ദിവസവും ഒന്നില്‍ കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് നമുക്ക് ചുറ്റം ഉണ്ടാവുന്നത്. ഓരോ ദിവസവും ഓരോ തരത്തില്‍ നമുക്ക് ചുറ്റും ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സൈബര്‍ സെല്‍ വിഭാഗം.
ഈ സൈബര്‍ സെല്ലിന് മുന്നിലെത്തുന്ന വിവിധ കേസുകളെ അടിസ്ഥാനമാക്കിയുള്ള ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു ചിത്രമാണ് ഓപ്പറേഷന്‍ ജാവ.
നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്തിരിക്കുന്നത്. യുവ താരങ്ങളായ ലുഖ്മാന്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ വിനായകന്‍, ഇര്‍ഷാദ്, ബിനു പപ്പു, മാത്യു തോമസ്, ഷൈന്‍ ടോം ചാക്കോ, അലക്‌സാണ്ടര്‍ പ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. പറയത്തക്ക വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഓപ്പറേഷന്‍ ജാവയ്ക്ക് ഇല്ല. പക്ഷേ ശക്തമായ തിരക്കഥയും മേക്കിംഗും കൊണ്ട് 2021 ലെ ആദ്യ തിയേറ്റര്‍ ഹിറ്റ് ആവാന്‍ സാധ്യതയുള്ള ചിത്രമാണ് ഓപ്പറേഷന്‍ ജാവ.
ചിത്രത്തിനെ കുറിച്ച് പറയുന്നതിന് മുമ്പ്. പൊതുവെ മലയാള സിനിമയില്‍ സൈബര്‍ ക്രൈം, ഹാക്കിംഗ് തുടങ്ങിയവയെ കുറിച്ചൊക്കെ പറയുമ്പോള്‍ കാണിക്കുന്ന സ്ഥിരം ചില ദൃശ്യങ്ങള്‍ ഉണ്ട്. പച്ച സ്‌ക്രീന്‍ ഹാക്കിംഗ്, ടൈമര്‍, ടെന്‍ഷന്‍ അടിച്ച് പാസ്‌വേര്‍ഡ് ‘ബുദ്ധി’ കൊണ്ട് കണ്ടെത്തുന്ന സീനുകളൊക്കെ. ഇത്തരം ക്ലീഷേകള്‍ ഒന്നും തന്നെയില്ലാതെയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. അതിന് അണിയറ പ്രവര്‍ത്തകര്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
2014 – 2016 കാലഘട്ടത്തിലാണ് ചിത്രത്തിന്റ കഥ നടക്കുന്നത്. റിയലായി നടന്നിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തരുണ്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ തുടങ്ങി പലപ്പോഴായി സൈബര്‍ സെല്‍ കണ്ടെത്തിയ കേസുകളാണ് ചിത്രത്തിന് ആധാരം.
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാകുമ്പോള്‍ തന്നെ ആ യോണറിലേക്ക് മാത്രമായി ചിത്രത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. കാരണം ഇതില് ത്രില്ലര്‍ എലമെന്റ് വരുന്നുണ്ട്, ഇമോഷന്‍സിന് പ്രാധാന്യം ഉണ്ട്, ഒരു ലൗ ട്രാക്ക് ഉണ്ട്, കോമഡി വരുന്നുണ്ട്, ഒരു പാട് ആളുകളുടെ ജീവിതം കാണിക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ പേര്‍സണല്‍ ജീവിതവും ഇമോഷന്‍സും കാണിക്കുമ്പോള്‍ തന്നെ സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തെ അത് ഒട്ടും ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെ തന്നെയാണ്.
ആന്റണി (ബാലു വര്‍ഗീസ് ), വിനയ് ദാസന്‍ (ലുക്മാന്‍ ), എന്നീ ബി ടെക് കഴിഞ്ഞു തൊഴില്‍രഹിതരായി നടക്കുന്ന രണ്ടു ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റ കഥ വികസിക്കുന്നത്. സാധാരണ രണ്ട് കൂട്ടുകാരുടെ കഥ പറയുമ്പോള്‍ ഒരാള്‍ മണ്ടനും മറ്റെയാള്‍ ബുദ്ധിമാനും ആയിട്ടൊക്കെയാണ് മലയാള സിനിമകളില്‍ കാണിക്കാറുള്ളത്.
എന്നാല്‍ ഓപ്പറേഷന്‍ ജാവയില്‍ രണ്ട് പേര്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ ബാലുവിനും ലുക്മാനും മികച്ച മുഹുര്‍ത്തങ്ങള്‍ ചിത്രത്തില്‍ തരാനായിട്ടുണ്ട്. അതി ഗംഭീരമായിട്ട് തന്നെ ചിത്രത്തില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും നമ്മുടെ ഉള്ളില്‍ ഉണ്ടാവും. എടുത്ത് പറയേണ്ടത് ചിത്രത്തിലെ ക്യാമറയും എഡിറ്റിംഗും സംഗീതവുമാണ്. ഫെയ്‌സ് സിദ്ദിഖ് ആണ് ക്യാമറ, നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്. ത്രില്ലര്‍ മൂഡിനെ ഉയര്‍ത്താന്‍ ക്യാമറയും എഡിറ്റിംഗും വലിയ സഹായമാണ് ചിത്രത്തിന് നല്‍കിയത്.
ജേക്‌സ് ബിജോയിയുടെ മ്യൂസിക്കും ഗാനങ്ങളും മികച്ചതായിരുന്നു. ചിത്രത്തില്‍ ഒരു റാപ്പ് സോംഗും വരുന്നുണ്ട്. അതേസമയം ചെറിയ ചെറിയ പോരായ്മകളും ഫീല്‍ ചെയ്തിട്ടുണ്ട്. സിനിമയിലെ ഒരു ഇന്‍വെസ്റ്റിഗേഷനില്‍ അതായത് ബാലു വര്‍ഗീസിന്റെ അന്റണി എന്ന കഥാപാത്രം ഇന്റിപെന്റന്റായി അന്വേഷിക്കുന്ന കേസിലെ ചില വഴിത്തിരിവുകള്‍ ക്ലീഷേ ആയിട്ടും അതേപോലെ ലോജിക് ഇല്ലാതെയും ഫീല്‍ ചെയ്തു.
ചിത്രം സമര്‍പ്പിച്ചത് താല്‍ക്കാലിക ജീവനക്കാരയി ജോലി നോക്കുന്ന ആളുകള്‍ക്കാണ്. ഈ ഒരു ബേസിക് പ്ലോട്ടിനെ ഡവലപ്പ് ചെയ്ത് കൃത്യമായി അവസാനിപ്പിക്കാന്‍ സംവിധായകന് ആയിട്ടുണ്ട്. എന്നാലും ക്ലൈമാക്‌സ് ചെറുതായി പ്രെഡിക്റ്റബിള്‍ ആയിരുന്നു.
ചിത്രം കണ്ടിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് കുമ്പളങ്ങി നൈറ്റ്‌സിലെയും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലുടെയും ഒക്കെ ഫെയിമസ് ആയ മാത്യുവിനെ കുറിച്ചുള്ള ഒരു ട്രോള്‍ ആയിരുന്നു. ചെക്കന്റെ തലവട്ടം കണ്ടാല്‍ ചിത്രം ഹിറ്റാവും എന്ന്….. ശരിയാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Malayalam new movie Operation Java Film Review