പാട്ടില്ലെങ്കിലും പടം ഓടും
അഞ്ജന പി.വി.

സിനിമകള്‍ക്ക് പൂര്‍ണത ലഭിക്കണമെങ്കില്‍ കുറച്ച് പാട്ടും ഡാന്‍സും ഒക്കെ ഉണ്ടാകണം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ മലയാളത്തില്‍ പാട്ടുകളില്ലാതെ ഇറങ്ങിയ സിനിമകളുമുണ്ട്. ഇത്തരത്തില്‍ പാട്ടുകളില്ലാതെ തന്നെ ശ്രദ്ധിക്കപ്പെട്ട ചില മലയാളം സിനിമകളെ കുറിച്ച് പരിശോധിക്കാം

മറ്റേത് ഭാഷയിലേയും പോലെ പാട്ടുകളൊന്നും ഇല്ലാതെ തന്നെയാണ് മലയാളത്തിലും സിനിമകളുടെ തുടക്കം. 1928ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനില്‍ പാട്ടുകളൊന്നുമുണ്ടായിരുന്നില്ല. 1948ലിറങ്ങിയ നിര്‍മല എന്ന സിനിമയിലാണ് ആദ്യമായി പാട്ടുകള്‍ ഉള്‍പ്പെടുത്തിയത്. പിന്നീടങ്ങോട്ട് പാട്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. ഇപ്പോഴും ഒരു പരിധി വരെ ആ ട്രെന്റ് തന്നെയാണ് തുടരുന്നത്.

എന്നാല്‍ പാട്ടുകളൊന്നുമില്ലാതെയും ഒരുപാട് സിനിമകള്‍ ഇക്കാലയളവിനുള്ളില്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഹിറ്റായ സിനിമകളെയും അല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ ശ്രദ്ധേയമായ സിനിമകളുമാണ് ഇനി പറയുന്നത്.

സിനിമകളില്‍ ഗാനങ്ങള്‍ക്കധികം പ്രാധാന്യം കൊടുക്കാത്ത സമീപനമാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റേത്. അദ്ദേഹത്തിന്റെ സിനിമകളായ കൊടിയേറ്റം, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും എന്ന സിനിമകളിലും, മലയാള സിനിമയെ കാന്‍സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിലെത്തിച്ച എലിപ്പത്തായമെന്ന 1982ല്‍ ഇറങ്ങിയ ചിത്രത്തിലും പാട്ടുകള്‍ ഉണ്ടായിരുന്നില്ല.

ശ്രീനിവാസന്‍, രാമു കാര്യാട്ട് തുടങ്ങിയവര്‍ അഭിനയിച്ച് പി എ ബക്കര്‍ സംവിധാനം ചെയ്ത സംഘഗാനം എന്ന സിനിമയിലും പാട്ടുകളിലെന്നതാണ് സത്യം. അമൃതം ഗമയ എന്ന മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രവും ഒരു പാട്ടുപോലും ഇല്ലാതെയാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. എം ടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ തിലകന്‍, ഗീത, പാര്‍വതി എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

മലയാളികളെ ത്രില്ലടിപ്പിച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരിസായ സി.ബി.ഐ സീരീസില്‍ ഒരു പാട്ടുപോലും ഇല്ല എന്നതാണ് കൗതുകരമായ വസ്തുത. ഒരു സി.ബി.ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ നേരറിയാന്‍ സിബിഐ എന്ന സിനിമകളിലെ പശ്ചാത്തല സംഗീതം പോപ്പുലര്‍ ആയിരുന്നെങ്കിലും പാട്ടുകളൊന്നും ഇല്ലായിരുന്നു.

എസ് എന്‍ സ്വാമിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പെരുമാള്‍ എന്ന മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ആഗസ്ത് 1 എന്ന സിനിമയും ഇത്തരത്തിലുള്ളതാണ്. 200ഓളം ദിവസങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്ന സാമ്രാജ്യം എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രത്തിലും പാട്ടുകളുടെ അഭാവം ഉണ്ടായിരുന്നു. ജോമോന്‍ സംവിധാനം ചെയ്ത സിനിമ ഒരു കള്‍ട് സ്റ്റാറ്റസിലേക്ക് ഉയര്‍ന്നിരുന്നു. അലക്സാണ്ടര്‍ എന്ന ശക്തനായ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിച്ചത്.

ഐ.വി. ശശി സംവിധാനം ചെയ്ത് ടി ദാമോദരന്‍ തിരക്കഥ എഴുതിയ സിനിമയാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ ആവനാഴി എന്ന 1986ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു. ചിത്രത്തിലും പാട്ടുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

പാട്ടുകളില്ലാതെ ഹിറ്റായ മലയാളച്ചിത്രങ്ങളില്‍ കുറച്ചധികമുള്ളത് സുരേഷ് ഗോപിയുടെ പേരിലാണ്. സുരേഷ് ഗോപിയുടെ’ഓര്‍മ്മയുണ്ടോ ഈ മുഖം’ ഹിറ്റ് ഡയലോഗ് ഉള്ള കമ്മിഷണര്‍ എന്ന സിനിമയാണ് മറ്റൊന്ന്. 1994ലെ ഏറ്റവും വലിയ ഹിറ്റ് ആയ ഈ ചിത്രത്തില്‍ ശോഭന, രതീഷ്, വിജയരാഘവന്‍ എന്നിവരും അഭിനയിച്ചു തിളങ്ങിയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ആയ എകഞ എന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രത്തിലും പാട്ടുകളുണ്ടായിരുന്നില്ല. സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളായ ക്രൈം ഫയല്‍ , ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമകളിലും ഇത്തരത്തില്‍ പാട്ടുകളുണ്ടായിരുന്നില്ല.

അടുത്തത് ഒരു ചെറുപുഞ്ചരി എന്ന സിനിമയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. വൃദ്ധദമ്പതികളുടെ കഥ പറഞ്ഞ, മലയാളികള്‍ക്ക് ഒരുപാടിഷ്ടപ്പെട്ട ചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മല ശ്രീനിവാസനും അഭിനയിച്ച ഈ എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

ഇനി ഏറ്റവും റീസന്റായി ഇറങ്ങിയതില്‍ പാട്ടുകളില്ലാത്ത കുറച്ച് ഹിറ്റ് സിനിമകളെ കുറിച്ച് പറയാം. ഈ മ യൗ, സി യൂ സൂണ്‍, അഞ്ചാം പാതിര, ജോജി എന്നിവയാണ് ഇക്കൂട്ടത്തില്‍ ചിലത്.


Content Highlight : Malayalam Movies Without Songs