| Thursday, 24th August 2023, 11:10 am

ഇത്തവണ ചന്ദ്രിക കൊണ്ടുപോയെന്ന് സോഷ്യല്‍ മീഡിയ; ഭാരത് ചന്ദ്രന്‍ ഐ.എസ്.ആര്‍.ഒ എന്ന് മനോരമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ അഭിമാന ദിവസമായിരുന്നു ഇന്നലെ. ഇതോട് കൂടി ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമായി മാറുകയായിരുന്നു ഇന്ത്യ. വൈകിട്ട് 6.04ന് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്തത് മുതലുള്ള പ്രധാനപ്പെട്ട വാര്‍ത്തയും ഇതു തന്നെയാണ്.

എന്നാല്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രധാനപ്പെട്ട പത്രങ്ങളില്‍ നല്‍കിയ തലക്കെട്ടുകളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ആദ്യപേജില്‍ മുഴുവന്‍ വാര്‍ത്തയായി തന്നെയാണ് എല്ലാ പത്രങ്ങളും വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ചന്ദ്രിക നല്‍കിയ തലക്കെട്ടാണ്. പത്രത്തിന്റെ പേര് നല്‍കുന്ന (മാസ്റ്റര്‍ ഹെഡ്) ഇടത്ത് ‘ത്രിവര്‍ണ ചന്ദ്രിക’ എന്നാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ആദ്യത്തെ പേജ് മുഴുവന്‍ ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്ത ചിത്രവും ലാന്‍ഡിങ്ങിലെ വിശദ വിവരങ്ങളും നല്‍കിയിരിക്കുന്നു.

ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സിനിമ പേരിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് മലയാള മനോരമയുടെ തലക്കെട്ട്. ‘ഭാരത് ചന്ദ്രന്‍ ISRO’ എന്ന തലക്കെട്ടാണ് മനോരമ നല്‍കിയിരിക്കുന്നത്. ത്രിവര്‍ണ പതാകയുടെ നിറത്തിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം പേജ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രയാന്‍ 3ന്റെ ഓരോ ഘട്ടങ്ങളും വിവരിക്കുന്ന മാപ്പും നല്‍കിയിട്ടുണ്ട്.

‘ത്രിവര്‍ണ നിലാവ്’ എന്ന തലക്കെട്ടോട് കൂടി വാര്‍ത്ത നല്‍കിയ മാധ്യമം ഒന്നാം പേജില്‍ തന്നെ ദൗത്യത്തിന്റെ വിജയമാഘോഷിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മാതൃഭൂമി ‘ഇന്ദു തൊട്ട് ഇന്ത്യ’ എന്ന തലക്കെട്ടോട് കൂടി ആദ്യ പേജിന്റെ പകുതി ഭാഗവും ചന്ദ്രയാന്റെ ചിത്രം നല്‍കിയാണ് ആഘോഷിച്ചത്. കൂടാതെ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം കൊടി വീശി കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥിന്റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശവും നല്‍കിയിട്ടുണ്ട്.

‘ഉയരേ ഇന്ത്യ’ എന്ന തലക്കെട്ടോട് കൂടി മാസ്റ്റര്‍ ഹെഡില്‍ ഇന്ത്യയുടെ പതാക നല്‍കിയാണ് സിറാജ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം അറിയിച്ചിരിക്കുന്നത്. മുകളില്‍ മോദിയുടെ സന്ദേശവും നല്‍കിയിട്ടുണ്ട്.

‘ഭാരതചന്ദ്രിക’ എന്ന് കേരളകൗമുദിയും ‘ഹണിമൂണ്‍’ എന്ന് ദീപികയും ചന്ദ്രയാന്‍ വിജയത്തില്‍ തലക്കെട്ട് നല്‍കിയിട്ടുണ്ട്.

എന്നാല്‍ അര പേജിലാണ് ദേശാഭിമാനി ചന്ദ്രയാന്‍ മൂന്നിന്റെ വാര്‍ത്ത നല്‍കിയത്. ഇന്ത്യയാന്‍ എന്ന പേരില്‍ ഒന്നാം പേജിലെ പകുതി ഭാഗത്ത് ചന്ദ്രയാനെ കുറിച്ചുള്ള വാര്‍ത്തയും നല്‍കിയിട്ടുണ്ട്. കൂടാതെ ബെംഗളൂരു മിഷന്‍ കോംപ്ലക്‌സില്‍ ചന്ദ്രയാന്റെ വിജയം ആഘോഷിക്കുന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥിന്റെയും ശാസ്ത്രജ്ഞരുടെയും ചിത്രവും നല്‍കിയിട്ടുണ്ട്.

CONTENT HIGHLIGHTS: malayalam newspaper headings about chandrayan 3

We use cookies to give you the best possible experience. Learn more