രണ്ട് പതിറ്റാണ്ടുകളേറെ മുമ്പ് പുടിന്‍ ഭരണമേറ്റെടുത്തതില്‍പ്പിന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഭീഷണിയെ നേരിടേണ്ടി വരുന്നത്. പ്രിഗോഷിനെ സംബന്ധിച്ച് പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന(ഉക്രെയിനില്‍)യുദ്ധവും റഷ്യന്‍ ഏകാധിപത്യത്തിന് മേല്‍ അതുണ്ടാക്കുന്ന ശക്തമായ ആഘാതവും അനുകൂല ഘടകങ്ങളാണെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു അട്ടിമറി ശ്രമം അവസാനത്തെതായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല | മുര്‍തസാ ഹുസൈന്‍ The Intercept ല്‍ എഴുതിയ ലേഖനത്തിന് ഷാദിയ നാസിര്‍ തയ്യാറാക്കിയ മലയാളം പരിഭാഷ
പുടിനെതിരെയുള്ള യെവ്ഗെനി പ്രിഗോഷിന്‍ന്റെ അട്ടിമറി ഭീഷണി വിരല്‍ ചൂണ്ടുന്നത് കഴിഞ്ഞ കാലങ്ങളിലെ റഷ്യയുടെ യുദ്ധ പരാജയങ്ങളിലേക്കാണ്. ഒരുപക്ഷേ പുടിനും അഭിമുഖീകരിക്കാന്‍ പോകുന്ന വിധി മുന്‍ഭരണാധികാരികളുടേതിന് സമാനമായിരിക്കാം. അതായത് പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ തിരിച്ചടിയെന്നോണം ഒരു സായുധ കലാപത്തിന് തിരികൊളുത്താനുള്ള സാധ്യത അവിടെ നിലനില്‍ക്കുന്നുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍
ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം വിനാശകാരിയായാെരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് ഏറ്റവും വലിയൊരു സാഹസമായിരിക്കാം. ഒരു വര്‍ഷത്തിലധികമായുള്ള റഷ്യയുടെ ക്രൂരമായ ഉക്രെയിന്‍ അധിനിവേശത്തിനാെടുവില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇപ്പോള്‍ തെറ്റായൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
യെവ്ഗനി പ്രിഗോഷിന്‍
സൈന്യത്തിലെ ഉപചാരകനായി പിന്നീട് സൈനിക മേധാവിയായി മാറിയ ആളാണ് യെവ്ഗനി പ്രിഗോഷിന്‍.
കഴിഞ്ഞ മാസം വേഗനര്‍ ഗ്രൂപ്പിന്റെ സായുധ സൈനികര്‍ പുടിന്‍ ഭരണകൂടത്തിനെതിരെ ഒരു അട്ടിമറി ശ്രമം നടത്തി. 24 മണിക്കൂര്‍ നീണ്ടുനിന്ന നീക്കങ്ങള്‍ അതിന്റ പാരമ്യത്തില്‍ എത്തിയപ്പോള്‍ പ്രിഗോഷിന്റെ നിയന്ത്രണത്തിലുള്ള സൈനികര്‍ തന്ത്രപ്രധാന നഗരമായ റസ്‌തോ ആന്‍ഡോണ്‍ പിടിച്ചെടുക്കുകയും മോസ്‌കോ ലക്ഷ്യമാക്കി കുതിക്കുകയും ചെയ്തു.
ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കുമൊടുവില്‍ ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ പ്രിഗോഷിന്‍ തന്റെ സൈനിക വിഭാഗങ്ങളെ തിരിച്ചു വിളിച്ചു എന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അത് ആദ്യമായി പുടിന്റെ സര്‍വ്വാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. പഴയ റഷ്യന്‍ സാമ്രാജ്യത്ത്വ പ്രതാപകാലത്തിന്റെ അനന്തരാവകാശിയായി സ്വയം അവരോധിക്കുന്ന പുടിന്‍ ഒരു പക്ഷേ ആത്യന്തിമായി അദ്ദേഹത്തിന്റെ മുന്‍ഗാമികളായ രാജാക്കന്‍മാരുടെതിന് സമാനമായ വിധിയെ പുല്‍കി വലയേണ്ടി വന്നേക്കാം.
അതായത് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ തിരിച്ചടിയെന്നോണം അദ്ദേഹത്തിന്റെ ഭരണത്തിനെതിരില്‍ ഒരു സൈനിക പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ട്.
‘ഇത് നമ്മുടെ രാജ്യത്തേയും ജനങ്ങളേയും പിന്നില്‍നിന്ന് കുത്തിയതാണ്. യഥാര്‍ത്ഥത്തില്‍1917ല്‍ രാജ്യം ഒന്നാം ലോകമഹായുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സമരത്തെ അഭിമുഖീകരിക്കേണ്ടി വരികയും അത് യുദ്ധ പരാജയത്തിന് കാരണമാവുകയും ചെയ്തു. ‘വെള്ളിയാഴ്ച രാത്രി പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
പ്രക്ഷോഭത്തെ അദ്ദേഹം ഉപമിച്ചത് ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യയില്‍ സാര്‍ ഭരണകൂടത്തിന്റെ നാശത്തിന് കാരണമായ വിപ്ലവത്താേടാണ്. ‘സൈന്യത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം കുതന്ത്രങ്ങളും തര്‍ക്കങ്ങളും ഒരു മഹാദുരന്തമായി മാറിയേക്കാം. സൈന്യത്തിന്റെയും രാജ്യത്തിന്റെ തന്നെയും നാശത്തിനും വലിയ രീതിയില്‍ രാജ്യാതിര്‍ത്തികള്‍ നഷ്ടപ്പെടുന്നതിനും ഇത് കാരണമാവുകയും വലിയ വിപത്തുകളും ആഭ്യന്തരയുദ്ധങ്ങളും ഉണ്ടാവാന്‍ ഇടവരുത്തുകയും ചെയ്യും. ‘
തീവ്ര വലതുപക്ഷമായ ഇന്നത്തെ വേഗനര്‍ ഗ്രൂപ്പിന് അന്ന് വിപ്ലവത്തില്‍ സാര്‍ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം പിടിച്ചെടുക്കുകയും സോവിയറ്റ് യൂണിയന്‍ രൂപീകരിക്കുകയും ചെയ്ത ഇടതുപക്ഷമായ ബോള്‍ഷെവിക്കുകളുമായി സമാനതകള്‍ യാതൊന്നും ഇല്ല. എന്നിരുന്നാലും പുടിന്‍ ഭരണകൂടത്തെ പിടിച്ചുലച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും അതിനു കാരണമായ സാഹചര്യങ്ങളും ഒരു നൂറ്റാണ്ടിലേറെ കാലം മുമ്പേ നടന്ന പ്രസ്തുത പ്രക്ഷോഭത്തിന് തിരി കൊളുത്തിയ കാരണങ്ങളുമായി സാദൃശ്യമുണ്ട്.
പ്രത്യേകിച്ച് യുദ്ധ പരാജയത്തില്‍ നിന്നുരുത്തിരിഞ്ഞ അസംതൃപ്തിയാണത്.
സാര്‍ ഭരണകൂടത്തിന്റെ എതിരാളികള്‍ റെവല്യൂഷണറി കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രചോദനം അങ്ങേയറ്റം ഉള്‍ക്കൊണ്ടവരായിരുന്നു. എങ്കിലും ഒന്നാം ലോക മഹായുദ്ധവും അതുമൂലമുണ്ടായ കെടുതികളും ഇല്ലായിരുന്നുവെങ്കില്‍ അത്തരത്തില്‍ ഒരു വിപ്ലവം തന്നെ അവിടെ നടക്കില്ലായിരുന്നു. യുദ്ധം മൂലമുണ്ടായ കഷ്ടപ്പാടുകളാണ് വിപ്ലവം ആളിക്കത്തിക്കാനുള്ള ഇന്ധനം നല്‍കിയത്.
സ്വന്തം ജീവിതവുമായും തങ്ങളുടെ താല്‍പര്യങ്ങളുമായും പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ട്രഞ്ച് യുദ്ധങ്ങളിലെ കുരുതിക്കളങ്ങളിലേക്ക് ബലിയാടുകളായി വലിച്ചെറിയപ്പെടുന്നതില്‍ മനം മടുത്ത റഷ്യക്കാര്‍ ഒടുവില്‍ സാര്‍ ഭരണകൂടത്തിനെതിരെ തിരിയുകയും വളരെ വേഗത്തില്‍ സംഘര്‍ഷത്തിനറുതി വരുത്താന്‍ ഏറ്റവുമധികം പ്രാപ്തിയുള്ളതെന്നു തോന്നിക്കുന്ന ഏതൊരു പ്രസ്ഥാനത്തെയും പിന്തുണക്കുകയും ചെയ്തു.
യുദ്ധം ആത്യന്തകമായി സാര്‍ ഭരണകൂടത്തിനെതിരില്‍ വലിയ തോതിലുള്ള മോഹഭംഗത്തിന് ഇട വരുത്തുകയും, ഇത് രോഷാകുലരായ ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി വര്‍ത്തിച്ച് നിക്കോളാസ് രണ്ടാമന്റെ ഭരണത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. അതോടൊപ്പം അവരുടെ അവസാനത്തെ ഏകാധിപതിയെ സംരക്ഷിച്ചതുകൊണ്ട് യാതൊന്നും നേടാനില്ലെന്ന് സാധാരണക്കാരായ റഷ്യക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
‘മറ്റേതു മഹാശക്തികളേക്കാളും കൂടുതല്‍ അസ്ഥിരതയും ഗൗരവമേറിയ ആഭ്യന്തര പ്രശ്‌നങ്ങളും നിലനിന്നിരുന്ന രാഷ്ട്രമായിരുന്നു റഷ്യ. അതുകൊണ്ടു തന്നെ യുദ്ധത്തിന്റെ ആഘാതത്താല്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ക്ക് തീവ്രതയും കൂടുതലായിരുന്നു. ‘ ഒഹായോ യൂണിവേഴ്‌സിറ്റിയിലെ റഷ്യന്‍ ചരിത്ര വിദഗ്ദനായ സ്റ്റീവെന്‍ മൈനെര്‍ ഒന്നാം ലോക മഹായുദ്ധം റഷ്യന്‍ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുള്ള ഒരു വിശകലനത്തില്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.
സമകാലീന റഷ്യയെ ഏളുപ്പത്തില്‍ വര്‍ണ്ണിക്കാനുതകുന്ന വാക്കുകളാണിവ. അദ്ദേഹം തുടരുന്നു, ‘യുദ്ധമില്ലാതെയും തകര്‍ച്ച എന്നത് സാധ്യമായിരുന്നു, പക്ഷെ എന്റെ കാഴ്ചപ്പാടില്‍ അത് എല്ലായ്‌പ്പോഴുമല്ല. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന ആകസ്മികമായ വിപത്തുകളുടെ ഭാഗഭാക്കാവുന്നത് തകര്‍ച്ച ഏറെക്കുറെ അനിവാര്യതയായി മാറ്റി’
പുടിന്റെ സ്വേച്ഛാധിപത്യവും അതേപ്രകാരം തന്നെയാണ്. കഴിവില്ലായ്മ, അഴിമതി, സ്വന്തം ജനതയനുഭവിക്കുന്ന ദുരിതങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കല്‍ തുടങ്ങിയ പ്രത്യേകതകളുടെ സമന്വയമാണ് അദ്ദേഹത്തിന്റെ ഭരണം.
2022 ന്റെ തുടക്കത്തിലെ ഉക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ സമൂഹം ധ്രുതഗതിയില്‍ ദരിദ്രരാക്കപ്പെട്ടു.
സാമ്പത്തിക ഭദ്രതയുള്ള റഷ്യക്കാര്‍ രാജ്യം വിട്ട് തുര്‍ക്കി, ദുബൈ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പതിനായിരക്കണക്കിനോ , ഒരുപക്ഷെ അതിലധികമോ റഷ്യക്കാര്‍ യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ കിഴക്കന്‍ ഉക്രെയിനിലെ ഇരുണ്ട യുദ്ധക്കളങ്ങളിലേക്ക് മരണം വരിക്കാന്‍ വേണ്ടി അയക്കപ്പെട്ടു. ഇവരില്‍ വേഗനര്‍ ഗ്രൂപ്പിന്റെ പോരാളികളായി റിക്രൂട്ട് ചെയ്യപ്പെട്ട മുന്‍ ജയില്‍പുള്ളികളും ഉള്‍പ്പെടുന്നു.
ഏകാധിപതികളുടെ താല്‍പര്യപ്രകാരം മാത്രം പൊട്ടിപ്പുറപ്പെടുകയും പോരാളികളുടെ ജീവന് പുല്ലുവില കല്‍പിക്കാതിരിക്കുകയും ചെയ്ത ഒന്നാം ലോകമഹായുദ്ധത്തെപ്പോലെത്തന്നെ ഉക്രൈനില്‍ സംഭവിച്ച ഈ മരണങ്ങള്‍ എന്തിനു വേണ്ടിയാണെന്ന കാര്യത്തില്‍ പല റഷ്യക്കാര്‍ക്കും വ്യക്തതയില്ല. മാത്രമല്ല സംഘര്‍ഷം അടുത്ത കാലത്തൊന്നും അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ലതാനും.
അസന്തുഷ്ടി നിറഞ്ഞ ഈ സാഹചര്യത്തെ മുതലെടുത്തു കൊണ്ടാണ് പ്രിഗോഷിന്റെ കടന്നുവരവ്.
ഇപ്പോള്‍ നന്നേ ചുരുങ്ങിയത് 25000 സൈനിക ട്രൂപ്പുകള്‍ തന്റെ ആജ്ഞാനുവര്‍ത്തികളായിട്ടുണ്ട് എന്നദ്ദേഹം അവകാശപ്പെടുന്നു. വളരെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട ഉക്രെയിനിലെ യുദ്ധമുണ്ടാക്കിയ സ്വാധീനത്തെ ക്കുറിച്ചുള്ള തന്റെ ചിന്തകള്‍ അദ്ദേഹം ഒരിക്കലും മറച്ചു വെച്ചില്ല.
പ്രവിശ്യയുടെ ചെറിയ തുണ്ടിനുവേണ്ടി അതിദാരുണമായ ജീവത്യാഗം നടക്കുന്നതായിട്ടാണ് കഴിഞ്ഞ വര്‍ഷം ഉക്രെയിനില്‍ കാണപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധത്തിലെ വ്യര്‍ത്ഥമായ പോരാട്ടങ്ങളുമായും ട്രഞ്ച് യുദ്ധങ്ങളുമായും ഇതിന് വിചിത്രമായ സാമ്യമുണ്ട്. നാനാഭാഗങ്ങളിലും കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് പകരമായി ബഖമുത് പോലുള്ള സ്ഥലങ്ങളില്‍ നഗരങ്ങള്‍ വെറും അവശിഷ്ടങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.
ബഖമുതിലെ തകര്‍ന്ന കെട്ടിടങ്ങളിലൊന്ന്. ചിത്രത്തിന് കടപ്പാട് : The New York Times
റഷ്യന്‍ സൈനിക നേതൃത്വം യുദ്ധത്തിന്റെ ശരിയായ നാശനഷ്ടങ്ങള്‍ മറച്ച് വെച്ച് പകരം തെറ്റായ കണക്കുകളാണ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത് എന്ന് വേഗനര്‍ ഗ്രൂപ്പിന്റെ തലവന്‍ കുറ്റപ്പെടുത്തുന്നു. അതേ പോലെത്തന്നെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് റഷ്യക്കുമേല്‍ ഉക്രെയിനും നാറ്റോയും തീര്‍ത്ത ഭീഷണിയെ റഷ്യന്‍ നേതൃത്ത്വം പെരുപ്പിച്ച് കാണിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എണ്ണമറ്റ നമ്മുടെ യോദ്ധാക്കളും നമ്മുടെയെല്ലാം സുഹൃത്തുക്കളായ കുറെയധികം പോരാളികളും കൊല്ലപ്പെട്ടിരിക്കുന്നു. ‘ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഓഡിയോ സന്ദേശത്തില്‍ പ്രിഗോഷിന്‍ പറഞ്ഞു. ‘രാജ്യത്തെ സൈനിക നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന ഈ ദുഷ്‌കൃത്യങ്ങള്‍ക്ക് അറുതി വരുത്തുക തന്നെ വേണം. പട്ടാളക്കാരുടെ ജീവനെ അവര്‍ അവഗണിക്കുന്നു. ‘നീതി’ എന്ന പദം തന്നെ അവര്‍ മറന്നിരിക്കുന്നു.’
പ്രിഗോഷിന്‍ തന്റെ നേതൃത്വത്തിലുള്ള സായുധ പ്രക്ഷോഭത്തെ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. ഇതൊരു ‘അട്ടിമറി’ എന്നതിലുപരി നീതിക്കു വേണ്ടി റഷ്യയുടെ സൈനിക നേതൃത്വത്തോട് ഏറ്റുമുട്ടുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടുള്ള പ്രയാണമാണ് എന്നാണ്. ഇത് ‘നീതിക്ക് വേണ്ടിയുള്ള പടയോട്ടമാണ്’ എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
വിശദാംശങ്ങളില്‍ ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വേഗനര്‍ ചീഫിന് തന്റെ സൈനികരെ പിന്‍വലിച്ചതിന് പകരമായി പല ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ട് എന്നാണ്. യുദ്ധം നയിക്കുന്ന സൈനിക ഉദ്യോഗസ്ഥനെ മാറ്റിയതടക്കമുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധം ആരംഭിച്ചതു മുതല്‍ കൂലിപ്പട്ടാള മേധാവിയായ ഇദ്ദേഹം റഷ്യന്‍ സൈന്യത്തിലെ ഉന്നതര്‍ക്കെതിരെ വാക്‌പോര് തുടങ്ങിയിരുന്നു. പ്രത്യേകിച്ച് പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷായ്ഗുവിനെതിരില്‍.
റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷായ്ഗു
റഷ്യന്‍ സൈന്യം അദ്ദേഹത്തിന്റെ ദുര്‍വൃത്തിക്കെതിരില്‍ വളരെ പരിമിതമായ പ്രതിരോധം മാത്രമാണ് തീര്‍ത്തത്. റോസ്‌ദോവ് ആന്‍ഡണ്‍ നഗരത്തില്‍ വേഗനര്‍ ഗ്രൂപ്പുമായി ഏറ്റുമുട്ടാന്‍ സാധ്യമല്ലാത്ത വിധം റഷ്യന്‍ സൈന്യം ക്ഷയിച്ചിരുന്നു.
എന്നിരുന്നാലും റഷ്യന്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ സായുധ കലാപത്തെ കാണുന്നത് കൊടിയ ഭീഷണിയായിട്ടാണ്. ‘ഒരു സായുധ വിപ്ലവത്തിനുള്ള പ്രേരണ ‘ നല്‍കിയതിന് പ്രിഗോഷിനുമേല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ വേഗനര്‍ ഗ്രൂപ്പിന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് മോസ്‌കോയില്‍ അങ്ങോളമിങ്ങോളം സൈനിക വൃന്ദത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
എന്നെങ്കിലും ഭരണം പിടിച്ചെടുക്കുന്നതില്‍ വിജയിച്ചാല്‍ തന്നെയും ഒരിക്കലും കൂടുതല്‍ ഉദാരവും പുരോഗമനോന്മുഖവുമായ ഒരു റഷ്യയെ കെട്ടിപ്പടുക്കാന്‍ പ്രിഗോഷിന്‍ മുന്നോട്ട് വരില്ല.
അദ്ദേഹത്തിന്റെ സംഘടനയുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ നേരെ മറിച്ചാവാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ഉക്രെയിനിലെ യുദ്ധം അദ്ദേഹം അവസാനിപ്പിക്കുമെന്നതിന് യാതൊരു സൂചനയുമില്ല താനും. എന്നിരുന്നാലും വേഗനര്‍ ഗ്രൂപ്പ് തലവന്‍ ഇപ്പോള്‍ പുടിന്‍ ഭരണകൂടത്തിന് ഗൗരവമേറിയ ഒരു ഭീഷണിയായി ഉയര്‍ന്ന് വന്നിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകളേറെ മുമ്പ് പുടിന്‍ ഭരണമേറ്റെടുത്തതില്‍പ്പിന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഭീഷണിയെ നേരിടേണ്ടി വരുന്നത്. പ്രിഗോഷിനെ സംബന്ധിച്ച് പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന(ഉക്രെയിനില്‍)യുദ്ധവും റഷ്യന്‍ ഏകാധിപത്യത്തിന് മേല്‍ അതുണ്ടാക്കുന്ന ശക്തമായ ആഘാതവും അനുകൂല ഘടകങ്ങളാണെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു അട്ടിമറി ശ്രമം അവസാനത്തെതായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല.
‘യുദ്ധം റഷ്യന്‍ സമൂഹത്തെ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാക്കി’, ഒരു നൂറ്റാണ്ട് മുന്‍പ് ഒന്നാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലങ്ങളെ വിലയിരുത്തി റഷ്യന്‍ ജനതയുടെ അവസ്ഥയെക്കുറിച്ച് വ്‌ലാഡിമിര്‍ ലെനിന്‍ നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു. തന്റെ ശത്രുക്കളായിരുന്ന സാര്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയ അദ്ദേഹം പറഞ്ഞു,
‘വിപ്ലവം ആദ്യശ്വാസമെടുത്തത് യുദ്ധത്തില്‍ നിന്നാണ്. ‘
(മുര്‍തസാ ഹുസൈന്‍ The Intercept ല്‍ എഴുതിയതിന്റെ മലയാളം പരിഭാഷ. മുര്‍തസ ദേശീയ സുരക്ഷയെയും വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം എഴുതുന്ന പത്ര പ്രവര്‍ത്തകനാണ്. BBC, CNN, MSNBC എന്നിവയില്‍ എഴുതിയിട്ടുണ്ട്.)
പരിഭാഷ: ഷാദിയ നാസിര്‍
CONTENT HIGHLIGHTS; Malayalam translation of Murtaza Hussain’s article in The Intercept on the backlash awaiting Putin in Russia