തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ നേതാക്കളടക്കം കേരളത്തില്‍ 258 മുസ്‌ലിംകളുടെ ഇ-മെയില്‍ വിവരങ്ങള്‍ സംസ്ഥാന പോലീസ് ചോര്‍ത്തുന്നുവെന്ന് “മാധ്യമം” റിപ്പോര്‍ട്ട്. ആഴ്ചപ്പതിപ്പിന് വേണ്ടി വിജു വി നായരാണ് ” സ്‌കൂപ്പ്” റിപ്പോര്‍ട്ട് ചെയ്തത്. ” നോട്ടപ്പുള്ളികള്‍” എന്ന തലക്കെട്ടോടെ നല്‍കിയ റിപ്പോര്‍ട്ടില്‍ മെയില്‍ ചോര്‍ത്തപ്പെടുന്നവരുടെ പേരും മെയില്‍ ഐ.ഡിയും നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് എം.പി എ.പി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള നേതാക്കളുടെയും കേരളത്തിലെ മറ്റ് പ്രമുഖ മുസ്‌ലിം സംഘടനകളുടെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മെയില്‍ ചോര്‍ത്തപ്പെടുന്ന
268 പേരില്‍ 258 പേരും മുസ്‌ലിംകളാണ്.
സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന്റെ തിരുവനന്തപുരത്തെ ഹെഡ്ഓഫിസില്‍നിന്ന് ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് അഡീഷനല്‍ ഡി.ജി.പി (ഇന്റലിജന്‍സ്) എ. ഹേമചന്ദ്രനുവേണ്ടി സൂപ്രണ്ട് കെ.കെ. ജയമോഹനാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവില്‍ പറഞ്ഞ പട്ടികയിലെ വ്യക്തികളുടെ ഇ മെയില്‍ ഐ.ഡികള്‍ പരിശോധിക്കുക, അവരുടെ ലോഗ് ഇന്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മെയില്‍ സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് സംഘടിപ്പിക്കുക എന്നിവയാണ് ആവശ്യം. പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ അസിസ്റ്റന്റ് കമാന്‍ഡന്റിനാണ് ഉത്തരവ് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി മെയില്‍ മുഖേന തപാല്‍ വിനിമയം നടത്തുന്ന 159 പേര്‍ പട്ടികയിലുണ്ട്. റീഡിഫ് മെയിലില്‍നിന്ന് ഒരാള്‍ മാത്രം. യാഹുവിലുള്ള 63 പേര്‍, ഹോട്‌മെയിലിലുള്ള 22 പേര്‍ എന്നിങ്ങനെ ഏഷ്യാനെറ്റ് ഇന്ത്യ, എമിറേറ്റ്‌സ്.നെറ്റ് തുടങ്ങി ഇന്‍ഫോബാന്‍ .നെറ്റ് വരെ 23 ലക്കോട്ട് കമ്പനികളിലായി 268 പേര്‍. ഇതില്‍ പത്തോളം സ്ഥാപനങ്ങളാണ്. ബാക്കി 258 പേരും മുസ്ലിംകളായ വ്യക്തികള്‍. അതില്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനി ഒഴികെ 257 പേരും കേരളത്തില്‍ കഴിയുന്നവരാണ്.
എം.പി അബ്ദുല്‍ വഹാബിനൊപ്പം അദ്ദേഹത്തിന്റെ കമ്പനിയിലെ ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരീസ് നീലേമ്പ്രയുടെ മെയില്‍ ഐ.ഡിയും ചോര്‍ത്തേണ്ട പട്ടികയിലുണ്ട്. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്‌സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്‌കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ കേരള ജംഇയ്യതുല്‍ മഹല്‍ സംയുക്ത സമിതി പ്രസിഡന്റുമായ അബ്ദുല്‍ അസീസ്, ലീഗ് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹുമയൂണ്‍ കബീര്‍, മലപ്പുറം ജില്ലാ നേതാവ് അബ്ദുല്‍ ഗഫൂര്‍ വേങ്ങര, മുജാഹിദ്ദീന്‍ കണ്ണൂര്‍ ജില്ലാ മെംബര്‍ ഇസ്ഹാഖ് മദനി, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുല്‍ഖാദര്‍ കൊടിഞ്ഞി, പി.കെ. അബ്ദുല്‍റഷീദ്, റഫീഖ് തങ്ങള്‍, അഷ്‌റഫ് തിരൂര്‍ , പി.ഡി.പി സ്‌റ്റേറ്റ് കമ്മിറ്റി അംഗം സലിം കടലായി, ജമാഅത്തെ ഇസ്‌ലാമി നേതാവും എഴുകാരനുമായ സി. ദാവൂദ് തുടങ്ങിയിവര്‍ ലിസറ്റിലുണ്ട്.
കായംകുളത്ത് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന (ഹസനിയ) എ. എം. ഷുക്കൂര്‍, മഞ്ചേരിയില്‍ സര്‍ക്കാര്‍വക ബധിര മൂക വിദ്യാലയത്തിലെ അധ്യാപകന്‍ കെ.വി.നൂര്‍, പ്രശസ്ത ജനകീയവാദികളായ മണക്കാട് എജ്യുക്കേഷനല്‍ ട്രസ്റ്റ്, തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍, ഗുജറാത്തി സുന്നികളും സാദാ വ്യാപാരികളുമായ കൊച്ചിയിലെ കച്ച് മേമന്മാര്‍, എല്ലാതരം വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് കൊടുക്കുന്ന കേന്ദ്ര ഗവ.അംഗീകൃത എന്‍.ജി.ഒ ആയ സിജി, പണ്ഡിതനും ഇമാം കൗണ്‍സില്‍ നേതാവുമായ കണ്ണൂര്‍ ഉള്ളാട്ടില്‍ അബ്ദുല്‍മജീദ്, ഉന്നത പ്രഫഷനലുകളുടെ സാംസ്‌കാരിക സംഘടനയായ മെക്കാന്യൂസ് എന്നിവരും നോട്ടപ്പുള്ളികളാണ്.
തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകന്‍ എസ്. ഷാനവാസ്, തൃശൂരില്‍ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തുന്ന ഷമീര്‍, കോഴിക്കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.എ. മജീദ്, കണ്ണൂരിലെ അധ്യാപകന്‍ മെഹബൂബ്, ജേണലിസം വിദ്യാര്‍ഥി സമീര്‍ എന്നിവരും പട്ടികയിലുണ്ട്.
ചന്ദ്രിക ദിനപത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടറും സജീവ ലീഗുകാരനുമായ അബു മേടയില്‍, മാധ്യമം ജേര്‍ണലിസ്റ്റുകളായ സക്കീര്‍ ഹുസൈന്‍, എന്‍.പി. ജിഷാര്‍. അബ്ദുല്‍ ജബ്ബാര്‍, ഹാരിസ് കുറ്റിപ്പുറം, വി.എം. ഇബ്രാഹീം, ഇ. ബഷീര്‍, തേജസ് പത്രം റസിഡന്റ് എഡിറ്റര്‍ പി. അഹമ്മദ് ശരീഫ്, നിഷാദ്, നിസ്സാര്‍, മാതൃഭൂമി ലേഖകന്‍ മൊയ്തു ചാലിക്കല്‍, “യൂത്ത് സെന്ററി”ലെ കെ.ടി. ഹനീഫ്, മാതൃഭൂമിയുടെ ജിദ്ദ ലേഖകന്‍ അക്ബര്‍ പൊന്നാനി, സൗദി ഗസറ്റ് പത്രത്തിലുള്ള മലപ്പുറം സ്വദേശി ജലാല്‍, അല്‍ജസീറയുടെ ഖത്തറിലെ ജേണലിസ്റ്റ് ഫസീര്‍ അത്തിമണ്ണില്‍ എന്നിവരുടെ പേരുകളും പട്ടികയിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികയില്‍ പേരുള്ളവരുടെ ഇ മെയിലില്‍ അവരറിയാതെ കയറി പരിശോധിക്കാന്‍ പോലീസിന് കഴിയും. മൂന്നുകൊല്ലം മുമ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഭേദഗതി ) ചട്ടം2008 എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയെടുത്ത കരിനിയമത്തിന്റെ സംരക്ഷണത്തിലാണ് മെയില്‍ ചോര്‍ത്തലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിയമത്തിന്റെ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ഏതുപൗരന്റെയും മൊബൈല്‍, ഇലക്ട്രോണിക് വിനിമയങ്ങള്‍ തൊട്ട് പേഴ്‌സനല്‍ കമ്പ്യൂട്ടറുകളില്‍ വരെ ഒരു വാറന്റും നോട്ടീസുമില്ലാതെ കയറാം. ആഭ്യന്തര സെക്രട്ടറിയോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോ അറിയാതെ ചോര്‍ത്തല്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പോലീസ് ഡിപ്പാര്‍്ട്ട്‌മെന്റിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് വരും ദിനങ്ങളില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ സര്‍ക്കാറോ മുസ്‌ലിം സംഘടനകളോ പ്രതികരിച്ചിട്ടില്ല.
Kerala news in English