| Friday, 19th January 2018, 10:21 pm

പാക് വെടിവെപ്പില്‍ മലയാളി ജവാനുള്‍പ്പെടെ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കാശ്മീരില്‍ പാക് വെടിവെപ്പില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. മലയാളിയായ ബി.എസ്.എഫ് ജവാന്‍ ലാന്‍സ് നായിക് സാം എബ്രഹാം, ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്പാല്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് ലാന്‍സ് നായിക് സാം എബ്രഹാം.

നിയന്ത്രണ രേഖയിലുണ്ടായ പാക്കിസ്ഥാന്റെ വെടിവെപ്പിലും ഷെല്ലാക്രമണത്തിലായിരുന്നു മരണം. സുന്ദര്‍ ബാനി സെക്ടറില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു

രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ 6.40 ഓടെയാണ് പാക് സൈനികര്‍ പ്രകോപനംകൂടാതെ വെടിവെപ്പ് തുടങ്ങിയത്. നാല് മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നു. രാജ്യാന്തര അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പാക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പുല്‍വാമയിലെ തഹ്സില്‍ ഓഫീസിനടുത്താണ് ഗ്രനേഡ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ആക്രമണം നടത്തിയവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more