സെന്‍ കഥ
അയാള്‍ അധ്വാനിയായ കൃഷിക്കാരനായിരുന്നു. മണ്ണിലായിരുന്നു അയാളുടെ ഉറക്കവും ഉണര്‍വ്വും. എന്നാല്‍ പ്രായം ആ അധ്വാനിയായ കൃഷിക്കാരനെയും തളര്‍ത്തി. പേശികള്‍ ദുര്‍ബലമായ ആ കൈകള്‍ക്ക് കലപ്പയെടുക്കാന്‍ വയ്യാതായി. അദ്ദേഹത്തിന്റെ മകന്‍ അപ്പോഴേക്കും വളര്‍ന്നു വലുതായിരുന്നു. എന്നാല്‍ ഉപയോഗശൂന്യനായ അച്ഛന്‍ ഒരു ഭാരമായി അവന് അനുഭവപ്പെട്ടു.
ഒരു ദിവസം അവന്‍ വീട്ടിലേക്ക് കയറിവന്നത് വലിയൊരു ശവപ്പെട്ടിയുമായാണ്. അതില്‍ കയറിക്കിടയ്ക്കാന്‍ അവന്‍ അച്ഛനോട് ആവശ്യപ്പെട്ടു. എതിര്‍പ്പുകളൊന്നുമുയര്‍ത്താതെ അയാള്‍ മകനെ അനുസരിച്ചു. മകന്‍ ശവപ്പെട്ടിയെടുത്ത് വാഹനത്തില്‍ വെച്ച് മലഞ്ചെരുവിലേക്ക് ഓടിച്ചു. അച്ഛന്‍ അനുസരണയുള്ള കുട്ടിയായി.
എന്നാല്‍ പോകുന്ന വഴി പെട്ടിയില്‍ നിന്ന് ശബ്ദം പുറത്തുവന്നു. മകന്‍ പെട്ടി തുറന്നപ്പോള്‍ അച്ഛന്‍ ശാന്തനായി ഉപദേശിച്ചു, ” മകനേ…എന്നെ ശവപ്പെട്ടിയില്‍ മലഞ്ചെരുവില്‍ തള്ളാനാണ് നീ കൊണ്ടുപോകുന്നതെന്ന് എനിക്ക് നന്നായറിയാം. എന്നാല്‍ എനിക്കൊരു കാര്യം പറയാനുണ്ട്. നീ ഈ പെട്ടിയോടെ എന്നെ എറിയേണ്ട. നല്ല വിലപിടിപ്പുള്ള ഒന്നാം തരം ശവപ്പെട്ടിയാണ്. ഇത് നീ സൂക്ഷിച്ച് വെയ്ക്കണം. നിന്റെ കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെട്ടേക്കാം”.
പുനരാഖ്യാനം : നയാന്‍
വര: മജ്‌നി