ത്രിപുരയില്‍ നിന്നൊരു ചുവപ്പന്‍ പോരാളി
Discourse
ത്രിപുരയില്‍ നിന്നൊരു ചുവപ്പന്‍ പോരാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2013, 11:30 am

ഏതൊക്കെ മന്ത്രിമാരാണ് അഴിമതി കാണിച്ചതെന്ന് തെളിവ് സഹിതം വ്യക്തമാക്കിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം. തന്റെ മന്ത്രിമാരുടെ കഴിവിനെ ചോദ്യം ചെയ്യാം, എന്നാല്‍ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല: മണിക് സര്‍ക്കാര്‍

ത്രിപുര നാലാമതും ചുവപ്പണിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ ഭരണകേന്ദ്രമെന്ന നിലയില്‍ ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

അനുദിനം മങ്ങിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായക്കിടെ ത്രിപുരയില്‍ വീണ്ടും ചെങ്കൊടി പറത്തി ഇടതുപക്ഷത്തിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചതില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിനുള്ള പങ്ക് ചെറുതല്ല.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച്, ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി, ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഈ മുഖ്യമന്ത്രി ഒരു മാതൃകയാണ്. ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ എല്ലാ ജനനേതാക്കള്‍ക്കും.

 മണിക് സര്‍ക്കാറിനെ കുറിച്ച് ഡൂള്‍ ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിലേക്ക്

അഴിമതിയുടെ നീണ്ട ആരോപണ ശരങ്ങള്‍ അവസാനിക്കുമ്പോള്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സത്യസന്ധതയ്ക്ക് അദ്ദേഹത്തിന്റെ തൂവെള്ള കുര്‍ത്തയുടെ തിളക്കമുണ്ട്. സ്വന്തമായി കിടപ്പാടമോ വാഹനമോ ബാങ്ക് ബാലന്‍സോ ഇല്ലാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി മണിക് സര്‍ക്കാറാവും. മണിക് സര്‍ക്കാറിന്റെ എസ്.ബി.ഐ അക്കൗണ്ട് ബാലന്‍സ് വെറും 65,000 രൂപയാണ്. []

തന്റെ മാസ ശമ്പളമായ 12,500 രൂപ മണിക് സര്‍ക്കാറിന് പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവനയാണ്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന 5000 രൂപയാണ് മണിക് സര്‍ക്കാറിന്റെ യഥാര്‍ത്ഥ വരുമാനം! പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പണം കൊണ്ട് ഒരു കുടുംബം എങ്ങനെ കൊണ്ടുപോകുമെന്ന് മണിക് സര്‍ക്കാറിനോട് ചോദിച്ചാല്‍ ചിരിച്ച് കൊണ്ട് അദ്ദേഹം പറയും, “എന്റെ ഭാര്യക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ദിവസം ഒരു ചാര്‍മിനാര്‍ പാക്കറ്റും ഒരു പാക്കറ്റ് മൂക്ക് പൊടിയുമാണ് എനിക്കുള്ള ആകെ ചിലവ്. അത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ല.”

ഭീം സെന്‍ ജോഷിയുടെ ഗാനത്തോടെയാണ് മണിക് സര്‍ക്കാറിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണമായ രസ്മലായിയും അണ്ടിപ്പരിപ്പും കഴിച്ച് പൊതുജീവിതത്തിലേക്ക് ഇറങ്ങും. കൃത്യം പത്ത് മണിക്ക് മണിക് സര്‍ക്കാര്‍ തന്റെ ഓഫീസിലെത്തും. ഭര്‍ത്താവിന്റെ പൊതു ജീവിതത്തിന് ഇതുവരെ ഒരു കോട്ടവും ഭാര്യ പഞ്ചാലി ഭട്ടാചാര്യ വരുത്തിയിട്ടില്ല. സാമൂഹ്യ ക്ഷേമവകുപ്പ് ഉദ്യോഗ്സ്ഥയായിരുന്ന പഞ്ചാലി ഭട്ടാചാര്യ കഴിഞ്ഞ വര്‍ഷമാണ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചത്.

നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഒറ്റത്തവണ മാത്രമാണ് പാഞ്ചാലി മണിക് സര്‍ക്കാറിന്റെ പൊതുജീവിതത്തില്‍ ഇടപെട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്.. പതിവ് പോലെ മണിക് സര്‍ക്കാര്‍ തന്റെ പതിവ് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. കാര്യം പഞ്ചാലി ഭട്ടാചാര്യയോട് പറഞ്ഞപ്പോള്‍ വീട്ടില്‍ ട്രെഡ് മില്‍ വാങ്ങിയായിരുന്നു അവര്‍ പ്രശ്‌നം പരിഹരിച്ചത്. പിന്നീട് ഈ കാര്യം മണിക് സര്‍ക്കാര്‍ അറിഞ്ഞപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,” നടക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി ട്രെഡ് മില്ലില്‍ കിട്ടില്ല.” എന്നാലും തന്റെ പ്രഭാത സവാരി അതോടെ മണിക് സര്‍ക്കാര്‍ നിര്‍ത്തി.

ഏതൊക്കെ മന്ത്രിമാരാണ് അഴിമതി കാണിച്ചതെന്ന് തെളിവ് സഹിതം വ്യക്തമാക്കിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മണിക് സര്‍ക്കാര്‍ പറയുന്നു

സത്യസന്ധതയും ആത്മസമര്‍പ്പണവും കൊണ്ട് എതിരാളികളുടെ പോലും പ്രിയ്യപ്പെട്ട നേതാവായ മണിക് സര്‍ക്കാര്‍ സി.പി.ഐ.എം കോട്ടയിലെ അവസാനത്തെ പോരാളി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏക സി.പി.ഐ.എം മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍. സി.പി.ഐ.എമ്മിന്റെ അവസാനത്തെ കോട്ടയാണ് ത്രിപുര എന്ന് പറഞ്ഞാല്‍ മണിക് സര്‍ക്കാര്‍ അതിനെ രൂക്ഷമായി എതിര്‍ക്കും.

കേരളത്തിലും വെസ്റ്റ് ബംഗളിലും പാര്‍ട്ടി കൂടുതല്‍ ശക്തിയോടെ തിരിച്ച് വരുമെന്ന് തന്നൊയണ് അറുപത്തിമൂന്ന്കാരനായ ഈ നേതാവ് വിശ്വസിക്കുന്നത്. ബംഗാളില്‍ പാര്‍ട്ടിയുടെ ശക്തി ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് ബംഗാളില്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍. ഏറെ രാഷ്ട്രീയ യുദ്ധങ്ങള്‍ മണിക് സര്‍ക്കാര്‍ ഈ കാലയളവില്‍ നേരിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുന്‍ മുഖ്യമന്ത്രി സമീര്‍ റോയ് ബര്‍മന്റെ മകനും കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡന്റുമായ സുധീപ് റോയ് ബര്‍മന്റേത്. ത്രിപുരയില്‍ ഇടത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയതും സുധീപ് റോയ് ബര്‍മനായിരുന്നു.

നൂറ് കണക്കിന് കുര്‍ത്തകളാണ് മണിക് സര്‍ക്കാറിന്റെ പക്കലുള്ളത്. അദ്ദേഹത്തിന്റെ കണ്ണടയുടെ ഫ്രൈയിമിന് 60,000 രൂപയെങ്കിലും വിലയുണ്ടാവും, ചെരുപ്പിന് കുറഞ്ഞത് 6,000 എങ്കിലും കാണും.

ത്രിപുരയിലെ വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയായിരുന്നു തിരഞ്ഞെടുപ്പില്‍ മണിക് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തി പ്രധാന ആരോപണം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ 40,000 അധ്യാപകരുടെ ഒഴിവുകളുണ്ടെന്നും മണിക് സര്‍ക്കാര്‍ ഭരിച്ച 14 വര്‍ഷത്തില്‍ പുതിയ ഒരു നിയമനം പോലും നടന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തൊഴിലില്ലായ്മ ത്രിപുര നേരിടുന്ന ഏറ്റവും വെല്ലുവിളിയാണെന്നും എന്നാല്‍ അത് ത്രിപുരയുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നുമാണ് സര്‍ക്കാറിന്റെ ഭാര്യ പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മ ഇത്രയും വര്‍ധിക്കുന്നതെന്നാണ് മണിക് സര്‍ക്കാര്‍ ഇതിന് മറുപടി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെയും മണിക് സര്‍ക്കാര്‍ രൂക്ഷമായി എതിര്‍ക്കുന്നു.

മണിക് സര്‍ക്കാര്‍ മന്ത്രിസഭയിലെ ചിലര്‍ ചേര്‍ന്ന് പൊതുമുതല്‍ കൊള്ളയടിക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. എന്നാല്‍ ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.  ഏതൊക്കെ മന്ത്രിമാരാണ് അഴിമതി കാണിച്ചതെന്ന് തെളിവ് സഹിതം വ്യക്തമാക്കിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

തന്റെ മന്ത്രിമാരുടെ കഴിവിനെ ചോദ്യം ചെയ്യാം, എന്നാല്‍ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

മണിക് സര്‍ക്കാറിന്റെ സത്യസന്ധത അദ്ദേഹം സൃഷ്ടിച്ചെടുത്ത പുകമറയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സുധീപ് റോയ് ആരോപിക്കുന്നത്.  ” നൂറ് കണക്കിന് കുര്‍ത്തകളാണ് മണിക് സര്‍ക്കാറിന്റെ പക്കലുള്ളത്. ഇതൊക്കെ വാങ്ങാന്‍ അദ്ദേഹത്തിന് എവിടെ നിന്നാണ് പണം? അദ്ദേഹത്തിന്റെ കണ്ണടയുടെ ഫ്രൈയിമിന് 60,000 രൂപയെങ്കിലും വിലയുണ്ടാവും, ചെരുപ്പിന് കുറഞ്ഞത് 6,000 എങ്കിലും കാണും. എന്നിട്ടും അദ്ദേഹം അഴിമതി വിരുദ്ധ മുഖ്യമന്ത്രിയായി അറിയപ്പെടുന്നു.  ഇതെല്ലാം അദ്ദേഹത്തിന്റെ തന്ത്രമാണ്. അദ്ദേഹം അഴിമതി നടത്താന്‍ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു, പിന്നെ അവരെ നിയമത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അങ്ങനെയാണ് അദ്ദേഹം തന്റെ ഭരണം നിലനിര്‍ത്തുന്നത്.” സുധീപ് ആരോപിക്കുന്നു.

ഇനിയും നിരവധി ആരോപണങ്ങള്‍ മണിക് സര്‍ക്കാറിനെതിരെയുണ്ട്. ത്രിപുര സര്‍വകലാശാലയിലെ പേര് പുറത്ത് പറയാത്ത ഒരു പ്രൊഫസര്‍ പറയുന്നത് കേള്‍ക്കുക: “മണിക് സര്‍ക്കാര്‍ ചിലപ്പോള്‍ സത്യസന്ധനാവാം, പക്ഷേ അദ്ദേഹം കര്‍ക്കശക്കാരനായ രാഷ്ട്രീയക്കാരനാണ്. എവിടെ നിന്നെങ്കിലും ഭീഷണി ഉയരുന്നതായി അദ്ദേഹത്തിന് തോന്നിയാല്‍ അവരുടൈ ചിറകുകള്‍ അയാള്‍ വെട്ടിമാറ്റും. കോണ്‍ഗ്രസിന് അദ്ദേഹത്തെ പുറത്താക്കാന്‍ എന്തെങ്കിവും അവസരം കിട്ടിയാല്‍ നന്നായിരുന്നു.”

തനിക്കെതിരെയുള്ള ആരോപണങ്ങളെയെല്ലാം ക്ഷമയോടെ നേരിടുകയാണ് മണിക് സര്‍ക്കാര്‍. “ത്രിപുര പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, കേന്ദ്രമാണ് രാജ്യം മുഴുവന്‍ ഭരിക്കുന്നതെന്നുമാണ്. നമുക്ക് അവകാശപ്പെട്ടത് ചിലപ്പോള്‍ പിടിച്ച് വാങ്ങേണ്ടി വരും.”

“എന്റെ കണ്ണടയുടെ വില 1800 രൂപയാണ്. ചെരുപ്പും വില കുറഞ്ഞതാണ്. വൃത്തിയില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്ന് വെച്ച് വിലകൂടിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന് അര്‍ത്ഥമില്ല.”

ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ മണിക് സര്‍ക്കാര്‍ തന്റെ കോളേജിലെ മികച്ച ക്രിക്കറ്ററായിരുന്നു. സച്ചിന്‍, ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രിയ താരങ്ങള്‍. പുതിയ താരങ്ങളില്‍ ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാല്‍ വിരാട് കോഹ്‌ലി എന്നാണ് സര്‍ക്കാര്‍ ഉത്തരം പറയുക. റണ്‍ ഔട്ട് ആകുമെന്ന ആശങ്ക ഇല്ലാതെയാണ് കോഹ്‌ലി കളിക്കുകയത്രേ.