| Thursday, 13th January 2022, 11:27 pm

പുരുഷ സൗന്ദര്യത്തെ വര്‍ണിച്ച മലയാള സിനിമ പാട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരുഷനെ വര്‍ണിക്കുന്ന സിനിമ ഗാനങ്ങള്‍ ലഭിക്കണമെങ്കില്‍ മലയാളസിനിമയില്‍ മുങ്ങിത്തപ്പുക തന്നെ ചെയ്യണം. കാരണം പുരുഷ സൗന്ദര്യത്തെ വര്‍ണിക്കുന്ന ഗാനങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് മലയാളം സിനിമയില്‍.

പാടുന്നത് നായികയാണെങ്കില്‍ പാലാഴി കടഞ്ഞെടുത്തൊരു അഴകാണ് ഞാന്‍ എന്ന് തുടങ്ങി സ്വന്തം സൗന്ദര്യത്തെ വാഴ്ത്തുകയും, നായകനാണെങ്കില്‍ എന്തു ഭംഗി നിന്നെ കാണാന്‍ എന്ന് നായികയെ വീണ്ടും വാഴ്ത്തുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ചില പാട്ടുകള്‍ പരിചയപ്പെടാം

1. കളരിവിളക്ക് തെളിഞ്ഞതാണോ- ഒരു വടക്കന്‍ വീരഗാഥ

സ്ത്രീ സൗന്ദര്യത്ത വര്‍ണിച്ചിരുന്ന മലയാള പ്രണയഗാനങ്ങള്‍ക്ക് അന്നും ഇന്നും ഒരപവാദമാണ് വടക്കന്‍ വീരഗാഥയിലെ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം. ഹരിഹരന്‍-എം.ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായത്. ആരോമല്‍ ചേകവരുടെയും ചന്തുവിന്റേയും ഗുരുവായ അരിങ്ങോടരുടെ മകളായ കുഞ്ഞിനീലിക്ക് ചന്തുവിനേടുള്ള ആരാധനയും സ്‌നേഹവുമൊക്കെയാണ് ഗാനത്തിലൂടെ പ്രകടിപ്പിക്കുന്നത്.

കാരിരുളൊത്ത മുടിയഴകും കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖ് കടഞ്ഞ കഴുത്തഴകും മാറത്ത് മാമ്പുള്ളിച്ചോര്‍ച്ചുണങ്ങും

മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ

നായകനെ വാഴ്ത്തുന്ന ചില ഗാനങ്ങളും പിന്നീട് മലയാളസിനമയില്‍ ഇറങ്ങിയെങ്കിലും വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ വര്‍ണിക്കുന്ന കളരിവിളക്കിനെ വെല്ലാന്‍ പോന്ന ഒന്ന് വന്നിട്ടില്ല. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ബോംബെ രവിയാണ് ഈണം നല്‍കിയത്. ചിത്രയാണ് ഗാനം ആലപിച്ചത്.

2. ചെമ്പിന്റെ ചേലുള്ള – മരക്കാര്‍

2021ല്‍ പ്രിയദര്‍ശന്റെ സംവിധായനത്തില്‍ വമ്പന്‍ താരനിര അണിനിരന്ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ മരക്കാറിനെ വര്‍ണിച്ചു കൊണ്ടുള്ള ഗാനവും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്.

ചെമ്പിന്റെ ചേലുള്ള മോറാണ് ചെത്തിപ്പൂ കത്തണ കണ്ണാണ്
ചായുന്ന ചന്ദനത്തോളാണ് ചാമരം പോലൊരു നെഞ്ചാണ്

ഇങ്ങനെ പോകുന്ന വരികള്‍ നാട്ടുകാര്‍ക്ക് മരക്കാറിനെ പറ്റി കേട്ടുകേള്‍വികളാണ്. പ്രിയദര്‍ശന്‍ എഴുതി റോണി റാഫേല്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് വിഷ്ണു രാജാണ്.

3.കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍- ഈ പുഴയും കടന്ന്

മഞ്ജു വാര്യരും ദിലീപും ജോഡികളായെത്തി 1996 ല്‍ റിലീസ് ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണന്‍ എന്ന പാട്ട് പൂര്‍ണമായും നായക സൗന്ദര്യത്തെ വര്‍ണിക്കുന്നതാണെന്ന് പറയാനാവില്ല. നായകനെ കൃഷ്ണനായിട്ടാണ് പാട്ടില്‍ ഉപമിക്കുന്നത്.

ആദ്യരണ്ട് വരികളൊഴിവാക്കിയാല്‍ കൃഷ്ണന്റെ കുസൃതികളാണ് പാട്ടില്‍ പറയുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയത്. സുജാതയാണ് ഗാനം ആലപിച്ചത്.

ചുരുക്കി പറഞ്ഞാല്‍ നായകന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്ന ഗാനങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണെന്ന് പറയേണ്ടി വരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: malayalam songs about male beauty

We use cookies to give you the best possible experience. Learn more