മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ പത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി. നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അധ്യാപക നിയമനത്തില്‍ പാലിക്കേണ്ട യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്.
2016 -ല്‍ മലയാള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മിനിമം യോഗ്യത സംബന്ധിച്ച 2010-ലെ യു.ജി.സി ചട്ടങ്ങളും 2013-ലെ സര്‍വ്വകലാശാലാ നിയമങ്ങളും പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് റദ്ദാക്കല്‍. ജസ്റ്റിസ് ഷാജി പി. ചാലിയാണ് പത്തു പേരുടെയും നിയമനങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.
നിയമനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ച് ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. റദ്ദാക്കിയ തസ്തികകളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി വിഞ്ജാപനം പുറപ്പെടുവിക്കും.
നിയമനം നടത്തിയപ്പോള്‍ ഇന്റര്‍വ്യൂ പാനല്‍ രൂപീകരണത്തില്‍ വരുത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവന്‍ നടപടികളിലും സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ എന്നിവ പരിഗണിച്ചാണ് വിധി. കെ ജയകുമാര്‍ ഐ.എ.എസ് വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങള്‍ എല്ലാം തന്നെ നടന്നതെന്നാണ് റിപ്പോര്‍ട്ട്
ഡോ. ജെയ്‌നി വര്‍ഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വര്‍മ്മ, ഡോ. കെ.എസ് ഹക്കീം, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എന്‍.ജി, ഡോ. എസ്.എസ് സ്വപ്ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.
അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളായ ഡോ.സതീഷും മറ്റ് ഒമ്പത് പേരും നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. വാദി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് എം.പി ശ്രീകൃഷ്ണന്‍, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവര്‍ ഹാജരായി.
പരിസ്ഥിതി പഠനം, മാധ്യമ പഠനം, പ്രാദേശിക വികസന പഠനം, ചരിത്രം, സോഷ്യോളജി വകുപ്പുകളിലാണ് 2016ല്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍, നിയമനത്തിന് ചുമതലപ്പെടുത്തിയ സെലക്ഷന്‍ സമിതികള്‍ ചട്ടപ്രകാരമായിരുന്നില്ലെന്നാണ് കോടതിയുടെ നിരീ
ക്ഷണം.
സെലക്ഷന്‍ സമിതിയില്‍ ആവശ്യമായ അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടാതെ, ഓരോ വിഷയുമായി ബന്ധപ്പെട്ട വിദഗ്ധരുമുണ്ടായിരുന്നില്ല. സെലക്ഷന്‍ നടപടി സുതാര്യവും വിശ്വാസ്യയോഗ്യവുമായിരുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. അപേക്ഷകരുടെ യോഗ്യത വിലയിരുത്താനുതകുന്ന രീതിയിലായിരുന്നില്ല സമിതിയുടെ പ്രവര്‍ത്തനമെന്നും കോടതി നിരീക്ഷിച്ചു.
പട്ടിക വിഭാഗം, പിന്നോക്ക വിഭാഗങ്ങള്‍, സ്ത്രീ, ഭിന്നശേഷി വിഭാഗക്കാരായ അപേക്ഷകരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ വിഭാഗത്തില്‍ പെട്ടെവരെ സെലക്ഷന്‍ സമിതിയിലേക്ക് വൈസ് ചാന്‍സിലറോ പി.വി.സിയോ നാമനിര്‍ദ്ദേശം ചെയ്യണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.
സ്വേച്ഛാപരവും നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ രീതിയിലുമുള്ള നിയമന രീതി നിയമപരമായ എല്ലാ അടിസ്ഥാന തത്വങ്ങളെയും ലംഘിക്കുന്നതായിരുന്നെന്നും വിലയിരുത്തിയാണ് പത്ത് പേരുടെയും നിയമനം റദ്ദാക്കിയത്.