ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് പങ്കുവെച്ചത്.
അക്കാലയളവിലെ ചായക്കടകള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വരെ പ്രശസ്തവുമായിരുന്നു.
എന്നാല്‍ ഈ തമാശ മനസിലാകാതെയാണ് പ്രകാശ് രാജ് ഐ.എസ്.ആര്‍.ഒയെയും ശാസ്ത്രജ്ഞരെയും വിമര്‍ശിച്ചുവെന്ന തരത്തിലുള്ള പ്രചാരണം സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ നടത്തുന്നത്.
CONTENT HIGHLIGHTS: Malayalee in the Moon; What is the Armstrong joke in what Prakash Raj said?