| Saturday, 26th May 2012, 9:33 pm

ടി.പി. വധം: പ്രഭാവര്‍മ്മയുടെ ഖണ്ഡകാവ്യം പ്രസിദ്ധീകരിക്കുന്നത് മലയാളം വാരിക നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ടി.പി. ചന്ദ്രശേഖരന്റെ വധത്തോടുള്ള പ്രഭാവര്‍മയുടെ നിലപാടുകളോട് വിയോജിച്ച് സമകാലിക മലയാളം വാരിക അദ്ദേഹത്തിന്റെ ഖണ്ഡകാവ്യം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. “ശ്യാമ മാധവം” എന്ന തുടര്‍ കാവ്യത്തിന്റെ പ്രസിദ്ധീകരണമാണ് നിര്‍ത്തിവെച്ചതായി മലയാളം വാരികയുടെ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ പത്രാധിപ കുറിപ്പിലൂടെ അറിയിച്ചത്.

ടി.പി.യുടെ കൊലപാതകത്തെ പരോക്ഷമായി പ്രഭാവര്‍മ്മ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയുമാണെന്നും ജയചന്ദ്രന്‍ നായര്‍ കുറിപ്പില്‍ പറയുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തെയാണ് പ്രഭാവര്‍മ്മ ന്യായീകരിക്കുന്നത്. എന്നാല്‍ താനും തന്റെ പ്രസിദ്ധീകരണവും ഇരയോടൊപ്പമാണെന്നും അദ്ദേഹം കുറിപ്പില്‍ പ്രഖ്യാപിക്കുന്നു.

അമ്പത്തൊന്ന് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യനെ അപഹരിച്ചവരെ വാക്കിന്റെ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ കൃത്യം വേറെ ഇല്ലെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. മനുഷ്യ കഥാനുഗായിയായ ഒരു സാഹിത്യകാരന് എങ്ങനെയാണ് ഇത്തരം ന്യായീകരണം നടത്താനാവുന്നതെന്നും വൈലോപ്പിള്ളിയുടെ കാവ്യ സപര്യയെ പിന്‍പറ്റി നില്‍ക്കുന്ന കവിയായ പ്രഭാര്‍മ്മയുടെ നിരീക്ഷണങ്ങള്‍ തന്നെ സങ്കടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഭാവര്‍മ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കവിതയുടെ പ്രസിദ്ധീകരണെം നിര്‍ത്തി വെയ്ക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ എന്നെത്തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസാദ്ധക കുറിപ്പ് അവസാനിപ്പിക്കുന്നത്. നിലവിലെ പ്രസിദ്ധീകരണ മാധ്യമങ്ങള്‍ ടി.പി. വധത്തില്‍ നിലപാടെടുക്കാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ മലയാളം വാരികയുടെ ഈ പ്രതികരണം സാംസ്‌കാരിക ലോകത്തില്‍ വന്‍ ചലനങ്ങല്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

We use cookies to give you the best possible experience. Learn more