| Saturday, 1st October 2022, 12:24 pm

ഇറ്റാലിയന്‍ ലീഗില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മലയാളികളുടെ സ്വന്തം ക്ലബ് എത്തുന്നു; ചരിത്രത്തിലാദ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇറ്റാലിയന്‍ ഫുട്‌ബോളില്‍ മാറ്റുരക്കാന്‍ ഒരു മലയാളിപ്പടയെത്തുന്നു. ഇറ്റലിയില്‍ താമസിക്കുന്ന ഒരു കൂട്ടം മലയാളി യുവാക്കളാണ് അഡ്‌ലേഴ്‌സ് ലോംബാഡ് എന്ന ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അഡ്‌ലേഴ്‌സ് ലോംബാഡ് രൂപീകൃതമാകുന്നത്. 20 പേരുള്ള ടീമിലെ 15 പേരും മലയാളികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറ്റലിയിലെത്തിയവരെ ഒരുമിപ്പിച്ചത് ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.

ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളുമായിരുന്നു ഇവരെ ഇറ്റലിയിലെത്തിച്ചതെങ്കില്‍, ഇപ്പോള്‍ ഇവരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും കപ്പുകളുമാണ്. ‘ലാംബാഡിലെ പരുന്തുകള്‍’ എന്ന പേര് പോലെ തന്നെ ഉയരങ്ങള്‍ കീഴടക്കാനാണ് ഇവരും കാത്തിരിക്കുന്നത്.

ആദ്യം ചെറിയ പ്രാദേശിക ടൂര്‍ണമെന്റുകളിലായിരുന്നു അഡ്‌ലേഴ്‌സ് കളിച്ചത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡേറഷന്‍ ഇറ്റലിയിലും ജര്‍മനിയിലുമായി സംഘടിപ്പിച്ച അഞ്ച് ടൂര്‍ണമെന്റുകളില്‍ അഡ്‌ലേഴ്‌സ് വിജയികളായി.

ഈ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറ്റലിയിലെ ലീഗുകളില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. സി.എസ്.ഐ(സെന്‍ട്രോ സ്‌പോര്‍ടീവോ ഇറ്റാലിയാനോ) എന്ന ഫുട്‌ബോള്‍ ലീഗിലാണ് ഇവര്‍ ആദ്യമായി പങ്കെടുക്കുന്നത്. ഇറ്റലിയിലെ പ്രമുഖ ലീഗല്ലെങ്കിലും ലീഗ് മത്സരങ്ങളിലേക്കുള്ള ആദ്യ പടിയായി കണക്കാക്കപ്പെടുന്ന ടൂര്‍ണമെന്റാണ് സി.എസ്.ഐ.

ഞായറാഴ്ചയാണ് ലീഗിലെ ഇവരുടെ ആദ്യ മത്സരം. 10 മാസം നീളുന്ന സീസണാണ് സി.എസ്.ഐയുടേത്.

മലപ്പുറം സ്വദേശികളായ അബീര്‍ പി.ടിയും മുഹമ്മദ് നസീഫ് സി.പിയുമാണ് ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ ടീമില്‍ അംഗങ്ങളാണ്. അങ്കമാലിക്കാരനായ സ്‌മെന്റോ ജോസഫാണ് ക്ലബിന്റെ പ്രസിഡന്റ്.

‘ലോവര്‍ ഡിവിഷനില്‍ നിന്ന് കളി തുടങ്ങാനാണ് ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് വലിയ പ്ലാനും സ്വപ്‌നങ്ങളുമുണ്ട്. ഇറ്റലി സീരി ഡി, സീരി സി, സീരി ബി, സീരി എ എന്നിവയിലെല്ലാം കളിക്കണം. യുവന്റസ്, എ സി മിലാന്‍, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബകളെ നേരിടണം.

ക്ലബിലേക്ക് ഇന്ത്യന്‍ കളിക്കാരെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ഇറ്റാലിയന്‍ ലീഗില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക എന്നതും ഞങ്ങളുടെ സ്വപ്‌നമാണ്. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയെ ഇത് ഏറെ സഹായിക്കും,’ സ്‌മെന്റോ പറഞ്ഞു.

Content Highlight: Malayalee Football club to participate in Italian League

We use cookies to give you the best possible experience. Learn more