കോഴിക്കോട്: 2050ലെ പത്രം എന്ന രീതിയില്‍ പരസ്യം പ്രസിദ്ധീകരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയ മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം തുടങ്ങിയ മലയാളം ദിനപത്രങ്ങളിലെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത കൊച്ചി ജെയിന് ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു.
എന്നാല്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ ആണെന്ന് തിരിച്ചറിയാതെയാണ് ഭൂരിഭാഗം വായനക്കാരും ഇന്നത്തെ പത്രം വായിച്ചത്. ഇതില്‍ ലീഡ് ന്യൂസായി കൊടുത്തിരിക്കുന്നത് രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറി എന്ന വാര്‍ത്തയായിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറി എന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചുവെന്നും ഫെബ്രുവരി ഒന്ന് മുതല്‍ സമ്പൂര്‍ണ നോട്ട് നിരോധനം നിലവില്‍ വരുമെന്നും വാര്‍ത്തയിലുണ്ട്.
എന്നാല്‍ ഇത് സാങ്കല്‍പ്പികമാണെന്ന് മനസിലാകാതെ നിരവധി വായനക്കാര്‍ പരിഭ്രാന്തരായതായി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് കറസ്പോണ്ടന്റ് ആയ അരുണ്‍ കുമാര്‍ ഇന്നത്തെ പത്രവാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന പ്രോഗ്രാമില്‍ വെച്ച് മറ്റ് വാര്‍ത്തകളുടെ കൂടെ യഥാര്‍ത്ഥ വാര്‍ത്ത ആണെന്ന തരത്തില്‍ നോട്ട് നിരോധനത്തിന്റെ വാര്‍ത്തയും വായിച്ചിരുന്നു. എന്നാല്‍ അബദ്ധം മനസിലാക്കിയ അരുണ്‍ കുമാര്‍ ഇത് പരസ്യമാണെന്ന് പിന്നീട് തിരുത്തി പറയുകയും ചെയ്തു.
ഇതിന് പുറമെ സെക്കന്റ് ലീഡ് ആയി കൊടുത്ത വാര്‍ത്ത ആദ്യ സമുദ്ര നഗരമായ ഓഷ്യാനസിലെ ഷെല്ലിന്റെ താക്കോല്‍ കൈമാറ്റം ശാസ്ത്രലോകം ആഘോഷമാക്കി എന്നതാണ്. ഇതിന് പുറമെ കേരളത്തിന്റെ മന്ത്രിസഭയിലെ ആദ്യ റോബോ മന്ത്രിയുടെ വാര്‍ത്തയും ഭൂമിയും ചൊവ്വയും തമ്മിലുള്ള ഫിഫ ഗോളാന്തര കപ്പ് ഫൈനലില്‍ ഇരുവിഭാഗവും ജയിച്ചതിന്റെ വാര്‍ത്തയും ഒക്കെയുണ്ട്.
ഇതില്‍ത്തന്നെ നോട്ട് നിരോധനത്തിന്റെ വാര്‍ത്ത കണ്ട് പരിഭ്രാന്തരായവര്‍ നിരവധിയാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ കൊടുത്ത പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കാശ് കൊടുത്താല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന പത്രങ്ങള്‍ മാപ്പ് പറയണമെന്നും നിരവധി വായനക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ദേശാഭിമാനി പത്രം ഈ പരസ്യം നല്‍കിയിട്ടില്ല.
‘ഇതെന്തൊരു തോന്ന്യവാസം. പരസ്യത്തിന്റെ പേരില്‍ എന്തും കാണിക്കാന്‍ പറ്റും എന്നതിന്റെ വലിയ തെളിവ് ആണ് ഇന്നത്തെ പത്രങ്ങള്‍. ഇന്ന് കേരളത്തില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളും ഒന്നാം പേജില്‍ മാര്‍ക്കറ്റിങ് ഫീച്ചര്‍ സാങ്കല്പിക വാര്‍ത്തകളുമായാണ് ഇറങ്ങിയത്,’ രാമഭദ്രന് മുഖത്തല എന്ന ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.
അതേസമയം മനോരമ, പത്രം പ്രസിദ്ധീകരിച്ച വര്‍ഷം 2050 എന്നാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി ‘ഇത്രയും കാലം പത്രങ്ങളില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് തീയ്യതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിശ്വാസവും ഇന്ന് അവര്‍ തിരുത്തി’ എന്നാണ് ഒരാള്‍ പറഞ്ഞത്.
ഇത് പത്രങ്ങളുടെ ഒരു മോഡല്‍ മാത്രമാണെന്ന് ചെറിയ ഒരു ബോക്സില്‍ പത്രത്തിന്റെ ഒരു ഭാഗത്ത് കൊടുത്തിട്ടുണ്ടെങ്കിലും അത് വായനക്കാര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ കൊടുക്കാതിരുന്നത് ആശയകുഴപ്പം വര്‍ധിപ്പിച്ചു. കൂടാതെ ചില പത്രങ്ങള്‍ മാത്രമാണ് ഇത് മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന ലേബല്‍ ചെറിയ രീതിയില്‍ കൊടുത്തത്. ഇതും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പത്രങ്ങളുടെ ഈ മനോഭാവത്തിന് എതിരെ നടുപടി എടുക്കണമെന്നും പത്രം വാങ്ങുന്നത് നിര്‍ത്തണമെന്നും പറയുന്നവര്‍ ധാരാളമാണ്.
Content Highlight: Malayalam newspaper of 2050; marketing feature of malayalam daily’s fooled the readers