റാഹയുടെ ഉണ്ണീ വാവാവോയും സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനും, മലയാളി പൊളിയല്ലേ
Film News
റാഹയുടെ ഉണ്ണീ വാവാവോയും സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനും, മലയാളി പൊളിയല്ലേ
അമര്‍നാഥ് എം.
Monday, 23rd September 2024, 1:14 pm

ആലിയ ഭട്ട് കഴിഞ്ഞ ദിവസം കപില്‍ ശര്‍മ ഷോയില്‍ പാടിയ ഉണ്ണീ വാവാവോ എന്ന പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തങ്ങളുടെ മകള്‍ റാഹയെ നോക്കാന്‍ വന്ന നേഴ്‌സ് മലയാളം പാട്ട് പാടിയാണ് റാഹയെ ഉറക്കിയതെന്നും ആ പാട്ട് കേള്‍ക്കാതെ ഇപ്പോള്‍ അവള്‍ ഉറങ്ങില്ലെന്നുമാണ് ആലിയ പറഞ്ഞത്. താനും രണ്‍ബീറും ആ പാട്ട് ഇപ്പോള് കാണാതെ പഠിച്ചുവെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ഈ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

1991ല്‍ റിലീസായ സാന്ത്വനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹന്‍ സിത്താര സംഗീതം നല്‍കി കെ.എസ്. ചിത്ര ആലപിച്ച ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ചര്‍ച്ചയാവുകയാണ്. സംഗീതത്തിന് ഭാഷയില്ലെന്ന് ഈ സംഭവത്തിലൂടെ വീണ്ടും തെളിയുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് പാന്‍ ഇന്ത്യന്‍ റീച്ചാണ് ഈ പാട്ടിന് ലഭിച്ചത്.

ആലിയയുടെ വീഡിയോക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ മകള്‍ സിവയുടെ പഴയ വീഡിയോയും ചര്‍ച്ചയായിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് ടിക് ടോക്ക് വ്യാപകമായ സമയത്ത് സിവ പാടിയ മലയാളം പാട്ടുകളും ചര്‍ച്ചയായിരുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, കണ്ടു ഞാന്‍ കണ്ണനെ, കണികാണും നേരം എന്നീ പാട്ടുകള്‍ പാടിയാണ് സിവ എല്ലാവരെയും ഞെട്ടിച്ചത്.

ഇത്ര മനോഹരമായി സിവയെ മലയാളം പഠിപ്പിച്ചത് ആരെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ആ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ ഇത്ര നന്നായി മലയാളത്തില്‍ പാടാന്‍ കഴിഞ്ഞ സിവയെ അഭിനന്ദിച്ചിരുന്നു. ആലിയ ഉണ്ണീ വാവാവോ എന്ന പാട്ട് പാടി വൈറലായതിന് പിന്നാലെ സിവയുടെ വീഡിയോയെപ്പറ്റി പലരും സംസാരിക്കുന്നുണ്ട്. ഇതേ ഷോയില്‍ തന്റെ സഹോദരിയുടെ മക്കള്‍ വളരെ ഫ്‌ളുവന്റായി മലയാളം സംസാരിക്കാറുണ്ടെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞതും ചര്‍ച്ചയാകുന്നുണ്ട്.

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാളം എന്ന കൊച്ചുഭാഷ എല്ലാവരിലേക്കും എത്തുമ്പോള്‍ പല വീഡിയോയുടെയും താഴെ മലയാളി പൊളിയല്ലേ എന്ന കമന്റുകള്‍ ധാരാളമായി കാണാന്‍ സാധിക്കുന്നുണ്ട്. അത്ര എളുപ്പത്തില്‍ ആര്‍ക്കും വഴങ്ങാത്ത മലയാള ഭാഷയും അതിലെ പാട്ടുകളും ഇങ്ങനെ ചര്‍ച്ചയാകുമ്പോള്‍ ഏതൊരു മലയാളിക്കും അഭിമാനം തന്നെയാകും തോന്നുക.

Content Highlight: Malayalam songs gone viral after Alia Bhat’s interview

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം