Kerala
മലയാളം സര്‍വകലാശാല ഭൂമി ഇടപാടിന് സമ്മര്‍ദ്ദം ചെലുത്തിയത് സി.പി.ഐ.എം ഉന്നതനോ?; കെ.ടി ജലീല്‍ തിടുക്കപ്പെട്ട് നടപടിയെടുത്തത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: മലയാളം സര്‍വകലാശാലയുടെ വിവാദ ഭൂമി ഇടപാട് വീണ്ടും ചര്‍ച്ചയാവുകയാണ്. വിഷയം സി.പി.ഐ.എമ്മിനകത്തും ചര്‍ച്ചയാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടില്‍ സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തിയത് സി.പി.ഐ.എം ഉന്നതനാണെന്ന സൂചനയും ഉയരുന്നുണ്ട്.
കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതോടെയാണ് നടപടിക്രമങ്ങള്‍ പുനരാരംഭിച്ചത്. വിവാദവിഷയത്തില്‍ പെട്ടന്ന് തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് മന്ത്രി തുടക്കത്തില്‍ സ്വീകരിച്ചതെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പിന്നീട് സി.പി.ഐ.എം ഉന്നതന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഫയലില്‍ ഒപ്പുവെക്കുകയായിരുന്നുവെന്ന് മന്ത്രിയുടെ അടുത്തവൃത്തങ്ങള്‍ പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഉന്നതനാണ് നടപടികള്‍ വേഗത്തിലാക്കാനും തുക അനുവദിക്കാനും ഇടപെട്ടത്. ഈ ഇടപെടലിനെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തിയെന്ന് സൂചനയുണ്ട്. ഇക്കാര്യങ്ങള്‍ കെ.ടി. ജലീല്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. തിരൂരിലെ പാര്‍ട്ടി ലോക്കല്‍കമ്മിറ്റി അംഗം ഉള്‍പ്പെട്ട ഫ്‌ളാറ്റ് വ്യവസായികളുടേതാണ് ഇപ്പോഴത്തെ വിവാദഭൂമിയെന്നാണ് ആരോപണം.
സര്‍വകലാശാലയ്ക്കുവേണ്ടി കണ്ടെത്തിയ ഭൂമി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍തന്നെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ ജില്ലാനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിവാദവിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് ജില്ലാനേതൃത്വം സംസ്ഥാനകമ്മിറ്റിയെ അറിയിച്ചിരുന്നതായാണ് വിവരം. വിഷയം രണ്ടുതവണ മന്ത്രിസഭയുടെ മുന്നിലെത്തിയെങ്കിലും തത്കാലം മാറ്റിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ സഭയിലുള്ള ചിലരെ കരുവാക്കുകയാണെന്നയായിരുന്നു ഇതിന് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. വിഷയം അടിന്തിര പ്രമേയമായി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും വാക്‌പോര് സഭയ്ക്കു പുറത്തേക്ക് നീളുകയും ചെയ്തു. 10,000 രൂപ പോലും വിലയില്ലാത്ത സ്ഥലം 1.6 ലക്ഷം രൂപ കൊടുത്തു വാങ്ങുന്നതു കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
മന്ത്രി കെ.ടി ജലീല്‍ ഇതിനു കൂട്ടുനിന്നെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഭൂമാഫിയയുടെ വലിയ ഇടപെടല്‍ ഇതില്‍ ഉണ്ടായിട്ടുണ്ടെന്നും ഇടപാടില്‍ മന്ത്രിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, മലയാളം സര്‍വകലാശാലയ്ക്കായി സ്ഥലമേറ്റെടുക്കല്‍ നടപടികളെല്ലാം നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നും സ്ഥല കച്ചവടക്കാരും ഏജന്റുമാരുമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നുമാണ് ജലീല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.