ചെന്നൈ: ഇടുക്കി സ്വദേശിയായ വിദ്യാര്‍ത്ഥിനി തേനിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് മുന്‍ എം.എല്‍.എ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പെരുമ്പല്ലൂരിലെ മുന്‍ ഡി.എം.കെ എംഎല്‍എ രാജ്കുമാറിനെയും ഇദ്ദേഹത്തിന്റെ സഹായികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സത്യ(15) യാണ് മരിച്ചത്.
ഇടുക്കി പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ മകളായ സത്യയെ കഴിഞ്ഞയാഴ്ചയാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പായിരുന്നു സത്യ തമിഴ്‌നാട്ടില്‍ രാജ്കുമാറിന്റെ മകളുടെവീട്ടില്‍ ജോലിക്കെത്തിയത്.
മകളെ എം.എല്‍.എയുടെ മകളുടെ കൂടെ സ്‌കൂളില്‍ അയയ്ക്കാമെന്ന് പറഞ്ഞാണ് ജോലിക്ക് കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ തമിഴ്‌നാട് പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റതാണെന്നും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതിനെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡി.എം.കെ നേതാവായ രാജ് കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.