| Sunday, 23rd August 2015, 6:16 pm

മുഖ്യമന്ത്രി ഉദ്ഘാടകനായുള്ള സര്‍ക്കാര്‍ പരിപാടി മലയാള ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൊടുപുഴയില്‍ തിങ്കളാഴ്ച്ച നടക്കുന്ന മുഖ്യമന്ത്രി ഉദ്ഘാടകനായുള്ള സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ തീരുമാനിച്ചു. ജലവിഭവവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപണിയിലിറക്കുന്ന ഹില്ലി അക്വ കുപ്പിവെള്ളത്തിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാനാണ് ടെലിവിഷന്‍ ചാനലുകള്‍ തീരുമാനിച്ചിരിക്കുന്നത്.

പരിപാടിയുമായി ബന്ധപ്പെട്ട പരസ്യം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റിന്റെ കെ. മാധവന്‍ പ്രസിഡന്റും കൈരളിയിലെ ജോണ്‍ ബ്രിട്ടാസ് സെക്രട്ടറിയുമായ കേരള ടെലിവിഷന്‍ ഫെഡറേഷനാണ് തൊടുപുഴയിലെ സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. മനോരമ ചാനല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പരിപാടി ഈ പിന്തുണ നല്‍കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

നേരത്തെ ഏഷ്യന്‍ ഗെയിംസിന്റെ പരസ്യം കിട്ടാത്തതുമായി ബന്ധപ്പെട്ട് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ചാനലുകള്‍ തീരുമാനിച്ചിരുന്നുവെങ്കിലും മനോരമ ചാനല്‍ സര്‍ക്കാരിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. അതുവഴി വലിയൊരു തുകയുടെ പരസ്യം മനോരമയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

തൊടുപുഴയില്‍ തിങ്കളാഴ്ച്ച രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, എം.പിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Video Stories

We use cookies to give you the best possible experience. Learn more