ന്യൂദല്‍ഹി: മലയാളി അത്‌ലറ്റ് എം.പി. ജാബിറിന് ടോക്കിയോ ഒളിംപിക്സിന് യോഗ്യത. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടമാണ് മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എം.പി. ജാബിര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്.
ഇതിനു മുമ്പ് ഇന്ത്യന്‍ ഇതിഹാസ താരം പി.ടി. ഉഷയാണു ഒളിമ്പിക്സ് ഹര്‍ഡില്‍സില്‍ യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരം. ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ പി.ടി. ഉഷ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ ഇതാദ്യമായാണ് ഒരു താരം യോഗ്യത നേടുന്നത്. പട്യാലയില്‍ അടുത്തിടെ സമാപിച്ച അന്തര്‍സംസ്ഥാന അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യന്‍ നാവികസേനയുടെ അത്ലറ്റ് കൂടിയായ എം.പി. ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.
നിലവില്‍ ലോക റാങ്കിംഗില്‍ 34-ാം സ്ഥാനക്കാരനായ ജാബിര്‍ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ഒളിംപിക്‌സ് യോഗ്യത നേടുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളെല്ലാം റദ്ദാക്കിയതോടെ 2019ലാണ് ജാബിര്‍ അവസാനമായി ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ മത്സരിച്ചത്.
ജാബിര്‍ അടക്കം ഇതുവരെ 15 അത്‌ലറ്റുകളാണ് ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്. ഇതിനുപുറമെ രണ്ട് റിലേ ടീമുകളും ടോക്കിയോ ഒളിംപിക്സിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Malayalee Athlete MP Jabir qualifies for Tokyo Olympics