| Thursday, 1st February 2018, 7:36 pm

'ഞാന്‍ എന്തുകൊണ്ട് മലയാള സര്‍വ്വകലാശാലയിലെ ഉത്തരീയമണിഞ്ഞ് ബിരുദദാനം സ്വീകരിക്കാന്‍ തയ്യാറായില്ല?' സമൂഹത്തില്‍ വേരുറപ്പിക്കുന്ന സവര്‍ണ്ണതക്കൊരു മറുപടി

ഗോപിക

കൊട്ടിഘോഷിക്കപ്പെട്ട് കേരളത്തിന്റെ ഭാഷാ സര്‍വ്വകാലശാലയുടെ മൂന്നാമത്തെ ബിരുദദാനം ചടങ്ങും കഴിഞ്ഞു. ഭാഷാപിതാവിന്റെ പേരില്‍തുടങ്ങിവച്ച ഭാഷാ സര്‍വ്വകലാശാലയിലെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളും മലയാളത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തിലാണെന്നാണ് അവകാശവാദം. ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ഥികള്‍ വേദിയിലെത്തിയത് “ഉത്തരീയ”മെന്ന വസ്ത്രം കഴുത്തിലണിഞ്ഞു കൊണ്ടായിരുന്നു.

മലയാളത്തിന്റെ പാരമ്പര്യവും കേരളത്തിന്റെ സ്വത്വത്തിന്റെയും പ്രതിനിധാനമാണ് ഉത്തരീയമെന്നും ആയതിനാല്‍ ഭാഷാ സര്‍വ്വകലാശാലയില്‍ കേരളത്തിന്റെ പാരമ്പര്യ വസ്ത്രധാരണത്തില്‍ തന്നെ പ്രതിനിധാനം ചെയ്യപ്പെടണമെന്നുമാണ് ഇക്കാര്യത്തെ പറ്റി അന്വേഷിച്ചപ്പോള്‍ പലരില്‍ നിന്നും എനിക്ക്  ലഭിച്ച മറുപടി.

ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ   സര്‍വ്വകലാശാലയുടെ   മൂന്നാമത്തെ ബിരുദദാന ചടങ്ങില്‍ ബിരുദം കൈപ്പറ്റാനെത്തിയ വിദ്യാര്‍ഥി കൂടിയായ എന്റെ ഉള്ളില്‍ കടന്നുകൂടി  സംശയമാണ്. എന്താണ് ഉത്തരീയം? കേരളത്തില്‍ ആരാണ് ഉത്തരീയം ധരിച്ചിരുന്ന വിഭാഗം? ഒടുവില്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എത്തിനിന്നത് കേരളത്തിന്റെ സവര്‍ണ്ണ വിഭാഗത്തിന്റെ തറവാട്ടുമുറ്റങ്ങളിലാണ്. ബ്രാഹ്മണ്യവും, നായര്‍ ഫ്യൂഡലിസവും പുലര്‍ന്നിരുന്ന ഒരു കാലം കേരളീയ ചരിത്രത്താളുകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്.

അടിയാളരെ ചൂഷണം ചെയ്തിരുന്ന ആ സാമൂഹ്യസ്ഥിതിയില്‍ മേലാളവര്‍ഗത്തിന്റെ ഉടയാട സങ്കല്പ്പമായിരുന്നു കസവ് തുന്നിച്ചേര്‍ത്ത ഉത്തരീയം എന്നറിയപ്പെടുന്ന മേല്‍മുണ്ടുകള്‍. സവര്‍ണ്ണ സമൂഹം മാത്രം ഉപയോഗിച്ചിരുന്ന ഈ വസ്ത്രസങ്കല്പ്പം എങ്ങനെയാണ് കേരളത്തിന്റെ മൊത്തം സംസ്‌കാര സങ്കല്പ്പങ്ങളുടെ ഭാഗമായതെന്ന് എത്ര  ആലോചിട്ടും  എനിക്ക് മനസ്സിലാകുന്നില്ല.

സവര്‍ണ്ണതാ സങ്കല്പ്പമല്ല സര്‍വ്വകലാശാല അകത്തളങ്ങളില്‍ നിന്നുണ്ടാകേണ്ടത്. അടിയാളരും ദളിതരും തുടങ്ങിയ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ പ്രതിനിധാനങ്ങള്‍ മറന്നുകൊണ്ട് ഒരുകാലത്തെ അധീശവിഭാഗത്തിന്റെ ഉടയാട- സ്വാഭാവങ്ങളും പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിച്ചു നല്‍കാന്‍ കഴിയില്ല.

പതിനാറാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പേരിലാണ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത്. ഭാഷാ പിതാവെന്നതിലുപരി കേരളത്തില്‍ അന്നു നിലനിന്നിരുന്ന സവര്‍ണ്ണ ബോധങ്ങളെ തന്റെ കൃതികളിലൊളിപ്പിച്ച ആശയങ്ങളിലൂടെ വിമര്‍ശിച്ച വ്യക്തി കൂടിയാണദ്ദേഹം.

വേദത്തിനാധാരഭൂതമ്മാരിക്കാണായൊരു
ഭൂദേവ പ്രവരന്‍മാര്‍ തദ്വരശാപാദികള്‍
ധാതൃശങ്കരവിഷ്ണു പ്രമുഖന്‍മാര്‍ക്കും മതം
വേദജ്ഞോത്തമന്‍മാര്‍മാഹാത്മ്യമങ്ങളാര്‍ക്കു ചൊല്ലാം
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍
വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലിടുന്നേന്‍
എഴുത്തച്ഛന്‍

രചനകള്‍ തുടങ്ങുന്നതിനു മുമ്പ് ദൈവങ്ങള്‍ വരെ പേടിക്കുന്ന ജന്മിവിഭാഗത്തിന്റെയും ബ്രാഹ്മണമേധാവിത്വത്തിന്റെയും അനുവാദത്തോടെ എഴുതാന്‍ തന്നെ അനുവദിക്കണമെന്ന വാക്യത്തോടെയാണ് എഴുത്തച്ഛന്‍ തന്റെ കൃതികള്‍ രചിച്ചു തുടങ്ങിയിരുന്നത്. അവര്‍ക്ക് വിധേയപ്പെടലായിരുന്നില്ല മറിച്ച് വരികള്‍ക്കിടയില്‍ സാമൂഹികസ്ഥിതിയെ അനാവരണം ചെയ്യുകയായിരുന്നു എഴുത്തച്ഛന്‍.

സവര്‍ണ്ണരെ വിമര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ നാമത്തില്‍ നടത്തുന്ന സര്‍വ്വകലാശാല സ്ഥാപനത്തിനുള്ളില്‍ വീണ്ടും സവര്‍ണ്ണബോധങ്ങളെ നിറയ്ക്കാന്‍ ശ്രമിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഉത്തരീയമെന്ന പദത്തെ കൂടുതല്‍ പരിചിതമാക്കിയത് എഴുത്തച്ഛന്റെ പേരിലുള്ള സര്‍വ്വകലാശാലയാണ്. ശരിക്കും എന്താണ് ഉത്തരീയമെന്നുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

പ്രാചീന കേരളീയ സമൂഹത്തില്‍ ആഢ്യത്യവും സവര്‍ണ്ണ പൈതൃകവും ഉണ്ടെന്നവകാശപ്പെടുന്ന ജാതിക്കോമരങ്ങള്‍ ചാര്‍ത്തിയിരുന്ന വസ്ത്ര സങ്കല്പ്പങ്ങളിലൊന്നാണ് ഉത്തരീയം. മലയാളിയുടെ പൊതുവായ പാരമ്പര്യ വസ്ത്രസങ്കല്പ്പങ്ങളിലൊന്നാണ് ഉത്തരീയമെന്ന് പറഞ്ഞ് വിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണഘട്ടത്തിന് അന്ത്യമിടാനുള്ള മലയാള ഭാഷാ സര്‍വ്വകലാശാലയുടെ തീരുമാനം ചോദ്യംചെയ്യപ്പെടേണ്ടതാണ്.  ചില വ്യവസ്ഥകള്‍ അനുസരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സവര്‍ണ്ണ ചിഹ്നങ്ങള്‍ അണിഞ്ഞുകൊണ്ട് ബിരുദദാനം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. ആദ്യം സഹബിരുദദാരികള്‍ക്ക് ചില ആശങ്കകള്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് അവരില്‍ പലരും ഉത്തരീയത്തിന്റെ പിന്‍ബലമില്ലാതെ തന്നെ വേദിയിലേക്കെത്തിയപ്പോള്‍ മനസ്സിലായി ഈ വ്യവസ്ഥയില്‍ തൃപ്തരല്ലാത്ത വിഭാഗം സര്‍വകലാശാലക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ടെന്ന്. ഉത്തരീയമെന്ന സവര്‍ണ്ണ ചിഹ്നം ധരിക്കാതെ വേദിയിലെത്തിയവരെ മറ്റു വിദ്യാര്‍ഥികള്‍ കൈയ്യടിയോടെ സ്വീകരിച്ചതും ഇതിനുദാഹരണമാണ്.

അടിച്ചമര്‍ത്തലിന്റെയും ജാതിവ്യവസ്ഥയുടെയും ചൂഷണങ്ങള്‍ വേണ്ടതിലധികം അനുഭവിച്ച ജനതയാണ് കേരളീയ സമൂഹം. സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ജാതിയടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്ക് ഒരു അന്ത്യം വരുത്താന്‍ സാധിച്ചത്. ജന്മിക്കുമുന്നില്‍ കൈയ്യും കെട്ടി വിധേയപ്പെട്ടുനിന്ന അടിയാള വിഭാഗത്തിന്റെ ഉന്നമനം വളരെ ശ്രമകരമായ ജോലികളിലൊന്നായിരുന്നു.

സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് ജാതി-മത-ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന സാമൂഹിക പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയെന്നതാണ്. എന്നാല്‍ ഇല്ലാത്ത പാരമ്പര്യത്തിന്റെ പേരില്‍ മണ്‍മറഞ്ഞ സവര്‍ണ്ണ ബോധങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

ഉദാഹരണങ്ങള്‍ തേടി ബനാറസിലേക്കോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കോ പോകേണ്ട കാര്യമില്ല. ഇവിടെ കേരളത്തില്‍ തന്നെ പാരമ്പര്യമെന്ന പേരില്‍ സവര്‍ണ്ണ ബോധത്തില്‍ അഭിരമിക്കുന്ന സര്‍വ്വകലാശാല ആസ്ഥാനം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പേരില്‍ തിരൂരില്‍ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്.

2012 ല്‍ സ്ഥാപിതമായ ഭാഷാസര്‍വ്വകലാശാലയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല. നാളിതുവരെ മൂന്ന് ബാച്ചുകള്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങിയ സര്‍വ്വകലാശാലയില്‍ എല്ലാ കാര്യപരിപാടികളും മലയാള ഭാഷയില്‍ തന്നെയാണ് നടക്കുന്നത്. സര്‍വ്വകലാശാല ബിരുദദാന ചടങ്ങിന്റെ വിരോധാഭാസമാണ് മലയാളത്തിന്റെ സ്വത്വം ഇതാണോയെന്ന  എന്റെ
ആലോചനകള്‍ക്ക് തുടക്കം കുറിക്കുന്നത്.

കേരളീയ പശ്ചാത്തലം സര്‍വ്വകലാശാലയുടെ മുതല്‍ക്കൂട്ടാണെന്ന വാദത്തിന് പിന്തുണയേകാനായി അത്തരത്തിലുള്ള വ്യവസ്ഥകളാണ് സര്‍വ്വകലശാലയുടെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടുന്നത്. നാലുകെട്ട് വാസ്തു രീതിയിലാണ് സര്‍വ്വകലാശാല കെട്ടിടങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നത്. മലയാളത്തനിമ വിളിച്ചോതുന്ന ചുമര്‍ചിത്രങ്ങളും കലാരൂപങ്ങളും ആണ് ആദ്യമയായി എത്തുന്ന എതൊരാളുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകം.

ഇവിടം മുതലാണ് വിരോധാഭാസങ്ങളുടെ തുടക്കം. മലയാളിയുടെ ആലോചന പരിസരങ്ങളില്‍ സവര്‍ണ്ണത കലര്‍ത്തുന്ന ജീവിതരീതികളുടെ പ്രതിനിധാനമാണ് ഭാഷാ സര്‍വ്വകലാശാലയില്‍ കാണുന്നത്. കേരളീയ പശ്ചാത്തലത്തില്‍ നാലുകെട്ട് വസതികള്‍ക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ ആരാണ് നാലുകെട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും അതിനുള്ളിലെ ജീവിതം ശ്വാസം മുട്ടിയതായിരുന്നെന്നും ബോധമുള്ള മലയാളിക്ക് പറഞ്ഞു പഠിപ്പിച്ചു തരേണ്ട കാര്യമില്ല.

എന്നാല്‍ നാലുകെട്ടാണ് മലയാളി പാരമ്പര്യത്തിന്റെ മുഖമുദ്രയെന്ന് രീതിയിലുള്ള നിര്‍മ്മാണമാണ് ഭാഷാ സര്‍വ്വകലാശാലയുടേത്. യഥാര്‍ഥ കേരളീയ സമൂഹത്തിന്റെ ആത്മാവുറങ്ങുന്നത് ചാളകളിലും അടിയാള കുടികളിലുമാണ്. എന്നുവച്ച് സര്‍വ്വകലാശാല മന്ദിരങ്ങളില്‍ ചാളകളുടെ നിര്‍മ്മാണ ശൈലി കൊണ്ടുവരണമെന്ന അഭിപ്രായമില്ല. നുറ്റാണ്ടുകള്‍ക്ക് മുമ്പ് പൊട്ടിച്ചെറിയപ്പെട്ട സ്ഥാപനങ്ങളെയും സമ്പ്രദായങ്ങളെയും തിരിച്ചുകൊണ്ടുവന്ന് അതാണ് മലയാളിയുടെ പാരമ്പര്യമെന്നാവകാശപ്പെടുന്ന രീതി ഒരുതരം കപടസ്വത്വ രൂപീകരണമാണ്.

കേരളത്തിന്റെ സവര്‍ണ്ണ ജനതകളുടെ പ്രതിനിധാനമായിരുന്ന കേരളത്തിന്റെ നാലുകെട്ട് സമ്പ്രദായം എങ്ങനെ മലയാളത്തിന്റെ പാരമ്പര്യമാണെന്ന് പറയാന്‍ കഴിയും. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും മറ്റ് തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ആശ്രയ കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വ്വകലാശാലകള്‍ ഇത്തരത്തില്‍ സവര്‍ണ്ണ ബോധങ്ങളില്‍ അഭിരമിക്കുന്നത് തികച്ചും നിരുത്തരവാദപരമാണ്. കേരളത്തിന്റെ കലകളിലും ജീവിതരീകളിലും സവര്‍ണ്ണ നിറം അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ ബൗദ്ധിക സമൂഹം എതിര്‍ക്കേണ്ട സമയം വളരെയധികം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിന്റെ ആത്മാവുറങ്ങുന്നത്, അല്ലെങ്കില്‍ മലയാളത്തിന്റെ ജീവനാഡിയൊഴുകുന്നത് നാലുകെട്ടുകള്‍ക്കുള്ളിലല്ല. അത്തരമൊരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് പരിഷ്‌കരണങ്ങളുടെയും നിരന്തര സമരങ്ങളുടെയും ഫലമായി സമത്വം നേടിയെടുത്ത് പൂര്‍വ്വികര്‍ ആണ് കേരളത്തിന്റെ ചരിത്രത്തില്‍ ചില്ലിട്ടു വയ്ക്കപ്പെട്ടത്. അത്തരത്തില്‍ സാമൂഹിക പശ്ചാത്തലത്തിന്റെയും ജാതി-മത സവര്‍ണ്ണബോധത്തിന്റെയും പ്രചരണമാണ് ഭാഷാ സര്‍വ്വകലാശാലയിലെ ചടങ്ങുകള്‍ എന്ന് സത്യം ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നാവും.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more