| Saturday, 20th February 2021, 10:49 am

ദൃശ്യം 2 ഹിറ്റാകുമ്പോള്‍, മലയാള സിനിമ കണ്ട രണ്ടാം ഭാഗങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്സ് ഓഫീസില്‍ ചരിത്രവിജയമായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും കഥാപാത്രങ്ങളെചൊല്ലിയും കഥാസന്ദര്‍ഭത്തെച്ചൊല്ലിയും ആദ്യ ഭാഗത്തെപ്പോലെ രണ്ടാം ഭാഗവും വലിയ ഹിറ്റായി മാറുമോ എത്ത തരത്തിലെല്ലാമുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ പല സിനിമകളുടെയും ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുണ്ടാവുകയും അവയെല്ലാം വന്‍ഹിറ്റുകളായി മാറുകയും ചെയ്ത ചരിത്രം നമുക്കുണ്ട്.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പല രണ്ടാം ഭാഗങ്ങളും വിജയിക്കാതെ നിരാശകള്‍ സൃഷ്ടിച്ച ചരിത്രവും നമുക്കുണ്ട്. ഇത്തരത്തില്‍ മലയാളസിനിമയില്‍ തുടര്‍ച്ചകളുണ്ടായ ചില സിനിമകളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

മലയാളത്തില്‍ ഒരു സിനിമയ്ക്ക് ആദ്യമായി രണ്ടാം ഭാഗം ഇറങ്ങിയത് 1971ല്‍ ആണ്. 1959ല്‍ പുറത്തിറങ്ങിയ ആന വളര്‍ത്തിയ വാനമ്പാടി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്ന പേരില്‍ പിന്നീടിറങ്ങിയത്. പ്രേം നവാസും അംബിക സുകുമാരനും ആയിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ ജെമിനി ഗണേശന്‍, ചോ രാമസ്വാമി, വിജയ നിര്‍മ്മല, ശ്രീദേവി തുടങ്ങിയവരായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്ത് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. പി.സുബ്രമണ്യന്‍ സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങള്‍ക്കും തമിഴിലും പതിപ്പ് ഇറങ്ങിയിട്ടുണ്ടായിരുന്നു.

പി.എ തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയാണ് പിന്നീട് രണ്ടാം ഭാഗം ഇറങ്ങിയ സിനിമ. 1966ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്ത് അടൂര്‍ ഭാസി, മണവാളന്‍ ജോസഫ് എന്നിവരൊക്കെയാണ് അഭിനയിച്ചത്. 1976ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര് കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നായിരുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്തത് ശശികുമാര്‍ ആയിരുന്നു. പ്രേംനസീര്‍, ജയഭാരതി എം.ജി സോമന്‍, കെ.പി ഉമ്മര്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ഈയൊരു 70സ് കാലഘട്ടത്തില്‍ മറ്റുചില ചിത്രങ്ങള്‍ക്കും രണ്ടാംഭാഗം ഇറങ്ങിയിരുന്നു. ഉദാഹരണത്തിന് സി.ഐ.ഡി നാസിര്‍, അതിന്റെ രണ്ടാം ഭാഗമായ ടാക്സി കാര്‍, ലിസ അതിന്റെ രണ്ടാം ഭാഗമായ വീണ്ടും ലിസ ഇങ്ങനെ തുടരുന്നു…

ഒരു 80സ് ലേക്കൊക്കെ എത്തിയപ്പോഴേക്കും സിനിമയിലെ ചില കഥാപാത്രങ്ങള്‍ വളരെ പ്രസിദ്ധമാവുകയും ആ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്യുന്ന ഒരു ട്രെന്‍ഡിലേക്കാണ് സിനിമ സഞ്ചരിച്ചത്. റാം ജി റാവ് സ്പീക്കിങ്ങ്, നാടോടിക്കാറ്റ്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റുകളായി മാറിയത് അക്കാലത്താണ്..ഈ സിനിമകളിലെയെല്ലാം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചില സിനിമകള്‍ക്കെല്ലാം രണ്ടാം ഭാഗം കഴിഞ്ഞ് മൂന്നാം ഭാഗവും നാലാം ഭാഗവുമെല്ലാം ഇറങ്ങുകയും ചെയ്തു.

1) 1993ല്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരവും അതിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവും വന്‍ ഹിറ്റായിമാറിയ സിനിമകളായിരുന്നു. ദേവാസുരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ വലിയ രീതിയില്‍ സ്വീകരിച്ച മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടക്കല്‍ ശേഖരന്‍ ഭാനുമതി എന്നീ കഥാപാത്രങ്ങളെ മലയാളികള്‍ക്കു മുന്നില്‍ വീണ്ടും കൊണ്ടുവരുകയായിരുന്നു 2001ല്‍ രാവണപ്രഭു എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് രഞ്ജിത്ത് ചെയ്തത്.

ദേവാസുരം ഇറങ്ങിയതിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാവണപ്രഭു ഇറങ്ങുന്നത്. നീലകണ്ഠന്റെ മകന്‍ എം.എന്‍ കാര്‍ത്തികേയനിലൂടെ കഥ പറയുന്ന രാവണപ്രഭുവില്‍ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തിയത്. സിനിമയില്‍ ലാലിന്റെ കഥാപാത്രം പറഞ്ഞു ഫലിപ്പിച്ച സവാരി ഗിരി ഗിരി എന്ന ഡയലോഗ് അക്കാലത്ത് ഒട്ടനവധി പേര്‍ പറഞ്ഞു നടന്ന ഒന്നായിരുന്നു.

2)  2004ല്‍ ഇറങ്ങിയ ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍. അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി നാല് എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍ ഒരു സീക്രട്ട് വിജിലന്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിന്റെ കഥാ പശ്ചാത്തലം. നരേയ്ന്‍ ആണ് പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. ഭരത്, അരുണ്‍, അര്‍ജുന്‍, പദ്മ കുമാര്‍ എന്നിവരാണ് വിദ്യാര്‍ത്ഥികളായി എത്തിയത്. ചിത്രത്തില്‍ ഗോപികയും ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന പാട്ട് വലിയ തരംഗമായി മാറിയിരുന്നു. ജാസിഗിഫ്റ്റിനെ ഒരു മ്യൂസിക്ക് കമ്പോസറായി മലയാള സിനിമയ്ക്ക് ലഭിച്ചതും ഈയൊരു സിനിമയിലൂടെയായിരുന്നു.

ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമായി 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബൈ ദി പീപ്പിള്‍. നാല് വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു ബൈ ദി പീപ്പിളിലെയും കേന്ദ്രകഥാപാത്രങ്ങള്‍. കഥാപശ്ചാത്തലവും വിദ്യാര്‍ത്ഥികളായെത്തിയ നടന്‍മാരും ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരുന്നെങ്കിലും നരേയ്ന്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും പൊലീസ് ഒഫീസറുടെ വേഷം കൈകാര്യം ചെയ്തത്.

ബൈ ദി പീപ്പിളിന് ശേഷം മൂന്നാം ഭാഗമായ ഓഫ് ദി പീപ്പിള്‍ ഇറങ്ങുകയുണ്ടായി. എന്നാല്‍ ഈ മൂന്നു സിനിമകളുടെ സീരീസില്‍ ആദ്യ ചിത്രമായ േഫാര്‍ ദി പീപ്പിള്‍ മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയത്.

3)  1994ല്‍ സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസും രെണ്‍ജി പണിക്കറും സംവിധാനം ചെയ്ത ചിത്രമായിരുന്നു കമ്മീഷണര്‍. സുരേഷ്ഗോപിയുടെ കരിയറില്‍ത്തന്നെ വഴിത്തിരിവായി മാറിയ കമ്മീഷണറുടെ രണ്ടാം ഭാഗം ഭരത് ചന്ദ്രന്‍ ഐ.പി.എസും വിജയമാവുകയായിരുന്നു. സുരേഷ് ഗോപിയ്ക്ക് പൊലീസ് വേഷങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു കമ്മീഷണര്‍. ശോഭന, വിജയരാഘവന്‍, കെ.ബി ഗണേഷ് കുമാര്‍, എം.ജി സോമന്‍, രാജന്‍ പി.ദേവ് എന്നിവര്‍ കമ്മീഷണറില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ 2005ല്‍ പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐ.പി.എസില്‍ ലാലു അലക്സ്, സായ് കുമാര്‍, വിജയരാഘവന്‍, ശ്രേയ റെഡ്ഡി, മധു വാര്യര്‍, രാജന്‍ പി ദേവ്എന്നിവരാണ് അഭിനയിച്ചത്.

4)  സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ മുഴുനീള കോമഡിചിത്രമായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍ കുട്ടി എന്നീ കഥാപാത്രങ്ങള്‍ ആദ്യ ചിത്രത്തോടെ ത്തന്നെ മലയാളികളുടെ മനസ്സില്‍ കടന്നുകൂടുകയായിരുന്നു. മുകേഷ്, ജഗദീഷ്, അശോകന്‍, സിദ്ദീഖ് എന്നീ നടന്‍മാര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. തോമസുകൂട്ടീ വിട്ടോടാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ ഉപയോഗിച്ചു വരുന്നു. സിനിമയിലെ ഏകാന്ത ചന്ദ്രികേ, ഉന്നംമറന്നു തെന്നിപ്പറന്ന തുടങ്ങിയ ഗാനങ്ങള്‍ പോലും വലിയ ഹിറ്റായി മാറി.

2009ലാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ടു ഹരിഹര്‍ നഗര്‍ ഇറങ്ങുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ഹരിഹര്‍ നഗറും വിജയമായി മാറി. അങ്ങനെ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ 2010ല്‍ ഇറക്കുകയായിരുന്നു. മുമ്പുള്ള രണ്ട് പതിപ്പില്‍ നിന്നും വ്യത്യസ്തമായി ഹൊറര്‍-കോമഡി ചിത്രമായാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ പുറത്തിറക്കിയത്. നെടുമുടി വേണു, അശോകന്‍, കലാഭവന്‍ ഷോജോണ്‍, രാധിക തുടങ്ങിയവരും അഭിനേതാക്കളായെത്തിയ ചിത്രത്തിന് വിജയത്തിന്റെ പട്ടികയില്‍ ഇടം നേടാനായില്ല. സിനിമയുടെ മൂന്നു ഭാഗങ്ങളെ വെച്ചുനോക്കുമ്പോള്‍ ഏറ്റവും മോശം പ്രകടനമാണ് ഇന്‍ ഗോസ്റ്റ് ഹൗസ് കാഴചവെച്ചത്.

5)  സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ത്തന്നെ 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റാം ജി റാവ് സ്പീക്കിങ്ങ്. മന്നാര്‍ മത്തായിയുടെ വീട്ടില്‍ താമസിക്കാനെത്തുന്ന തൊഴില്‍രഹിതരായ ബാലകൃഷ്ണനെയും ഗോപാലകൃണനെയുമെല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബാലകൃഷ്ണനായി സായ്കുമാറും ഗോപാലകൃഷ്ണനായി മുകേഷും മന്നാര്‍ മത്തായിയായി ഇന്നസെന്റും പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുത്തു എന്നു വേണം പറയാന്‍. ഇവര്‍ മൂന്നു പേരുടേയും കോമ്പോ വന്‍ ഹിറ്റായി മാറിയപ്പോള്‍ ചിത്രം തമിഴിലും ഹിന്ദിയിലും പുനര്‍നിര്‍മിക്കുകയുണ്ടായി. അറങ്ങേട്ര വേളെയ് എന്ന പേരില്‍ തമിഴില്‍ ഫാസിലും ഹേരാ ഫെരി എന്ന പേരില്‍ ഹിന്ദിയില്‍ പ്രിയദര്‍ശനുമാണ് ചിത്രം സംവിധാനം ചെയ്തത്.

പിന്നീട് 1995ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം മന്നാര്‍ മത്തായി സ്പീക്കിങ്ങും 2014ല്‍ മൂന്നാം ഭാഗം മന്നാര്‍ മത്തായി സ്പീക്കിങ്ങ് 2വും ഇറങ്ങുകയായിരുന്നു.

6)  മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായി പറയപ്പെടുന്ന ചിത്രങ്ങളാണ് കിരീടവും ചെങ്കോലും. 1989ല്‍ ലോഹിതാദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആണ് ആദ്യ ചിത്രമായ കിരീടം സംവിധാനം ചെയ്യുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായരെയും മകന്‍ സേതുമാധവനെയും തിലകനും മോഹന്‍ലാലും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു.

ചിത്രത്തിന്റെ അവസാന പത്തുമിനിട്ടിലെ തിലകന്റെയും മോഹന്‍ലാലിന്റെയും പ്രകടനത്തെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ ഇന്നും സംസാരങ്ങള്‍ നടക്കാറുണ്ട്. മോഹന്‍ലാലിന്റെ ആദ്യത്തെ നാഷണല്‍ അവാര്‍ഡ് ആയിരുന്നു കിരീടത്തിലെ പ്രകടനം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത്. ജാക്കി ഷ്റോഫിനെ നായകനാക്കി ഗര്‍ദിഷ് എന്ന പേരില്‍ പ്രിയദര്‍ശന്‍ ഇതേ ചിത്രം ഹിന്ദിയില്‍ റീമേയ്ക്ക് ചെയ്തിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിന് തീയ്യേറ്ററില്‍ പ്രതീക്ഷിച്ച രീതിയിലുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. എങ്കിലും മോഹന്‍ലാലിന്റെ ചില അഭിനയമുഹൂര്‍ത്തങ്ങള്‍ വലിയ ശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു.

7)  1991ലെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം. ഊട്ടിയിലെ ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തില്‍ എത്തിയ ജോജിയായി മോഹന്‍ലാലും ഫോട്ടോഗ്രാഫര്‍ നിശ്ചലിന്റെ വേഷത്തില്‍ ജഗതി ശ്രീകാറും നന്ദിനിയായെത്തിയ രേവതിയും പ്രേക്ഷരുടെ കൈയ്യടി നേടിയ കഥാപാത്രങ്ങളാണ്. അങ്കമാലിയിലെ പ്രധാനന്ത്രിയും, അമേരിക്കന്‍ ഡോളേഴ്സും, കോയീന്റെ മണവുമെല്ലാം പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മിക്കുന്ന ഡയലോഗുകകളുമാണ്.

എന്നാല്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ കിലുക്കം കിലുകിലുക്കം പ്രേക്ഷര്‍ക്ക് നിരാശയാണ് നല്‍കിയത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍, എന്നിവര്‍ക്കൊപ്പം ഇന്നസെന്റും ജഗതിയും മോഹന്‍ലാലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും ചിത്രം സാമ്പത്തികമായും പുറകിലാവുകയായിരുന്നു.

8)  മമ്മൂട്ടിയുടെ ബല്‍റാം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച മൂന്ന് സിനിമകളാണ് ആവനാഴിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും, ബല്‍റാം വേഴ്സസ് താരാദാസും. 1987ല്‍ ഐ.വി ശശിയാണ് ആദ്യമായി ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ട് ആവനാഴി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഐ.വി ശശി തന്നെ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗമായ ഇന്‍സ്പെക്ടര്‍ ബല്‍റാം ഇറങ്ങുന്നത് 1991ല്‍ ആണ്.

2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ബല്‍റാം വേഴ്സസ് താരാദാസ് സംവിധാനം ചെയ്തതും ഐ.വി ശശി തന്നെയാണ്. മമ്മൂട്ടിയുടെ ആവനാഴിയിലെ ബല്‍റാം എന്ന കഥാപാത്രവും അതിരാത്രത്തിലെ താരാദാസ് എന്ന കാഥാപാത്രവും ഒരുമിച്ചെത്തിയ ഈ ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ ആണ് അഭിനയിക്കുന്നത്. ബോളിവുഡ് നായിക കത്രീന കൈഫ് മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ബല്‍റാം വേഴ്സസ് താരാദാസ്.

9) സി.ബി.ഐ ഇന്‍വെസ്റ്റിഗേഷന്‍ സീരീസുകള്‍ മലയാളിക്ക് പ്രിയങ്കരമായി മാറിയത് തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമ്മയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ, തുടങ്ങിയ ചിത്രങ്ങളാണ് ഈ പരമ്പരയില്‍ വന്നത്. കെ.മധു സംവിധാനം ചെയ്ത ആദ്യ ഭാഗമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ ആണ് സേതുരാമയ്യര്‍ സി.ബി.ഐ എന്ന മമ്മൂട്ടി കഥാപാത്രത്തെ മലയാളികള്‍ പരിചയപ്പെടുന്നത്.

മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാര്‍, ഉര്‍വശി, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം ബോക്സോഫീസില്‍ വിജയമായി മാറിയപ്പോള്‍ രണ്ടാം ഭാഗമായി 1989ല്‍ കെ.മധുവിന്റെ സംവിധാനത്തില്‍ തന്നെ ജാഗ്രത എന്ന ചിത്രമെത്തി. തുടര്‍ന്ന് 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലും 2005ല്‍ നേരറിയാന്‍ സി.ബി.ഐ എന്ന പേരിലും ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങള്‍ ഇറങ്ങി. കുറ്റാനേഷ്വണത്തിലൂടെയും ത്രില്ലിങ്ങ് സ്വാഭാവത്തിലൂടെയും മൂന്നാം ഭാഗം പ്രേക്ഷകരെ കയ്യിലെടുത്തപ്പോള്‍ നാലാം ഭാഗത്തിലും കൊലപാതകക്കേസ് തെളിയിക്കാനുള്ള സേതുരാമയ്യരുടെ കഴിവിനെത്തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

10) ഇപ്പോഴും മലയാളികള്‍ നാലാം ഭാഗം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. അത്രമേല്‍ പ്രിയങ്കരമാണ് ദാസന്റെയും വിജയന്റെയും ജീവിതം സിനിമാപ്രേക്ഷകര്‍ക്ക്. 1987ലാണ് ശ്രീനിവാസനെയും മോഹന്‍ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് നാടോടിക്കാറ്റ് സംവിധാനം ചെയ്യുന്നത്. ജോലി തേടി അലയുന്ന ദാസനും വിജയനും ദുബായിയിലേക്ക് കള്ളക്കപ്പല്‍ കയറി മദ്രാസില്‍ ചെന്നിറങ്ങുന്നതും അവിചാരിതമായി സി.ഐ.ഡി ഉദ്യോഗസ്ഥരായി മാറുന്നതുമെല്ലാം സിനിമാപ്രേമികള്‍ എന്നും ഓര്‍ക്കുന്ന രംഗങ്ങളാണ്. ഗഫൂര്‍ക്കാ ദോസ്ത് എന്ന മാമുക്കോയയുടെ കഥാപാത്രവും ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നു എന്ന ഡയലോഗുകളും ട്രോളിലും മീമ്സിലുമായി നിറഞ്ഞു നില്‍ക്കുന്നവയുമാണ്.

നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമായി 1988ല്‍ ആണ് പട്ടണപ്രവേശം ഇറങ്ങുന്നത്. ദാസനും വിജയനും പുറമെ പുത്തന്‍പുരക്കല്‍ ബാലന്‍ എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെയും അനന്തന്‍ നമ്പ്യാര്‍ എന്ന തിലകന്റെ കഥാപാത്രത്തെയും ആദ്യ ഭാഗത്തു നിന്നും രണ്ടാം ഭാഗത്തിലേക്കും സംവിധായകന്‍ കടമെടുത്തിരുന്നു. പട്ടണപ്രവേശവും വലിയ ഹിറ്റായി മാറിയ സിനിമയാണ്. പിന്നീടാണ് 1990ല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ അക്കരെ അക്കരെ അക്കരെ ഇറങ്ങുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് ചിത്രം വലിയ വിജയമായില്ലെങ്കിലും ദാസനും വിജയനും പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. മൂന്നാം ഭാഗം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്.

മലയാളത്തില്‍ വേറെയും ഒട്ടേറെ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാള്‍ ഗംഭീരമാകുന്ന തുടര്‍ഭാഗങ്ങളും തുടര്‍ഭാഗങ്ങള്‍ എടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പിക്കുന്ന സംവിധാനവും മലയാളസിനിമാലോകത്ത് സംഭവിച്ചുള്ളതാണ്. അതില്‍ ചിലതു മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam second part Movies history

We use cookies to give you the best possible experience. Learn more