കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് മലയാള പഠനക്ലാസുമായി ജനസംസ്‌കൃതി മയൂര്‍വിഹാര്‍ ഫേസ് 3
Daily News
കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് മലയാള പഠനക്ലാസുമായി ജനസംസ്‌കൃതി മയൂര്‍വിഹാര്‍ ഫേസ് 3
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2014, 12:43 pm

mayur4[] ന്യൂദല്‍ഹി: കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികള്‍ക്ക് ഭാഷാപഠനം സഹായമാക്കുക എന്ന ലക്ഷ്യത്തോടെ ജനസംസ്‌കൃതി മയൂര്‍വിഹാര്‍ ഫേസ് 3 മലയാള പഠനക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. കേരള സര്‍ക്കാറിന്റെ മലയാളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 10 വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ബൃഹത്പദ്ധതിയാണിത്.

പാര്‍ലമെന്റിലെ മലയാളം ഇന്റര്‍പ്രറ്റേഷന്‍ വിഭാഗംജോയിന്റ്‌ ഡയറക്ടര്‍ ജോ മാത്യൂ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആണ് പാര്‍ലമെന്റംഗങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രസംഗങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എന്‍ പോലുള്ള സഭകളില്‍ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും അവരുടെ തനത് ഭാഷയില്‍ ആണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.ആ രീതിയില്‍ ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഭരണഘടനാതലത്തില്‍ സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാലേ ജനാധിപത്യം കൂടുതല്‍ ശക്തമാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ജനസംസ്‌കൃതി മയൂര്‍വിഹാര്‍ ഫേസ് 3 പ്രസിഡന്റ് വിന്‍സന്റ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സുധാകരന്‍, പ്രദീപന്‍ കുണ്ടത്തില്‍, രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ഞായാറാഴ്ചകളിലും വിവിധ പോക്കറ്റുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു