എന്റെ സിനിമ തിയറ്ററിലാണ് റിലീസ് ചെയ്യേണ്ടത്, അതൊരു ലോകമാണ്: ഉദയകൃഷ്ണ
Entertainment
എന്റെ സിനിമ തിയറ്ററിലാണ് റിലീസ് ചെയ്യേണ്ടത്, അതൊരു ലോകമാണ്: ഉദയകൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd December 2020, 5:37 pm

തിയറ്ററുകളോടുള്ള തന്റെ അഭിനിവേശവും ഇഷ്ടവും തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. തിയറ്റര്‍ ഒരു ലോകമാണെന്നും അതിന്റെ പള്‍സ് മറക്കാനാകില്ലെന്നും പറഞ്ഞ ഉദയകൃഷ്ണ തന്റെ സിനിമ തിയറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്നും പറഞ്ഞു. പുതിയ ചിത്രമായ മോഹന്‍ലാല്‍ നായകനായ ആറാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ സിനിമ തിയറ്ററിലാണ് റിലീസ് ചെയ്യേണ്ടത്. എനിക്ക് ജനങ്ങളോടൊപ്പമിരുന്ന് സിനിമ കണ്ട് ആസ്വദിക്കണമെന്നാണ് ആഗ്രഹം. അതൊരു ലോകമാണ്. ആ ലോകമാണ് കണ്ടുശീലിച്ചിരിക്കുന്നത്. ആ ലോകമാണ് എനിക്കിഷ്ടം. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ നമ്മുടെ ചിരിയും കയ്യടിയും കൂക്കുവിളികളും ചേരുമ്പോഴുള്ള ഓളം വേറെ കിട്ടില്ല. ആ തിയറ്റര്‍ പള്‍സ് മറക്കാനാകില്ല.’ ഉദയകൃഷ്ണ പറഞ്ഞു.

ആറാട്ടാണ് ഉദയകൃഷ്ണയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പുലി മുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്.

ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam movie writer Udhayakrishna about theatres and OTT platforms