| Sunday, 27th May 2012, 7:07 pm

മലയാളം വാരികയുടെത് മാധ്യമഭീകരത

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളം വാരികയുടെത് മാധ്യമഭീകരത

കെ.ഇ.എന്‍

പ്രഭാവര്‍മ്മയുടെ കവിത മലയാളം വാരിക തിരസ്‌കരിക്കുന്നതിന് പറഞ്ഞ ഒരുകാരണവും ജനാധിപത്യത്തിന്റെ രീതിയില്‍ നിലനില്‍ക്കുന്നതല്ല. ആദ്യമായി പറഞ്ഞ ഒരു പ്രധാനപ്പെട്ട കാരണം ടി.പി ചന്ദ്രേഖരന്‍ വധത്തെ ന്യായീകരിച്ച് പ്രഭാവര്‍മ്മ ദേശാഭിമാനി ദിനപത്രത്തില്‍ ലേഖനം എഴുതി, അതുകൊണ്ട് അദ്ദേഹത്തിന്റെ കവിത ഞങ്ങള്‍ക്ക് തിരസ്‌കരിക്കുന്നുവെന്നതാണ്. ഇതില്‍ വസ്തുതാപരമായ തെറ്റുമുണ്ട്. വീക്ഷണസംബന്ധിയായ തെറ്റുമുണ്ട്.

വസ്തുതാപരമായ തെറ്റ് എന്ന് പറയുന്നത് ഒരിക്കലും പ്രഭാവര്‍മ്മ ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചിട്ടില്ല. അത് പ്രതിഷേധാര്‍ഹവും സങ്കടകരവുമാണെന്ന് പ്രഭാവവര്‍മ്മയുടെ ദേശാഭിമാനിയില്‍ വന്ന ലേഖനങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിന് പുറമേ അദ്ദേഹം ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഇതിന്റെ ചിലവില്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കാനുള്ള ഒരു ശ്രമവും പിന്തുണയ്ക്കാനാവില്ല. തീര്‍ച്ചയായും അത് ഇടതുപക്ഷജനാധിപത്യ മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്ന എഴുത്തുകാരുടെ സമീപനമാണ്.

അത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ പ്രഭാവര്‍മ്മയ്ക്ക് സ്വാതന്ത്ര്യമില്ലായെന്ന് പറയാന്‍ മലയാളം വാരികയ്ക്ക് ഒരവകാശവുമില്ല. അതുകൊണ്ട് മലയാളം വാരിക ചെയ്തിരിക്കുന്നത് ജനാധിപത്യ ലംഘനമാണ്. വീക്ഷണസംബന്ധമായ തെറ്റ് എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ പ്രകടമായ ഒരു രാഷ്ട്രീയം പുലര്‍ത്താത്തവര്‍ ഇവരെല്ലാം സര്‍ഗപരമായ രംഗത്ത് സുപരിചിതമാണ്. അവരുടെ രാഷ്ട്രീയ നിലപാട് നോക്കിയിട്ടല്ല ഒരു പ്രസിദ്ധീകരണവും അവരുടെ കഥയും കവിതയും പ്രസിദ്ധീകരിക്കുന്നത്. അടിയന്തിരാവസ്ഥയിലെ നരമേധത്തെ പിന്തുണച്ച നിരവധി എഴുത്തുകാരുടെ കൃതികള്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഒരു കുറ്റബോധവും കൂടാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിനുമുമ്പും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇതൊക്കെ കേരളത്തില്‍ നടന്നിട്ടുണ്ട്. അന്നും ഇത്തരം പരിഗണനകള്‍ കൂടാതെ കഥകളും കവിതകളും പ്രബന്ധങ്ങളും മലയാളം ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ ഈ 2012ന് പ്രത്യേകമായി എന്ത് അന്തരീക്ഷമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത് എന്ന് വിശദീകരിക്കാന്‍ മലയാളം വാരികയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇടതുപക്ഷ സാസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ വിചാരിക്കുന്നത് ലോകവ്യാപകമായി തന്നെ ഒരു ഇടതുപക്ഷ വിരുദ്ധ സഖ്യം രൂപ്പപ്പെട്ടിട്ടുണ്ട്. ലോകവ്യാപകമായി തന്നെ എന്‍.ജി.ഒ സംഘടനകള്‍, വലതുപക്ഷ മാധ്യമങ്ങള്‍, വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുണ്ടായിരുന്നിട്ടും സ്വതന്ത്രരാണ് എന്ന് കാണിക്കുന്ന സാംസ്‌കാരിക നായകര്‍ ഇവരുടെയൊക്കെ വലിയ മഹാസഖ്യം രൂപപ്പെട്ടിട്ടുണ്ട്. അത്തരം മഹാസഖ്യങ്ങളും വാരികകളും പ്രസിദ്ധീകരണങ്ങളും നാളിതുവരെ ഇത്തരം ഉയര്‍ത്തിപ്പിടിച്ച ഒരു കാഴ്ചപ്പാടുണ്ട്, ഞങ്ങള്‍ ലിബറല്‍ ഹ്യൂമണിസ്റ്റുകളാണ്, ഞങ്ങള്‍ ഉദാരകാഴ്ചപ്പാടുള്ളവരാണ്, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നുവെന്നൊക്കെയാണ് ഇവര്‍ പറഞ്ഞിരുന്നത്.

സത്യത്തില്‍ പ്രഭാവര്‍മ്മയുടെ കവിത തിരസ്‌കരിക്കുക വഴി, അതിനുള്ള ന്യായം വ്യക്തമാക്കുക വഴി ഈ ഉദാര കാഴ്ചപ്പാടിന്റെ മുഖം മൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അവര്‍ നഗ്നരായി തീര്‍ന്നിരിക്കുകയാണ്. മാധ്യമഭീകരതയുടെ നഗ്നമായ മുഖമാണ് സമകാലീന മലയാളത്തിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തീര്‍ച്ചയായിട്ടും എഴുത്തുകാര്‍ ഏത് കാഴ്ചപ്പാട് പുലര്‍ത്തുന്നവരായാലും ഇതിനെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാണ്. അവരെന്ത് ചെയ്യും എന്നതാണ് ഇനി നമ്മള്‍ കാണേണ്ടത്. അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധമായൊരു കാഴ്ചപ്പാട് മലയാളത്തിലെ ഒരു വാരിക പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെതിരെ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും എന്ത് ചെയ്യുമെന്നതാണ് കേരളത്തെ സംബന്ധിച്ച് സാംസ്‌കാരികമായും സാമൂഹ്യമായും പ്രധാന്യമുള്ള കാര്യം എന്നാണ് എനിക്ക് തോന്നുന്നത്.

രാഷ്ട്രീയ കൊലപാതകം ന്യായീകരിച്ച ഒരാളുടെ ഇടപെടലനോടുള്ള പ്രതികരണമാണിത്; ബി.ആര്‍.പി ഭാസ്‌കരന്‍

കവികള്‍ ഫാസിസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍; ഉമേഷ്ബാബു കെസി

മലയാളം വാരികയുടെത് മാധ്യമഭീകരത; കെ.ഇ.എന്‍

എഴുത്തുകാരന്‍ ഇരകളുടെ ഭാഗത്തായിരിക്കണം;പി. ഗീത, പി.വി ഷാജികുമാര്‍, എന്‍. പ്രഭാകരന്‍

ജയചന്ദ്രന്‍ നായര്‍ ഒരു മൂന്നാംകിട പത്രപ്രവര്‍ത്തകന്‍;ഭാസുരേന്ദ്രബാബു

മനുഷ്യഹത്യയ്‌ക്കെതിരെ നിലപാടെടുക്കുകയെന്നത് ഒരെഴുത്തുകാരന്റെ കര്‍ത്തവ്യമാണ്;സന്തോഷ് എച്ചിക്കാനം


We use cookies to give you the best possible experience. Learn more