തിരുവനന്തപുരം: മലയാളം ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളൊന്നും ഉയര്‍ന്ന കലാമൂല്യമോ, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസമൂല്യങ്ങളോ ഉയര്‍ത്തിപ്പിടിക്കുന്നതല്ലെന്ന് ജൂറി ചെയര്‍മാന്‍ ആര്‍. ശരത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന്റെ ഉദ്ദേശ്യ ലക്ഷ്യം തന്നെ ഉയര്‍ന്ന കലാമൂല്യവും സാങ്കേതിക മികവുള്ളതും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്,’ ശരത് പറഞ്ഞു.
ഏറ്റവും ഭീതിപ്പെടുത്തുന്നത് സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുന്ന രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രണ്ട് കൂട്ടരും വിലപിക്കുന്നതാണ് മിക്ക സീരിയലുകളും. സ്ത്രീയെ ബന്ധപ്പെടുത്തി വര്‍ക്ക് സ്‌പേസോ ക്യാംപസോ ഒന്നും വിഷ്വലില്‍ കാണുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി ഇല്ലെന്ന് സ്വയം മനസ്സിലാക്കികൊണ്ട് പല സീരിയലുകാരും അവാര്‍ഡിന് അപേക്ഷിച്ചിട്ടേ ഇല്ല. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുക്കേണ്ട സംഗതികള്‍ വരെ പല സീരിയലുകളിലുമുണ്ടെന്നും ശരത് പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും പെണ്ണിന്റെ കയ്യിലിരിപ്പ് കൊണ്ടാണ് നടക്കുന്നതെന്ന തരത്തിലുള്ളതാണ് സംഭാഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമുള്ളവരോ സാമൂഹിക ബന്ധമുള്ളവരോ ബോള്‍ഡ് ആയവരോ ആയി സീരിയലുകളിലെ സ്ത്രീകളെ ഒരിക്കലും അനുഭവപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
29ാ മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാര്‍ഡിന് അര്‍ഹിക്കുന്ന മികച്ച സീരിയലുകളായി ഒന്നുമില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കാതിരുന്നതെന്നും ജൂറി പറഞ്ഞിരുന്നു.
ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.
ടെലിവിഷന്‍ സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും എന്‍ട്രികള്‍ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടിരുന്നു.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.