| Friday, 1st April 2016, 2:13 pm

ഷാര്‍ജ ടിവി റിയാലിറ്റി ഷോ; കിരീടം മലയാളി പെണ്‍കുട്ടിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഗള്‍ഫിലെ ഏറെ ജനകീയമായ ഷാര്‍ജ ടിവിയുടെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടി കിരീടം ചൂടി.

വ്യാഴാഴ്ച നടന്ന ഗ്രാര്‍ഡ് ഫിനാലേയില്‍ അറബ് മല്‍സരാര്‍ഥികളെ പിന്തള്ളിയാണ് ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷി ജയകുമാര്‍ വിജയിച്ചത്. ഫൈനലിലേക്ക് യോഗ്യത നേടിയ എട്ട് പേരില്‍ അറബിയല്ലാത്ത ഏക മല്‍സരാര്‍ഥിയും മലയാളിയായ മീനാക്ഷിയായിരുന്നു.

യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രക്ഷാധികാരിയായ ഷാര്‍ജ ടി.വി. നടത്തുന്ന അറബിഗാന റിയാലിറ്റി ഷോയായ “മുന്‍ഷിദ് ഷാര്‍ജ”യിലാണ് മീനാക്ഷി വിജയിയായത്. അദ്ദേഹം തന്നെയാണ് മീനാക്ഷിക്ക് ഉപഹാരം സമ്മാനിച്ചത്.

അറബ് ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവ് കൊണ്ടും മീനാക്ഷി അറബികളെ പോലും അമ്പരപ്പിച്ചു.
യു.എ.ഇയില്‍ എന്‍ജിനീയറായ എറണാകുളം അങ്കമാലി സ്വദേശി ജയകുമാറിന്റെയും ആയുര്‍വേദ ഡോക്ടര്‍ രേഖയുടെയും മകളാണ് മീനാക്ഷി.

പ്രേക്ഷകരില്‍ നിന്നുള്ള വോട്ട് കൂടി പരിഗണിച്ചാണ് വിജയിയെ നിശ്ചയിച്ചത്. യു.എ.ഇ സ്വദേശികളായ ഷഹീദ് സഹീദ് അബ്ദുല്ല, നഹ്യാന്‍ മുഹമ്മദ് അലി മുഹമ്മദ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. കിരീട നേട്ടത്തോടെ യു.എ.ഇ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മീനാക്ഷി.

We use cookies to give you the best possible experience. Learn more