മാമന്നന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസനെ ഇരുത്തി കൊണ്ട് സംവിധായകന്‍ മാരി സെല്‍വരാജ് പറഞ്ഞ വാക്കുകള്‍ ഒരാഴ്ചയായി വലിയ വിവാദം ആയിരിക്കുകയാണ്. തേവര്‍ മകന്‍ എന്ന ചിത്രത്തില്‍ തേവര്‍ എന്ന ഒരു ജാതിയെ മഹത്വവത്കരിച്ചത് കൊണ്ട്, തന്നെ പോലുള്ളവര്‍ക്ക് തോന്നിയ വികാരങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ ചിത്രങ്ങള്‍ എന്നും മാമന്നന്‍ തേവര്‍ മകനുള്ള മറുപടിയാണ് എന്നുമാണ് മാരി സെല്‍വരാജ് അഭിപ്രായപ്പെട്ടത്.
എന്തുകൊണ്ടായിരിക്കാം മാരി സെല്‍വരാജിന് കമല്‍ഹാസനോട് ഇത്രയും പ്രതികാരം തോന്നാന്‍ കാരണം എന്ന് അറിയേണ്ടതുണ്ട്. അത് അറിയണമെങ്കില്‍ 14 വര്‍ഷം മുന്‍പ് മാരി സെല്‍വരാജ് കമല്‍ഹാസന് എഴുതിയ ഒരു കത്തില്‍ എന്താണ് എഴുതിയത് എന്നറിയണം.
(തമിഴില്‍ നിന്ന് നേരിട്ട് തര്‍ജ്ജമ ചെയ്തതാണ്. പരിഭാഷ: Rahul Humble Sanal )
നടന്‍ പത്മശ്രീ കമല്‍ഹാസന്…
ഒരു ചേരി പയ്യന്‍ എഴുതുന്ന ഒരു തുറന്ന കത്ത്, എനിക്ക് എട്ട് വയസ്സുള്ളപ്പോള്‍ ഞങ്ങളുടെ വീട് എന്റെ കണ്‍മുന്നില്‍ കത്തുന്ന അര്‍ദ്ധരാത്രിയില്‍ എഴുതാന്‍ ആഗ്രഹിച്ച ഒരു കത്താണിത്, എനിക്ക് ഇരിപ്പിടവും കമ്പ്യൂട്ടറും ലഭിക്കാന്‍ വളരെ വൈകിയത് കൊണ്ട് ഇപ്പോള്‍ എഴുതുന്നു. തേവര്‍ മകന്‍ മുതല്‍ ഉന്നൈപോല്‍ ഒരുവന്‍ വരെയുള്ള സിനിമകളില്‍ കണ്ട നിങ്ങളുടെ പൂണൂല്‍ പുരോഗമന വാദങ്ങളെയും അധികാര അറിവിന്റെ അഹങ്കാരത്തെയും ഇനിയും സഹിക്കാന്‍ ഞാന്‍ എന്റെ അച്ഛന്‍ സെല്‍വരാജിനെ പോലെയോ മുത്തച്ഛന്‍ നൊണ്ടി പെരുമാളെ പോലയോ ഒന്നുമല്ല, ഞാന്‍ മൂന്നാം തലമുറയാണ്.
അടുത്ത കാലത്ത് ഒരു സുഹൃത്ത് വഴി, നിങ്ങള്‍ ചണ്ടിയറെ പിന്തുണച്ചു കൊണ്ട് മദ്യപിച്ച് കൊണ്ട് സംസാരിച്ച വീഡിയോ ഒരു വെബ് സൈറ്റില്‍ കണ്ടിരുന്നു. ശരി, അതിനെ കുറിച്ച് പിന്നീട് സംസാരിക്കാം. പെരിയാറിന്റെ തത്വം മുറുകെ പിടിച്ച് കൊണ്ട്, പൂണൂല്‍ ത്യജിച്ചവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങ്ങള്‍, പല തട്ടുകളുള്ള ജാതി മത ഭേദങ്ങളുമായി ജീവിക്കുന്ന നമ്മുടെ നാട്ടില്‍, ഒരു ജാതിയുടെ ജീവിത രീതി, അവര്‍ അരിവാള്‍ പിടിക്കുന്ന രീതി, അവര്‍ പുകവലിക്കുന്ന രീതി, മീശ വളര്‍ത്തി മീശ മുറുക്കുന്ന രീതി, മദ്യപിക്കുന്ന രീതി, സഹജീവികളായ മറ്റുള്ള മനുഷ്യരെ അപമാനിക്കുന്ന രീതി തുടങ്ങിയവ കാണിച്ച് തേവര്‍ മകന്‍ എന്ന സിനിമ എടുത്തത് എന്തിനാണ്?
അക്രമാസക്തരായ ഒരു കൂട്ടര്‍ ആധിപത്യം സ്ഥാപിക്കുന്നതും, അവരെ ഭയപ്പെടുത്താനോ ജാതി തൂണുകള്‍ക്ക് മൂര്‍ച്ച കൂട്ടാനോ അവരുടെ അറിവില്ലായ്മ കാണിക്കണോ? പണക്കാരനായി മീശയും പിരിച്ച് സ്ത്രീകളോട് ‘തേവരിന്റെ കാലടി മണ്ണിനെ പുകഴ്ത്തി പാടെടി പെണ്ണേ’ എന്ന് പാടിയതിന്റെ അനന്തരഫലവും വേദനയും എന്താണെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടോ?
നിങ്ങള്‍ മദ്യലഹരിയിലാണെങ്കിലും ഇത് ഓര്‍ത്തുവെയ്ക്കുക. ഈ പാട്ടിലെ വരികള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പോലും സ്‌കൂളില്‍ പ്രഹരമേല്‍ക്കാന്‍ കാരണം ആയിട്ടുണ്ട്.
കല്യാണ വീടുകളിലും അമ്പലങ്ങളില്‍ പോലും നിങ്ങളുടെ ഈ പുരോഗമന ഗാനം കേള്‍പ്പിച്ച് ഗ്രാമങ്ങളെ മുഴുവന്‍ നൃത്തം ചെയ്യിപ്പിച്ചത് എന്തിനാണ്? വെള്ളരിക്ക വില്‍ക്കുന്ന വയസായ സ്ത്രീകളെ കൊണ്ട് പോലും നിങ്ങള്‍ ഈ പാട്ട് പാടിപ്പിച്ചു. ഈ പാട്ട് ഞങ്ങള്‍ക്കെതിരായി ആവേശത്തോടെ ചിലരെ മീശപിരിപ്പിക്കാന്‍ കാരണമായി. മുണ്ട് മടക്കി കുത്തി അധികാരത്തിന്റെ അഹങ്കാരത്തില്‍ മൂന്നു മണിക്കൂര്‍ സമയവും അരിവാള്‍ എടുത്ത് കൊലകള്‍ നടത്തിയ നിങ്ങള്‍ സിനിമയുടെ അവസാന മൂന്നു മിനിട്ടില്‍ ‘ഡേയ് അരിവാള്‍ താഴെ ഇടടാ’ എന്നു പറഞ്ഞത്, നിങ്ങള്‍ ആഗ്രഹിച്ചത് പോലെ തന്നെ ആരും ചെവികൊണ്ടില്ല എന്ന് മനസിലാക്കാതെ ഇരിക്കാന്‍ ഞങ്ങള്‍ എരുമ മാടുകള്‍ അല്ല
ഞങ്ങള്‍ക്ക് കൈകളും, കാലുകളും ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും താങ്കളുടെ സിനിമാജീവിതത്തിന് വീണ്ടും വിജയം ആവശ്യമായി വന്നപ്പോള്‍ വീണ്ടും ഞങ്ങളുടെ യുദ്ധക്കളം തന്നെ പിന്നെയും നിങ്ങള്‍ തിരഞ്ഞെടുത്തു.
ആരാണ് ചണ്ടിയര്‍? നിങ്ങളാണോ ചണ്ടിയര്‍? നിങ്ങള്‍ പരമകുടിശാസ്ത്രികള്‍ അല്ലേ? യൂറോപ്യന്‍ അറിവുകള്‍ ഉള്ള ഏക തമിഴ് പരിഷ്‌കരണ ചിന്തകന്‍.
കറുത്ത ഉടുപ്പും കറുത്ത അരിവാളുമായി വന്ന് തെക്കന്‍ തമിഴ്‌നാട്ടില്‍ ജാതി കലാപങ്ങള്‍ക്ക് തിരികൊളുത്തിയ തേവര്‍ മകന്റെ രണ്ടാം ഭാഗം തന്നെയാണ് നിങ്ങളുടെ ചണ്ടിയര്‍ എന്ന സിനിമ എന്നത് തന്നെ നാണക്കേടാണ്. ദയവ് ചെയ്ത് ചണ്ടിയര്‍ എന്ന സിനിമാ പേര് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട ഒരു സമുദായത്തിന് വേണ്ടി ആ സമുദായത്തിന്റെ പ്രതിനിധി പറഞ്ഞതിനെ എന്ത് അധികാരം ഉപയോഗിച്ചാണ് നിങ്ങള്‍ മറുപടി പറഞ്ഞത്?
ചണ്ടിയാര്‍ എന്ന് പേരിട്ടാല്‍ കൃഷ്ണസ്വാമിക്ക് ദേഷ്യം വരും. കിട്ടിവാസല്‍ എന്ന് പേരിട്ടാല്‍ അതിനും ദേഷ്യം വന്നാല്‍ എന്ത് ചെയും എന്ന് നിങ്ങള്‍ പറഞ്ഞത് എത്ര ധിക്കാരപരമായ പ്രതികരണമാണ്. തേവര്‍ മകന്‍ എന്നു പേരിട്ടപ്പോള്‍ ആരും എതിര്‍ത്തില്ലല്ലോ. പക്ഷേ അതിന്റെ ഫലവും അതുണ്ടാക്കുന്ന വേദനയും കണ്ട് പേരുമാറ്റാന്‍ ആവശ്യപ്പെടുന്ന ഒരു അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തോട് ഇത്തരമൊരു പരുഷമായ പ്രതികരണമാണ് നിങ്ങള്‍ നടത്തിയത്.
സമൂഹത്തെ ശ്രദ്ധിക്കാത്ത ഒരാള്‍ എങ്ങനെ കലാകാരനാകും.
ഈ പുരോഗമന ധാര്‍ഷ്ട്യവും അഹങ്കാരവും ഇന്ന് വന്നതിന് കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ മുത്തച്ഛന്‍മാരുടെ കാലത്തെ ആര്യ സമുദായത്തിന്റെ അസൂയ ആയിരുന്നു എന്ന് ഞങ്ങള്‍ക്കറിയാം.
ഒരു സിനിമയുടെ പേര് മാറ്റാന്‍ പറഞ്ഞതുകൊണ്ട് നമ്മള്‍ സാംസ്‌കാരിക കാവല്‍ക്കാര്‍ ആകുമോ? മനുഷ്യരെ കഴുവേറ്റി മരത്തില്‍ കത്തിച്ച് കൊന്ന സംസ്‌കാരം ഞങ്ങളുടേതല്ല. നിങ്ങളുടെ സംസ്‌കാരം ആര്‍ക്കാണ് വേണ്ടത്. നിങ്ങള്‍ക്ക് ഞങ്ങളുടെ സംസ്‌ക്കാരം വേണം. ഞങ്ങളെ അടിമകളാക്കിയ സംസ്‌ക്കാരം, ഞങ്ങള്‍ അരിവാള്‍ എടുത്ത സംസ്‌കാരം. അപ്പോള്‍ മാത്രമേ നിങ്ങളെപ്പോലുള്ള ആര്യന്മാര്‍ക്ക് കുളിരണിയാന്‍ കഴിയൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറുന്ന രാഷ്ട്രീയക്കാരെപ്പോലെ എല്ലാം മാറുമോ?
മിസ്റ്റര്‍ കമല്‍ അവര്‍കളേ….എവിടെയും ഒന്നും മാറിയിട്ടില്ല. നിങ്ങളെപ്പോലുള്ളവര്‍ ഉള്ളിടത്തോളം കാലം ഒന്നും മാറില്ല, ആരും ഒന്നും മറക്കുകയുമില്ല. ഇന്നത്തെ ചുറ്റുപാടില്‍ ഗ്രാമീണ വിദ്യാലയങ്ങളിലെ ജാതിയുടെ ചിത്രം നിങ്ങള്‍ക്കറിയാമോ. സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ മുന്‍കവറിലോ മറ്റ് പേജുകളിലോ ദളിത് വിപ്ലവകാരി അംബേദ്കറിന്റെ ഫോട്ടോയുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും പേനയുടെ അറ്റം കൊണ്ട് കുഴിച്ചെടുക്കുന്ന കുട്ടികളാണ് ഉള്ളത്.
നിങ്ങള്‍ക്കറിയാം…! ചോദ്യപേപ്പറില്‍ അംബേദ്കറെ കുറിച്ച് ഒരു ചോദ്യം ചോദിച്ചാല്‍ പോലും ഉത്തരം പറയാന്‍ മനസ്സില്ലാതെ എത്ര വിദ്യാര്‍ഥികള്‍ വരുന്നു, ജാതിയുടെ പണിപ്പുര പോലെ മാറിയ തമിഴ്‌നാട്ടിലെ ലോ കോളേജുകളില്‍. പ്രബലമായ വിരലുകളില്‍ സിഗരറ്റിനൊപ്പം അംബേദ്കറിന്റെ കടലാസുകള്‍ കത്തുന്നു. ഈ പ്രവൃത്തികളുടെ മറുപടിയായാണ് ചെന്നൈ ലോ കോളേജ് നടന്ന പ്രതികരണങ്ങള്‍ കലാപം ആയത്. ആദിമകാലത്ത് നിങ്ങളുടെ പൂര്‍വികര്‍ തുടങ്ങിവെച്ച ജാതിയുടെ വാളിന് ഇരുവശത്തും മൂര്‍ച്ചയുണ്ടെന്ന് മനസ്സിലായില്ലേ.
ഉലക നായകനേ…!അപ്പോഴും കാണ്ഡദേവിയുടെ രഥം റോഡിന്റെ നടുവില്‍ നില്‍ക്കുന്നു. ഇപ്പോഴും ഉത്തപുരത്തിന്റെ ജാതി മതില്‍ നാണക്കേടിന്റെ പ്രതീകമായി നിലകൊള്ളുന്നു. കൊടിയംകുളം, ആഴ്വാര്‍ക്കാര്‍കുളം, മേളവളം, താമിരപരണി എന്നിവിടങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും കരയുകയാണ്.
മിസ്റ്റര്‍ ബുദ്ധിജീവി…! ശ്രീലങ്കയിലെ തമിഴ് ഈഴത്തില്‍ നിങ്ങളുടെ ഭാഷ സംസാരിക്കുന്ന നിങ്ങളുടെ സഹോദരന്‍ കഷണം കഷണം ആയി കൊല്ലപ്പെട്ടപ്പോഴും നിങ്ങള്‍ എന്ത് ചെയ്തു? ബോംബെയില്‍ ആര്‍ക്കും എന്ത് സംഭവിച്ചാലും ഞങ്ങള്‍ ഇവിടെ വെറുതെയിരിക്കും. അവര്‍ നമ്മുടെ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും അല്ലെങ്കിലും നമ്മള്‍ എന്തിനാണ് അത് ശ്രദ്ധിക്കുന്നതല്ലേ?
മിസ്റ്റര്‍ ബുദ്ധിജീവി…! പിഞ്ചു കുഞ്ഞും പതിനേഴുപേരും താമിരപരണിയില്‍ ഒഴുകിനടന്നപ്പോള്‍ ചരിത്രത്തില്‍ ചെയ്ത തെറ്റ് കാരണം വെടിയേറ്റുവീണ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വെടിവെക്കാന്‍ തോക്കുമായി പുറപ്പെട്ടത് നിങ്ങളാണ്. (ഹേ റാം) മദ്യപിച്ച് ഇരുപത് പേരുടെ മരണത്തിന് കാരണക്കാരനായ വിരമാണ്ടിക്ക് വധശിക്ഷ നല്‍കരുത്, മറിച്ച് ഒരു ന്യൂനപക്ഷ സമുദായത്തിന്, അതിന്റെ സാമൂഹിക നീതിക്ക്, അറിവില്ലായ്മ കാരണം, അക്രമം തിരഞ്ഞെടുത്ത അവരുടെ ജീവന്‍ പണയപ്പെടുത്തി, പ്രതികാരം ചെയ്തവരെ കോടതി ശിക്ഷിച്ചാലും അവരെ തട്ടിക്കൊണ്ടുപോയി കൊല്ലണോ?
ഒടുവില്‍ ശ്രീ. കമല്‍ഹാസന്‍! നിങ്ങള്‍ കറുത്ത ഷര്‍ട്ട് ധരിച്ചത് കൊണ്ട് നിങ്ങളുടെ ആര്യ സമുദായത്തിന്റെ വെളുത്ത തൊലി ഞങ്ങളില്‍ നിന്ന് മറച്ചു പിടിക്കാം എന്ന് കരുതരുത്.
നിങ്ങള്‍ പൂണൂല്‍ ഉപേക്ഷിച്ചിട്ടുണ്ടാകാം, പക്ഷേ നിങ്ങളുടെ തലമുറയുടെ പൂണൂല്‍ കാല്‍പ്പാടുകള്‍ നിങ്ങളെ വിട്ടുപോയിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. സത്യത്തില്‍ നിങ്ങളെ വലിയ നടനായി എല്ലാവരും അംഗീകരിക്കുന്നു, പിന്നെ കാശും സമ്പാദ്യവും ഭദ്രമായിരിക്കാന്‍ തക്കവിധം സകലകലാവല്ലഭനും അവ്വെയ്ഷണ്‍മുഖിയും ദശാവതാരവും ഉണ്ടല്ലോ.
നിങ്ങളെപ്പോലെ ആര്യ പുരോഗമനം തുറന്നുകാട്ടിയ ഉന്നൈപോല്‍ ഒരുവനും, നിങ്ങളെപോലെ മനുഷ്യനെ ഭിന്നിപ്പിക്കുന്ന തേവര്‍ മകനും ദശാവതാരവും ഉണ്ടല്ലോ. പിന്നെ എന്തിന് ആണ് നിങ്ങള്‍ വിരുമാണ്ടി എടുത്തത്…?
കമല്‍, നിങ്ങള്‍ക്ക് തിരക്കഥ എന്നത് സാധാരണ വിഷയമായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ ജീവിക്കുന്ന ജീവിതം വളരെ അസാധാരണമാണ് എന്നത് ദയവ് ചെയ്ത് മനസിലാക്കുക.
എന്ന്, ഇന്നും ചേരി എന്ന് അറിയപ്പെടുന്ന ജീവിതം നിങ്ങളുടെ നാട്ടില്‍ ഉള്ളത് കൊണ്ട് ചേരി പയ്യന്‍ എന്നറിയപ്പെടുന്ന മാരി സെല്‍വരാജ്…
content highlights: Malayalam translation of Mari Selvaraj’s letter to Kamal Haasan